സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം സമ്മതിച്ചു. തലസ്ഥാനമായ ഹരാരെയിലെ ‘മോനുമെന്റ് ഫോര്‍ നാഷണല്‍ ഹീറോസി’ല്‍ മുഗാബെയുടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം. അതേസമയം എന്നായിരിക്കും സംസ്‌കാരം എന്ന കാര്യം അവ്യക്തമാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

95കാരനായ മുഗാബെ സെപ്റ്റംബര്‍ ആറിന് സിംഗപ്പൂരിലാണ് മരിച്ചത്. 30 വര്‍ഷം പ്രസിഡന്റായും അതിന് മുമ്പ് ഏഴ് വര്‍ഷം പ്രധാനമന്ത്രിയായും തുടര്‍ച്ചായി സിംബാബ്‌വെയുടെ ഭരണം നിയന്ത്രിച്ച റോബര്‍ട്ട് മുഗാബെയുടെ ഭരണം അവസാനിച്ചത് 2017ലാണ്. പട്ടാള അട്ടിമറിയിലാണ് മുഗാബെ പുറത്തായത്.

പ്രസിഡന്റ് എമേഴ്‌സണ്‍ നാന്‍ഗാഗ്വയും കുടുംബവും സംസ്‌കാരത്തിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായിരുന്നു. നാന്‍ഗാഗ്വ തുടക്കത്തില്‍ മുഗാബെയുടെ അനുയായി ആയിരുന്നു. പിന്നീട് കടുത്ത എതിരാളിയായി മാറി. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് എതിരായ സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് റോബര്‍ട്ട് മുഗാബെ. എന്നാല്‍ പിന്നീട് മൂന്നര പതിറ്റാണ്ടിലധികം അധികാരത്തിലിരുന്ന മുഗാബെയുടെ ഭരണം ഏകാധിപത്യ സ്വഭാവമുള്ളതാണ് എന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.

സ്വകാര്യ ചടങ്ങായിരിക്കുമോ, അതോ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മുഗാബെയുടെ ജന്മസ്ഥലമായ കുടാമയില്‍ സ്വകാര്യ ചടങ്ങില്‍ സംസ്‌കരിക്കുമെന്നായിരുന്നു കുടുംബം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഗവണ്‍മെന്റ് താല്‍പര്യം ഇപ്പോള്‍ കുടുംബം അംഗീകരിച്ചിരിക്കുകയാണ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ക്യൂബന്‍ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ദക്ഷിണാഫ്രിക്കയിലെ സിറില്‍ റമാഫോസയടക്കം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.