ബിസിസിഐ പ്രസിഡന്റായി ഇന്ത്യയുടെ മുന്‍ നായകന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലി എത്തുന്നതോടെ അങ്കലാപ്പിലാകുന്നവരില്‍ പ്രധാനമായൊരാള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയായിരിക്കും. 2016 കാലഘട്ടത്തില്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ കുംബ്ലെയെ പരിശീലകനാക്കി നിശ്ചയിച്ചപ്പോള്‍ അന്ന് പരിഗണിക്കാതിരുന്നതിന് രവി ശാസ്ത്രി, ഗാംഗുലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുതിയ സ്ഥാനലബ്ധിയോടെ ശാസ്ത്രിയ്ക്ക് മുകളിലായ ഗാംഗുലി അന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പക വീട്ടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അന്ന് ഡങ്കന്‍ ഫ്ളെച്ചറിന് ശേഷം പുതിയ പരിശീലകനെ അന്വേഷിക്കുകയായിരുന്നു ഇന്ത്യ. ടീം ഡയറക്ടറായി മികവ് കാട്ടിയ ശാസ്ത്രി മുഖ്യ പരിശീലകനാവുമെന്ന് ഏവരും കരുതി. പക്ഷെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ഉപദേശക സമിതി അനില്‍ കുംബ്ലൈയെ തിരഞ്ഞെടുത്തു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.

ഗാംഗുലി, ലക്ഷ്മണ്‍, സച്ചിന്‍, സഞ്ജയ് ജഗ്ദാലെ എന്നിവര്‍ ചേര്‍ന്ന് അവസാനവട്ട അഭിമുഖം നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. കുംബ്ലൈയ്ക്കായി ഗാംഗുലി വാദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ വേളയില്‍ പുറത്തു വന്നതോടെ ശാസ്ത്രി പൊട്ടിത്തെറിച്ചു. തന്റെ പ്രസന്റേഷന്‍ സമയത്ത് ഗാംഗുലിയുണ്ടായിരുന്നില്ലെന്ന് ആരോപിച്ച ശാസ്ത്രി, ബിസിസിഐയുടെ ചട്ടങ്ങളെ ഇദ്ദേഹം കാറ്റില്‍ പറത്തുകയാണെന്ന് പരാതിപ്പെട്ടു. പിന്നാലെ ശാസ്ത്രിക്ക് മറുപടിയുമായി ഗാംഗുലിയുമെത്തി.

ഒപ്പം മുഖ്യ പരിശീലകനാവാന്‍ കഴിയാത്തതിന് കാരണം താനാണെന്ന രവി ശാസ്ത്രിയുടെ ആരോപണത്തെയും ഗാംഗുലി കണക്കിന് പരിഹസിച്ചു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പേ ബിസിസിഐ ഇടപെട്ടു രണ്ടു പേരെയും നിശ്ശബ്ദരാക്കി. എന്തായാലും ആഗ്രഹിച്ചതു പോലെ തൊട്ടടുത്ത വര്‍ഷം, 2017 -ല്‍ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് അനില്‍ കുംബ്ലൈ മുമ്പേ സ്ഥാനം ഒഴിയുകയായിരുന്നു.

നിലവില്‍ 2021 ട്വന്റി-20 ലോക കപ്പു വരെ രവി ശാസ്ത്രിയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ശാസ്ത്രി ടീമിന്റെ പരിശീലകനാകുന്നത്. എന്നാല്‍ ഗാംഗുലി വിചാരിച്ചാല്‍ ശാസ്ത്രിയെ അനായാസം ഇനി പുറത്താക്കാനാകും. പഴയ സംഭവവികാസങ്ങള്‍ ഗാംഗുലിയെ അത്തരത്തില്‍ കടുത്ത നടപടിയ്ക്ക് പ്രേരിപ്പിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.