മലയാളസിനിമാ രംഗത്ത് ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനിന്നു പോന്ന സംഘടനയാണു ഈ അസോസിയേഷന്‍. 2000-ത്തിനു ശേഷം മലയാള സിനിമാ രംഗം കടന്നു പോന്ന പ്രതിസന്ധി ഘട്ടങ്ങള്‍ പലതും ഈ സംഘടനയും സിനിമാ വ്യവസായത്തിലെ മറ്റു ഘടകസംഘടനകളും തമ്മിലുള്ള ഏറ്റു മുട്ടലില്‍ നിന്ന് ജനിച്ചതായിരുന്നു. ആദ്യകാലത്ത് മലയാള സിനിമാ രംഗത്തെ പ്രതിനിധാനം ചെയ്തിരുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്ന കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സുമായി ഉണ്ടായ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ, സിനിമാതാരങ്ങള്‍ക്ക് ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന രീതിയിലാണു കാണപ്പെട്ടത്.

2002-ല്‍, മലയാള ചലച്ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയും, സിനിമാ തിയേറ്ററുകള്‍ അടച്ചു പൂട്ടപ്പെടാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ആശങ്കാകുലരായ ഫിലിം ചേംബര്‍, നടീനടന്മാര്‍ ഗള്‍ഫ് പരിപാടികളിലും ചാനല്‍ പരിപാടികളിലും പങ്കെടുക്കണമെങ്കില്‍ ചേംബറിന്റെ അനുവാദം വാങ്ങണമെന്ന് പ്രഖ്യാപിച്ചു. അല്ലാത്തപക്ഷം അവരെ ചേംബര്‍ ‘ബാന്‍’ ചെയ്യുമെന്നും.

ഇതിനെതിരെ അസ്സോസിയേഷന്‍ ആരംഭിച്ച പ്രക്ഷോഭം മലയാളസിനിമാ രംഗത്തെ മാസങ്ങളോളം സ്തംഭിപ്പിച്ചു. തുടര്‍ന്നുള്ള രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മലയാള സിനിമാ രംഗം തുടര്‍ച്ചയായ സ്തംഭനങ്ങളും സമരാഹ്വാനങ്ങളും തിയേറ്റര്‍ അടച്ചിടലുകളും ഷൂട്ടിങ് നിര്‍ത്തിവെക്കലുകളും കൊണ്ട് കലുഷിതമായിരുന്നു. ഡിസ്ട്രിബ്യൂട്ടര്‍മാരുടെ സംഘടനയും എക്‌സിബിറ്റര്‍മാരുടെ രണ്ടു സംഘടനകളുമെല്ലാം ഇതില്‍ സജീവമായ പങ്കു വഹിച്ചിരുന്നു. പ്രതിസന്ധി മറി കടക്കാന്‍ കെ.എസ്.എഫ്. ഡി.സി യും സര്‍ക്കാരും മുന്‍ കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തി.

ഏറെ സങ്കീര്‍ണ്ണമായിരുന്ന ആ കാലഘട്ടത്തിലാണു തിലകനും പൃഥിരാജും മീരാ ജാസ്മിനും ബാബുരാജുമെല്ലാം ആദ്യമായി അമ്മയുടെ അച്ചടക്ക നടപടി നേരിട്ടത്. എറണാകുളത്ത് ഹോട്ടല്‍ അബാദ് പ്ലാസയില്‍ രാത്രി വരെ നീണ്ട അസോസിയേഷന്റെ യോഗത്തില്‍ ഇവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇവര്‍ ‘ഖേദം പ്രകടിപ്പിച്ചു’ എന്ന് അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ ലാല്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

