ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ‘പിറവി’ നെഞ്ചിലേറ്റി

ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ‘പിറവി’ നെഞ്ചിലേറ്റി
January 14 06:34 2018 Print This Article

ജോണ്‍സണ്‍ മാത്യൂസ്

ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ക്രിസ്തുമസ്, പുതുവത്സര ആഘോഷം ”പിറവി” ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം നാല് മണിക്ക് 100ല്‍ പരം സ്ത്രീകളെയും പെണ്‍കുട്ടികളെയും അണിനിരത്തി ഗുജറാത്തി പരമ്പരാഗത ഫോക്ക് ഡാന്‍സായ ദാണ്ടിയ നൃത്തത്തോട് ആരംഭിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി രാജീവ് തോമസ് വിശിഷ്ടാതിഥികള്‍ക്കും ക്രിസ്തുമസ് പാപ്പയായ അലന്‍ തോമസിനും സദസിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് സോനു സിറിയക്ക് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തയ്യാറാക്കിയ ക്രിസ്തുമസ് ട്രീയിലെ നക്ഷത്ര വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശേഷം മര്‍ത്തോമ്മാ സഭയുടെ മുന്‍ മണ്ഡലാംഗവും പ്രശസ്ത വാഗ്മിയുമായ ഷാബു വര്‍ഗ്ഗീസ് ക്രിസ്തുമസ് ദൂത് നല്‍കി.

ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസ്തുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച് കൈ കോര്‍ക്കുമ്പോളാണ് ക്രിസ്തുമസ് അതിന്റെ പരിപൂര്‍ണതയില്‍ എത്തുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുല്‍ക്കൂട് മത്സരത്തില്‍ ജെ ഡി ഡ്രൈവിംഗ് സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് പ്രസിഡന്റ് നല്‍കുകയുണ്ടായി.

തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നുവന്ന മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നുചെന്ന എല്ലാ മലയാളി ഭവനങ്ങങളിലെ അംഗങ്ങള്‍ക്കും പിറവിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് ജോജി കോട്ടക്കല്‍ നന്ദി അറിയിക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി ലിന്‍സി അജിത്ത്, ട്രഷറര്‍ മനോജ് ജോണ്‍സന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമയബന്ധിതമായി യോഗം ജൂലി മനോജ് നിയന്ത്രിച്ചു.

യുവജന പ്രതിനിധികളായ ആഗ്ന, സ്‌നേഹ, അലീന എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊച്ചു പെണ്‍കുട്ടികള്‍ അവതരിപ്പിച്ച അതീവ ഹൃദ്യവും നയന മനോഹരവുമായ മെഴുകുതിരി നൃത്തത്തോടെ പിറവിക്ക് ആരംഭം കുറിച്ചു. 70ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച ‘പിറവി’ നൃത്ത സംഗീത ശില്‍പവും ക്രിസ്തുമസ് പാപ്പാമാരുടെ നൃത്തവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി ക്രിസ്ത്യന്‍ നൃത്തരൂപമായ മാര്‍ഗ്ഗംകളിയും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ് ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവയാല്‍ പിറവി കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു സജി കുമാര്‍ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സ് സദസിനെ ഇളക്കി മറിച്ചു.

പിറവി വന്‍ വിജയമാക്കി തീര്‍ക്കുവാനായി അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും പ്രോഗ്രാം കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം ജെറി, സാം, ജസ്റ്റിന്‍, തോമസ്, സണ്ണി, ബൈജു എന്നിവരുടെ നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ അംഗങ്ങളും അതിഥികളും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിലും കാതിലും കരളിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് പിറവിയെന്ന് അഭിപ്രായപ്പെട്ടു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles