ലണ്ടന്‍ മേയര്‍ പിയേഴ്‌സ് മോര്‍ഗനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗുഡ്‌മോര്‍ണിംഗ് ബ്രിട്ടന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍. തന്റെ ടിവി ഷോയില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഒളിച്ചുകളി അവസാനിപ്പിക്കാനും മോര്‍ഗന്‍ സാദിഖ് ഖാനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ ലണ്ടന്‍കാര്‍ക്ക് യാതൊരു സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും മോര്‍ഗന്‍ സാദിഖ് ഖാനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. കഴിഞ്ഞ വീക്കെന്‍ഡില്‍ ലണ്ടനിലുണ്ടായ അക്രമ സംഭവങ്ങളിലാണ് മേയര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. വെടിവെപ്പും കത്തിക്കുത്തും ഉള്‍പ്പെടെയുള്ള ആക്രമണങ്ങളാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. ഇവയില്‍ ഒരു 17 കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. സൗത്ത്വാര്‍ക്കില്‍ വെച്ച് വെടിയേറ്റ് മരിച്ച നിലയിലാണ് റെയ്‌ഹെയിം എയിന്‍സ്വര്‍ത്ത് ബാര്‍ട്ടന്‍ എന്ന പതിനേഴുകാരനെ കണ്ടെത്തിയത്.

ഹാരോയില്‍ മാതാപിതാക്കളുമൊത്ത് നടക്കുകയായിരുന്ന 13 കാരന്റെ തലക്ക് വെടിയേറ്റിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു 15 കാരന് നേര്‍ക്കുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഈ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു. 2018 തുടക്കം മുതല്‍ ലണ്ടനില്‍ അക്രമസംഭവങ്ങള്‍ പെരുകി വരികയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ 24 മണിക്കൂറോളം നീളുന്ന അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അക്രമങ്ങള്‍ തടയാന്‍ എല്ലാവിധത്തിലുള്ള നടപടിയും സ്വീകരിക്കുമെന്ന് മേയര്‍ പ്രതികരിച്ചിരുന്നു. അക്രമ സംഭവങ്ങളെ താന്‍ അപലപിക്കുകയാണെന്നും മേയര്‍ പറഞ്ഞു.

ലണ്ടന്‍ വാസികളുടെ സുരക്ഷയാണ് തന്റെ പ്രഥമ പരിഗണനയെന്നും മെട്രോപോളിറ്റന്‍ പോലീസുമായി താന്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും മേയര്‍ വ്യക്തമാക്കി. അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലീസ് എല്ലാ പരിശ്രമവും നടത്തി വരികയാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും സാദിഖ് ഖാന്‍ വ്യക്തമാക്കി.