സിനിമാ രംഗത്തെ കാലുഷ്യങ്ങള്‍ പിന്നെയും തുടരുകയായിരുന്നു. താരസംഘടനയും ഫിലിം ചേംബറും തമ്മില്‍ ആദ്യത്തെ ഏറ്റുമുട്ടലിനൊടുവില്‍ ഉണ്ടാക്കിയ ധാരണയുടെ പേരിലായി പിന്നത്തെ പ്രശ്‌നങ്ങള്‍. ഷൂട്ടിങ് തുടങ്ങും മുമ്പ് ചേംബറുമായി അഗ്രിമെന്റ് ഉണ്ടാക്കണമെന്ന നിബന്ധനയ്‌ക്കെതിരായിട്ടാണു പിന്നെ അസോസിയേഷന്‍ സമരമുഖത്തിറങ്ങിയത്. വീണ്ടും സിനിമാ രംഗം സ്തംഭിച്ചു. ഈ വിഷയത്തില്‍ ചേംബറിനുള്ള പരമാധികാരം എടുത്തുകളയണമെന്ന ആവശ്യം ശരിയല്ലെന്നായിരുന്നു ആ സമയത്ത് സംവിധായകന്‍ വിനയനെടുത്ത നിലപാട്. അതിന്റെ പേരിലാണു അന്ന് താരസംഘടനയും വിനയനും ഏറ്റു മുട്ടിയത്.

അസ്സോസിയേഷന്റെ നിരോധനാജ്ഞ ലംഘിച്ച് തിലകനെയും പൃഥ്വിരാജിനെയും ക്യാപ്റ്റന്‍ രാജുവിനെയും ലാലു അലക്‌സിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ സിനിമയായ ‘സത്യം’ വിനയന്‍ അനൗണ്‍സ് ചെയ്തു. ആ പത്രസമ്മേളനത്തില്‍ വിനയനോടൊപ്പം പങ്കെടുത്ത പൃഥ്വിരാജ് അപ്രതീക്ഷിതമായി അസ്സോസിയേഷന്റെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടീച്ച് സംസാരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവ് സുകുമാരനെതിരെ നടന്ന വിലക്കിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടാണു ഇരുപത്തൊന്നു കാരനായിരുന്ന പൃഥ്വിരാജ് വികാരനിര്‍ഭരമായി സംസാരിച്ചത്.

‘സത്യ’ത്തെ തുടര്‍ന്ന് പൃഥ്വിരാജ് താരസംഘടനയുടെ വിലക്കു നേരിട്ട നാളുകളിലാണു വിനയന്റെ ‘അത്ഭുത ദ്വീപ്’ ഇറങ്ങിയത്. ‘അത്ഭുതദ്വീപി’ന്റെ വിജയത്തോടെ പൃഥ്വിരാജ് തിരിച്ചെത്തുകയായിരുന്നു. ഈ നാളുകളിലെല്ലാം നിശ്ശബ്ദമായി വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു ദിലീപ് എന്ന നടന്‍.

അസോസിയേഷനില്‍ ദിലീപിന്റെ നിയന്ത്രണവും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. 2008-ല്‍ ദിലീപ് തുളസീദാസുമായുണ്ടാക്കിയ കരാര്‍, വാങ്ങിയ 40 ലക്ഷം രൂപ തിരിച്ചു കൊടുക്കാതെ ലംഘിച്ചുവെന്ന തുളസീദാസിന്റെ പരാതിയില്‍ അന്ന് മാക്ട സെക്രട്ടറിയായിരുന്ന വിനയന്‍ ഇടപെട്ടു. അതോടെ മാക്ട പിളര്‍ക്കപ്പെടുകയും, ‘ഫെഫ്ക’ രൂപീകരിക്കപ്പെടുകയും ചെയ്തു. വിനയനും തുളസീദാസും ഒറ്റപ്പെട്ടു. വിനയനുമായി സഹകരിക്കാന്‍ തയ്യാറായ തിലകന്റെ വിധിയും മറ്റൊന്നായിരുന്നില്ല. പക്ഷെ, അപ്പോഴേക്കും ആദ്യകാലത്തെ അപേക്ഷിച്ച് പരസ്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന കാലം കഴിഞ്ഞിരുന്നു. അതിലും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. രേഖാപരമായ തെളിവുകള്‍ ശേഷിപ്പിക്കാതിരിക്കല്‍ പ്രധാനപ്പെട്ടതാണല്ലോ.

