ലണ്ടന്‍: യുകെയിലെ ആണവനിലയങ്ങള്‍ക്കും എന്‍എച്ച്എസിനും കുടിവെള്ള, വൈദ്യുതി നെറ്റ്‌വര്‍ക്കിനും റഷ്യന്‍ സൈബര്‍ ആക്രമണ ഭീഷണിയെന്ന് വിലയിരുത്തല്‍. ടോറി ചെയര്‍മാന്‍ ബ്രാന്‍ഡന്‍ ലൂയിസ്, ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ഇലക്ട്രിസിറ്റി ഗ്രിഡിനു നേരെയുണ്ടാകാനിടയുള്ള ഏതാക്രമണവും ചെറുക്കാന്‍ ഗവണ്‍മെന്റ് അതീവ ജാഗ്രത പുലര്‍ത്തുകയാണെന്ന് ബ്രാന്‍ഡന്‍ ലൂയിസ് ഐടിവി എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റണുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്‍എച്ച്എസ്, ഇലക്ട്രിസിറ്റി ഗ്രിഡ് എന്നിവയില്‍ റഷ്യ ആക്രമണം നടത്തുമെന്ന ഭീതിയില്‍ എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും എന്ന ചോദ്യത്തിന് ബ്രിട്ടീഷുകാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു മറുപടി. ഗവണ്‍മെന്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും ലൂയിസ് പറഞ്ഞു. രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കെതിരെ റഷ്യ സൈബര്‍ ആക്രമണം നടത്താനിടയുണ്ടെന്ന് ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. എന്നാല്‍ അത്തരം ആക്രമണ ഭീഷണികള്‍ക്കെതിരെ ശക്തമായ തയ്യാറെടുപ്പുകളാണ് രാജ്യം നടത്തിയിരിക്കുന്നതെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.

റഷ്യക്കെതിരെ കൂടുതല്‍ നടപടികളും ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി ആലോചിക്കുന്നതായാണ് പുതിയ വിവരം. ബ്രിട്ടീഷ് നടപടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന റഷ്യന്‍ രീതി പരിഗണിച്ചാല്‍ അടുത്ത ലക്ഷ്യം ബ്രിട്ടീഷ് എനര്‍ജി കമ്പനികള്‍, ബാങ്കുകള്‍, വാട്ടര്‍ കമ്പനികള്‍, ഗ്യാസ് വിതരണക്കാര്‍, എന്‍എച്ച്എസ് എന്നിവയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബ്രിട്ടീഷ് പവര്‍ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് ഇന്‍ലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ലോയ്ഡ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍, വാട്ടര്‍ യുകെ മുതലായവ റഷ്യയുടെ അടുത്ത നടപടി എന്തായിരിക്കുമെന്നത് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായിച്ചേര്‍ന്ന് വിലയിരുത്തി വരികയാണ്.