ബ്രെക്‌സിറ്റ് പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 40 ശതമാനം ടോറി കൗണ്‍സിലര്‍മാരും നിഗല്‍ ഫാര്‍ജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് പിന്തുണ നല്‍കും

ബ്രെക്‌സിറ്റ് പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 40 ശതമാനം ടോറി കൗണ്‍സിലര്‍മാരും നിഗല്‍ ഫാര്‍ജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് പിന്തുണ നല്‍കും
April 22 05:43 2019 Print This Article

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 40 ശതമാനം ടോറി എം.പിമാരും നിഗല്‍ ഫാര്‍ജിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ബ്രെക്‌സിറ്റ് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായി പാര്‍ട്ടിയില്‍ നടക്കുന്ന കരുനീക്കങ്ങളുടെ പ്രതിഫലനമാണ് നിഗല്‍ ഫാര്‍ജിന് പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് നേതൃത്വം പ്രതികരണമൊന്നും നടത്തിയിട്ടില്ല. നേരത്തെനിഗല്‍ ഫാര്‍ജിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ വലിയ നീക്കങ്ങള്‍ ആവശ്യമാണെന്ന മുന്നറിയിപ്പുമായി ലേബര്‍ ഡെപ്യൂട്ടി നേതാവ് ടോം വാട്‌സണ്‍ രംഗത്ത് വന്നിരുന്നു. രണ്ടാം ജനഹിത പരിശോധനയ്ക്ക് മാത്രമെ നിഗല്‍ ഫാര്‍ജിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്ന് ടോം വാട്‌സണ്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് നിഗല്‍ ഫാര്‍ജ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്. സാധാരണയായി പാര്‍ട്ടി പ്രഖ്യാപിച്ച് വര്‍ഷങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന പിന്തുണ ഫാര്‍ജിന്റെ പാര്‍ട്ടി ദിവസങ്ങള്‍ക്കുള്ളില്‍ നേടിയെടുത്തു. ഇതിന് പിന്നില്‍ തെരേസ മേയ്‌ക്കെതിരായ അതൃപ്തിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്‌ക്കെതിരായ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. യൂറോപ്യന്‍ യൂണിയന്‍ തലപ്പത്ത് ഫാര്‍ജിന്റെ പാര്‍ട്ടിയെത്തുന്നത് തെരേസ മേയുടെ നയങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ലേബര്‍ പാര്‍ട്ടിയും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നിച്ചു കിടക്കുന്ന ഇടത് പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ലേബര്‍ ശ്രമം.

തെരേസ മേയുടെ നയരേഖയ്ക്ക് പാര്‍ലമെന്റില്‍ വീണ്ടും തിരിച്ചടിയുണ്ടായാല്‍ ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്ന് ഇതോടെ തീര്‍ച്ചയായി. ലേബര്‍ പാര്‍ട്ടിയുടെ രണ്ടാം ജനഹിത നിര്‍ദേശം അംഗീകരിക്കുകയാവും മേയ്ക്ക് മുന്നിലുള്ള മറ്റൊരു പോംവഴി. എന്നാല്‍ അത്തരമൊരു നടപടി അവസാനഘട്ട പരീക്ഷണമെന്ന രീതിയില്‍ മാത്രമാവും മേ സ്വീകരിക്കുക. സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടായിരിക്കുന്ന തിരിച്ചടി മറികടക്കാന്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആ നീക്കവും പരാജയപ്പെടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles