literature

റ്റിജി തോമസ് 

രണ്ട് ദിനരാത്രങ്ങൾക്ക് ശേഷം ബെഞ്ചമിന്റെ ഹോംസ്റ്റേയോടെ വിട പറഞ്ഞു. ലണ്ടനിൽ നിന്ന് തിരിച്ച് വെയ്ക്ക് ഫീൽഡിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. നേരത്തെ തന്നെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹം ഞാൻ ജോജിയോടും ബിജോയിയോടും പങ്കുവെച്ചിരുന്നു. ലോകപ്രശസ്ത കവിയും നാടകകൃത്തുമായ വില്യം ഷേക്സ്പിയറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലം സന്ദർശിക്കണം. അങ്ങനെയാണ് തിരിച്ചുള്ള യാത്ര സ്ട്രാറ്റ്ഫോർഡ് വഴി ആക്കാൻ ആദ്യം തീരുമാനിച്ചത്.

സ്ട്രാറ്റ്ഫോർഡിലാണ് വില്യം ഷേക്സ്പിയർ ജനിച്ചത്. അവിടെ ഷേക്സ്പിയറിന്റെ വീട് സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ട് . ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷേക്സ്പിയർ ആരാധകരാണ് ദിനംപ്രതി അവിടം സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതോടൊപ്പം വളരെ നയന മനോഹരവും പ്രകൃതിരമണീയമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സ്ട്രാറ്റ്ഫോർഡ് .
സ്വിറ്റ്സർലണ്ടിലെ ലോട്ടർബ്രുന്നൻ സന്ദർശിച്ചിട്ട് ഒരു സുഹൃത്ത് പറഞ്ഞതാണ് പെട്ടെന്ന് മനസ്സിലേക്ക് എത്തിയത്. അതുല്യമായ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട ലോട്ടർബ്രുന്നൻ സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊണ്ട് സാഹിത്യ രചനകൾ നടത്താനും ഒട്ടേറെ പേർ അവിടെ എത്താറുണ്ടത്രേ.

പക്ഷേ അവസാനനിമിഷം സ്ട്രാറ്റ്ഫോർഡ് യാത്ര ഞങ്ങൾക്ക് ഒഴിവാക്കേണ്ടിവന്നു. ദൂര കൂടുതലായിരുന്നു പ്രധാനകാരണം. അതു പക്ഷേ കുറച്ചുകൂടി മനോഹരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് അവസരം ഒരുക്കിയത്. മലയാളം യുകെയുടെ ചീഫ് എഡിറ്റർ ബിൻസു ജോണിന്റെ വീട് സന്ദർശിക്കാൻ സാധിച്ചത് അങ്ങനെയാണ്. മറ്റൊരു ദിവസം പദ്ധതിയിട്ടിരുന്ന ആ സന്ദർശനം ഞങ്ങളുടെ മടക്കയാത്ര മധ്യേയാക്കുകയായിരുന്നു. യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ശ്രീ ബിൻസുവിനെ നേരിട്ട് കാണുന്നത് മലയാളം യുകെ അവാർഡ് സ്വീകരിക്കാൻ യുകെയിൽ എത്തിയപ്പോഴാണ്. കേരളത്തിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹവും ഭാര്യ നിധിയും രണ്ടു മക്കളും റഗ്ബിയിലാണ് താമസിക്കുന്നത്.

ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ പട്ടണമാണ് റഗ്ബി . ലോകപ്രശസ്തമായ റഗ്ബി കളിയുടെ ജന്മസ്ഥലം ഇവിടെയാണ്. 1823-ൽ റഗ്ബി സ്കൂളിൽ പഠിച്ചിരുന്ന വില്യം വെബ് എല്ലിസ് എന്ന വിദ്യാർത്ഥി, ഫുട്ബോൾ കളിക്കിടെ പന്ത് കൈയിൽ എടുത്ത് ഓടിയതോടെയാണ് റഗ്ബി എന്ന കളിക്ക് തുടക്കമായതെന്നാണ് കഥ.

മനോഹരമായ വീടും വിശാലമായ കോർട്ടിയാർഡും ചേർന്നതാണ് ബിൻസുവിന്റെ വീട്. ഏറ്റവും ആകർഷിച്ചത് കോർട്ടിയാർഡിൽ കായ്ച്ചു നിൽക്കുന്ന മനോഹരമായ ആപ്പിൾ ചെടിയാണ്.

