ലണ്ടന്‍: ബ്രിട്ടീഷ് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഒട്ടും സുരക്ഷിതമല്ലെന്ന് വിലയിരുത്തല്‍. സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് ബാങ്കുകളേക്കാള്‍ ഏറെ പിന്നിലാണ് ബ്രിട്ടീഷ് ബാങ്കുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് മേഖലകളില്‍ നടത്തുന്ന ഡിജിറ്റല്‍ നിക്ഷേപങ്ങളുടെ സുരക്ഷക്കൊപ്പമെത്താന്‍ യുകെയിലെ ബാങ്കിംഗ്, ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു. മറ്റു രാജ്യങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പുതിയ സുരക്ഷാ സംവിധാനങ്ങളായ ഫേഷ്യല്‍ റെക്കഗ്നീഷന്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍, ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡേറ്റ ക്യാപ്ചര്‍ തുടങ്ങിയവയേക്കുറിച്ച് സംസാരിക്കുകയും ഉപഭോക്തൃ സേവനത്തില്‍ കൂടുതല്‍ വികസനങ്ങള്‍ വരുത്തുകയും ചെയ്തു വരികയാണ്.

എന്നാല്‍ ബ്രിട്ടീഷ് ബാങ്കുകള്‍ ഇപ്പോഴും ഇരുണ്ട യുഗത്തില്‍ തുടരുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. തട്ടിപ്പുകള്‍ പരിശോധിക്കുന്നതില്‍ അന്താരാഷ്ട്രരംഗത്തെ എതിരാളികളില്‍ നിന്ന് വളരെ ദൂരം പിന്നിലാണ് തങ്ങളെന്ന് ബ്രിട്ടീഷ് ബാങ്കുകളില്‍ ഭൂരിപക്ഷവും പറയുന്നു. തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചറിയുന്ന കാര്യത്തില്‍ പോലും 84 ശതമാനം ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കും ഉറപ്പൊന്നുമില്ല. എന്നാല്‍ ഈ പിഴവ് പരിഹരിക്കുന്നതിനായി പണം മുടക്കുന്നതിനോട് ബാങ്കുകള്‍ക്ക് താല്‍പര്യമില്ലെന്നും റിസര്‍ച്ച് വ്യക്തമാക്കുന്നു.

ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങളേക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ജ്ഞാനമുണ്ട്. ഫേഷ്യല്‍ റെക്കഗ്നീഷന്‍, ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡോക്യുമെന്റ് ക്യാപ്ചര്‍ തുടങ്ങിയവ വിമാനത്താവളങ്ങൡും മറ്റും ജനങ്ങള്‍ക്ക് പരിചിതമാണെന്ന് ഐഡന്റിറ്റി ഡേറ്റ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റ്. ജിബിജിയുടെ മാനേജിംഗ് ഡയറക്ടര്‍ മിക്ക് ഹെഗാര്‍ട്ടി പറയുന്നു. ഐഫോണ്‍ എക്‌സ് പോലെയുള്ള ഫോണുകളിലും ഈ സങ്കേതം ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു ബാങ്കില്‍ ഉപഭോക്താവിന് തന്റെ ഐഡി കാര്‍ഡിന്റെ ഹാര്‍ഡ് കോപ്പി കാണിക്കേണ്ടി വരുന്നത് എത്രമാത്രം പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് ചിന്തിക്കണമെന്നു മിക്ക് പറയുന്നു.

ചൈന, സിംഗപ്പൂര്‍, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഉപഭോക്താക്കളുടെ ഐഡന്റിറ്റി വിഷയത്തില്‍ യുകെ ബാങ്കുകള്‍ വളരെ പിന്നിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി സാങ്കേതിക വിദ്യകളില്‍ ബ്രിട്ടന്‍ ഏറെ വളര്‍ന്നിട്ടുണ്ടെങ്കിലും ബാങ്കുകള്‍ അവയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ ഏറെ പിന്നിലാണെന്നാണ് വ്യക്തമാകുന്നത്.