മുൻ എംഎൽഎയും ജനപക്ഷത്തിന്റെ നേതാവുമായ പിസി ജോർജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്ന പിസി ജോർജ്ജിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.

മുസ്ലീങ്ങൾ അവരുടെ ജനസംഘ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ്ജ് ആരോപിച്ചിരുന്നു. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു വിദ്വേഷ പരാമർശം നടത്തിയത്.

ജോർജ് പറഞ്ഞത് പോലൊരു ഹോട്ടൽ ഇല്ല എന്നത് നമുക്കറിയാം എന്നും, ഇനി പതിറ്റാണ്ടുകൾക്ക് മുമ്പ് അങ്ങനെയൊരു ഹോട്ടൽ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്ന് പിസി ജോർജിന്റെ മാതാപിതാക്കൾ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുന്നു എന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി.സി. ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. ആ പ്രസംഗത്തിന്റെ വിഡിയോ ഈ വാളിൽ ഇട്ട് കൂടുതൽ പ്രചാരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് ഒഴിവാക്കുന്നത്. #IndiaAgainstHate

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റിൽ നില്ക്കുവാൻ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബൽ ഒരു ലൈസൻസാക്കി മാറ്റിയിരിക്കുന്നു ജോർജ്ജ്.
തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വർഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.
‘മുസ്ലിംഗളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു തുള്ളി ഒഴിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ല’ impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാൻ പോവുകയാണ്”
എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിൽ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.