പതിറ്റാണ്ടുകളിലെ ഈ ചരിത്രമെടുത്തു നോക്കുമ്പോള്‍, ഘട്ടം ഘട്ടമായി മലയാള സിനിമാ രംഗത്തെ കൈപ്പിടീയിലൊതുക്കാനായി ഒരു സംഘടന ഉപയോഗിക്കപ്പെട്ടതിന്റെ നാള്‍വഴികള്‍ കാണാന്‍ കഴിയും. പ്രതിരോധിക്കാന്‍ എളുപ്പമല്ലാത്ത കോട്ടയാണു കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്നതെന്നും.

ഈ ഘടനയ്‌ക്കെതിരെ എത്ര ചെറിയ ശബ്ദം ഉയര്‍ത്തുന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല. എത്ര മാത്രം ‘പ്രിവിലേജ്ഡ്’ ആയവര്‍ക്കു പോലും. ഇതാണു നാം തിരിച്ചറിയേണ്ടത്. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ലെ, പൊതു സമൂഹത്തിനു ഇതിലും പ്രധാനപ്പെട്ട എന്തൊക്കെ വിഷയങ്ങളുണ്ട് എന്നും സംശയിക്കാം.

കോടികളുടെ ടേണോവര്‍ ഉള്ള വ്യവസായമാണു ചലച്ചിത്ര രംഗം. ഈ ലാഭം വരുന്നത് പൊതുജനങ്ങളില്‍ നിന്നും. മാത്രമല്ല, ഒരു സമൂഹത്തിന്റെ പൊതുവെയുള്ള അഭിരുചിയെ രൂപപ്പെടുത്തുന്നതില്‍ സിനിമ പോലെയുള്ള മാധ്യമത്തിന്റെ പങ്കും ചെറുതല്ല. അതു കൊണ്ടു തന്നെ ചലച്ചിത്രമേഖലയെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് പൊതുപ്രാധാന്യമുണ്ട്.

തൊണ്ണൂറുകളിലാണു മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ പ്രവര്‍ത്തനം തുടങ്ങുനത്. സംഘടനകളുടെ സാന്നിദ്ധ്യം ചലച്ചിത്രമേഖലയെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെപ്പറ്റി പഠനങ്ങള്‍ നടക്കുന്നുണ്ട്. സംഘടനകള്‍ക്ക് മുമ്പും ചലച്ചിത്രമേഖല നില നിന്നിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ എന്നത് ഒരു ചലച്ചിത്രവ്യവസായത്തെ സംബന്ധിച്ച് വലിയ കാലയളവൊന്നുമല്ല. പല തരത്തിലുള്ള അഴിച്ചു പണികള്‍ എല്ലാ മേഖലകളിലുമെന്ന പോലെ ഇവിടെയും ആവശ്യമാകാമല്ലോ.

അതു കൊണ്ടു തന്നെ മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ള സംഘടനാരൂപത്തിനെതിരെ ചെറുതെങ്കിലും ശക്തമായ ശബ്ദമുയര്‍ത്തിയ അഭിനേതാക്കള്‍ അനുമോദനമര്‍ഹിക്കുന്നു. ആന്നെത്തേതിലും പ്രതികരിക്കാനും ജനശ്രദ്ധ പിടിച്ചുപറ്റാനും നവമാധ്യമങ്ങൾ കൂട്ടിനുള്ളപ്പോൾ മാറ്റത്തിനു തുടക്കം കുറിക്കാന്‍ ചെറിയ ശബ്ദങ്ങള്‍ക്കാകട്ടെ