ലണ്ടന്‍: യുകെയുടെ ബഹിരാകാശ വ്യവസായം വളര്‍ച്ചയിലേക്ക്. ആഗോള ബഹിരാകാശ വ്യവസായം 400 ബില്യന്‍ പൗണ്ട് മൂല്യത്തിലേക്ക് ഉയരുമ്പോള്‍ അതില്‍ 40 ബില്യന്‍ പൗണ്ടിന്റെ വിഹിതം ബ്രിട്ടന്റേതാകുമെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ വാര്‍ത്താവിനിമയത്തിന് ഉപകരിക്കുന്ന വിധത്തില്‍ ഗൂണ്‍ഹില്ലി ഓണ്‍ കോണ്‍വാളിലെ ലിസാര്‍ഡ് ഉപദ്വീപിലെ സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷന്‍ സെന്റര്‍ പരിഷ്‌കരിക്കുകയാണെന്ന് അടുത്തിടെയാണ് പ്രഖ്യാപനമുണ്ടായത്. നോര്‍ത്ത് കോണ്‍വാളിലെ ന്യൂക്വേ വിമാനത്താവളം ബ്രിട്ടന്റെ ആദ്യത്തെ സ്‌പേസ്‌പോര്‍ട്ടായി വികസിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു.

2025ഓടെ ആയിരത്തോളം പുതിയ തൊഴിലവസരങ്ങളാണ് ഇതോടനുബന്ധിച്ച് ഒരുങ്ങുന്നത്. സ്‌പേസ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ, എന്‍ജിനീയറിംഗ് മേഖലയിലായിരിക്കും പ്രധാനമായും ഈ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്. ഇതിനോട് അനുബന്ധമായി 8000 അധിക തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കോണ്‍വാളിന്റെ ലോക്കല്‍ എന്റര്‍പ്രൈസ് പാര്‍ട്‌നര്‍ഷിപ്പ് ആണ് ഈ പുതിയ സ്‌പേസ് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്.

കോണ്‍വാളിനെ ഒരു സ്‌പേസ് ഇന്‍ഡസ്ട്രി കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ടിം ബാഗ്‌ഷോ പറഞ്ഞു. വാര്‍ത്താവിനിമയം, എന്റര്‍ടെയിന്‍മെന്റ്, നാവിഗേഷന്‍, കാലാവസ്ഥാ ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ ബഹിരാകാശ ശാസ്ത്രത്തിന് സ്വാധീനമുണ്ട്. പുതിയ പദ്ധതി മനുഷ്യരാശി നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.