ബ്രെക്‌സിറ്റിന്റെ അവിഭാജ്യ ഘടകമാണ് ഐറിഷ് ബാക്ക്‌സ്‌റ്റോപ്പെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍. അതിര്‍ത്തിയിലെ ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കാന്‍ പ്രായോഗികമായ ഒരേയൊരു പരിഹാരം ബാക്ക്‌സ്റ്റോപ്പ് മാത്രമാണെന്ന് അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 18 മാസത്തോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിഞ്ഞ ബ്രെക്‌സിറ്റ് കരാര്‍ ഈ മാസം ആദ്യം ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയിരുന്നു. ബാക്ക്‌സ്‌റ്റോപ്പായിരുന്നു ബ്രിട്ടീഷ് എംപിമാര്‍ നിരാകരിച്ച ഏറ്റവും പ്രധാന വ്യവസ്ഥ. ഇതിനു പകരം വ്യവസ്ഥ രൂപീകരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്താനാണ് പ്രധാനമന്ത്രി തെരേസ മേയെ ബ്രിട്ടീഷ് പാര്‍ലമെന്റ് മറ്റൊരു വോട്ടിലൂടെ നിയോഗിച്ചിരിക്കുന്നത്.

മാര്‍ച്ച് 29നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ സുഗമമായ സഞ്ചാരത്തിനും ചരക്കു ഗതാഗതത്തിനും ചുവപ്പുനാടയൊഴിവാക്കുന്നതിനാണ് ഒരു ഇന്‍ഷുറന്‍സ് പോളിസിയെന്ന നിലയില്‍ ബാക്ക്‌സ്‌റ്റോപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫലത്തില്‍ ഇത് യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ ബ്രിട്ടനെ നിലനിര്‍ത്തുകയും ചെയ്യും. സിംഗിള്‍ മാര്‍ക്കറ്റിന്റെ ചില നിയമങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അംഗീകരിക്കുന്നതിനാലാണ് ഇത്. ഇതാണ് പ്രധാനമായും തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് എംപിമാരുടെ പിന്തുണ ലഭിക്കാതിരിക്കാന്‍ കാരണമായത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രധാനമായ ഒരു ബില്‍ ഭരണപക്ഷത്തുള്ള എംപിമാരുടെയുള്‍പ്പെടെ പിന്തുണയോടെ മൃഗീയ ഭൂരിപക്ഷത്തില്‍ തള്ളുന്നത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായുള്ള ബാക്ക്‌സ്റ്റോപ്പ് സ്ഥിരമായി നിലനില്‍ക്കുമെന്നും ഇത് യുകെയുടെ സ്വതന്ത്രമായ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് വിമര്‍കര്‍ പറയുന്നത്. പാര്‍ലമെന്റ് ആവശ്യപ്പെട്ടത് അനുസരിച്ച് തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുമായി വീണ്ടും ചര്‍ച്ചയ്ക്ക് ശ്രമിക്കും. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന സൂചനയാണ് ബാര്‍ണിയറിന്റെ വാക്കുകള്‍ നല്‍കുന്നത്. ബാക്ക്‌സ്റ്റോപ്പ് വ്യവസ്ഥ നിരാകരിക്കുന്നത് ഒരു പരിഹാര മാര്‍ഗ്ഗത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്നും ബാര്‍ണിയര്‍ പറയുന്നു.