ന്യൂസ് ഡെസ്ക്, മലയാളം യുകെ
വോൾവർഹാംപ്ടണിൽ വീടിന് തീപിടിച്ച് രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അറിയിച്ച പ്രകാരം, സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ മരണത്തിന് കാരണമായതായോ അതിന് വഴിവെച്ചതായോ സംശയിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇപ്പോൾ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ് . സമീപവാസികൾ കുട്ടികളെക്കുറിച്ച് അനുസ്മരണങ്ങൾ പങ്കുവെക്കുകയും, കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

മേസൺ സ്ട്രീറ്റിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി ഏകദേശം 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനയും അടിയന്തര സേവനങ്ങളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീടിനുള്ളിലേക്ക് കയറിയ ഫയർഫോഴ്‌സ് ജീവനക്കാർ കുട്ടികളെ പുറത്തെടുത്തെങ്കിലും, ഒരു വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് ആൺകുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളും നേരത്തെ പുറത്തേക്കിറങ്ങിയിരുന്നു. ഇവരെ ആംബുലൻസ് സംഘങ്ങൾ പരിശോധിച്ചെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായില്ല. തീപിടിത്തം ഉണ്ടായ വീടിന് ഗൗരവമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. പൊലീസ് സ്ഥലത്ത് സുരക്ഷാ വലയം ഏർപ്പെടുത്തി ഫോറൻസിക് പരിശോധനകളും തെളിവെടുപ്പും തുടരുകയാണ്. തീപിടിത്തത്തിന് പിന്നിൽ എന്തെങ്കിലും സംശയാസ്പദമായ സാഹചര്യങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം, വീടിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും, ബന്ധപ്പെട്ട എല്ലാവരോടും സഹകരണം അഭ്യർത്ഥിക്കുന്നതായും പൊലീസ് വ്യക്തമാക്കി.











Leave a Reply