ബിൻസു ജോൺ നേതൃത്വം നൽകുന്ന മലയാളം യുകെയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മലയാള സാഹിത്യത്തിന് എഡിറ്റോറിയൽ ബോർഡ് നൽകുന്ന പ്രാധാന്യം കൊണ്ടാണ്. പ്രത്യേകിച്ച് അത്തം മുതൽ തിരുവോണം വരെയും മറ്റ് വിശേഷ അവസരങ്ങളിലും മലയാളം യുകെ പ്രസിദ്ധീകരിച്ചത് മികവുറ്റ രചനകൾ ആണ്. പ്രശസ്ത മലയാളം സാഹിത്യകാരന്മാരായ ശ്രീ ജോർജ് ഓണക്കൂർ, പ്രഭാവർമ്മ തുടങ്ങിയവരുടെ രചനകൾ മറ്റുള്ള ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് മലയാളം യുകെയെ വേറിട്ട വായനാനുഭവം നൽകുന്നതാക്കി. ചീഫ് എഡിറ്റർ ബിൻസു ജോണും അസോസിയേറ്റ് എഡിറ്റർ ഷിബു മാത്യു മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോജി തോമസ് , റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, തോമസ് ചാക്കോ , ബിനു മാത്യു , ബിജു മൂന്നാനംപള്ളി എന്നിവരും ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്.

യുകെയിൽ വെച്ച് പരിചയപ്പെട്ടതിനുശേഷം മലയാളം യുകെ സ്കോട്ട് ലൻഡിൽ വച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിന്റെ ലോഗോ പ്രകാശനത്തിനായി കേരളത്തിൽ എത്തിയപ്പോൾ ബിൻസു ജോൺ എൻറെ വീട്ടിലും എത്തിച്ചേർന്നിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടുന്ന ശ്രീ ബിൻസുവിനും മലയാളം യുകെയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഒരു മാധ്യമം എന്ന നിലയിൽ മലയാളം യുകെയെ കൂടുതൽ ഉന്നതിയിലേയ്ക്ക് എത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ബിനോയ് എം. ജെ.

നാം ജീവിക്കുന്ന ജഗത് പരിമിതമാണ്. അതുകൊണ്ടാണ് നാം ഇത്രയും അസംതൃപ്തരായി കാണപ്പെടുന്നത്. ഇനി ഞാനെന്ന സത്തയും പരിമിതമായി പോയിരിക്കുന്നു. അനന്തസത്ത ഒന്ന് മാത്രമാണ്. രണ്ട് അനന്തത ഉണ്ടായിരിക്കുവാൻ വഴിയില്ല. കാരണം ഒന്ന് മറ്റതിനെ പരിമിതപ്പെടുത്തുന്നു. മനുഷ്യന് പരിമിതികളോട് പൊരുത്തപ്പെടുവാൻ ആകില്ല. മാത്രവുമല്ല അവന്റെ സത്ത തന്നെ അനന്തമാണ്. ആ അനന്തതയിൽ തന്നെ കഴിയുവാൻ മനുഷ്യൻ എന്തുകൊണ്ടോ വിമുഖത കാട്ടുന്നു. അവൻ സ്വന്തം സ്വരൂപത്തെ ഭയപ്പെടുന്നത് പോലെ ഇരിക്കുന്നു. അവൻ അതിനെ മറന്നു കളഞ്ഞിരിക്കുന്നു. ഈ പരിമിതിയും അനന്തതയും തമ്മിലുള്ള സംഘർഷം മനുഷ്യജീവിതത്തിൽ അനാദികാലം മുതൽ തന്നെ പ്രകടമായിരുന്നു. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടേയും ജനി.

മനുഷ്യൻ പരിപൂർണ്ണതയെ തേടുന്നു. മനുഷ്യജീവിതം ഈ അന്വേഷണത്തിന്റെ കഥയാണ്. മനുഷ്യൻ എന്തുകൊണ്ട് പരിപൂർണ്ണതയെ അന്വേഷിക്കുന്നു? അതിന്റെ കാരണം അവൻ പൂർണ്ണനാണ് എന്നതുതന്നെ. ആ പൂണ്ണത എങ്ങനെയോ വിസ്മരിക്കപ്പെട്ടു പോയിരിക്കുന്നു. അപ്പോഴും താൻ പൂർണ്ണനാണ് എന്ന് അവബോധം മനുഷ്യന്റെ ഉള്ളിന്റെയുള്ളിൽ കിടപ്പുണ്ട്. ഇങ്ങനെയാണ് ആഗ്രഹങ്ങൾക്ക് ചിറകുമുളക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആഗ്രഹമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്ന് ശ്രീബുദ്ധൻ പറയുന്നത്.

അപൂർണ്ണവും വിരൂപമാക്കപ്പെട്ടതുമായ ഈ ജഗത്ത് എവിടെ നിന്ന് വരുന്നു?

അനന്തസത്തയായ ഈശ്വരനിൽ പരിമിതികൾ ആരോപിക്കുമ്പോൾ ആണ് ജഗത്തും ഞാനും ജന്മം കൊള്ളുന്നത്. ഈ പരിമിതികൾ എവിടെ നിന്നും വരുന്നു? പൂർണ്ണതയുമായി പൊരുത്തപ്പെടുവാനുള്ള വിമുഖത മാത്രമാണ് ഇതിനുള്ള കാരണം. പൂർണ്ണതയിൽ നിന്നും അപൂർണ്ണത ജനിക്കുന്നു. അപൂർണ്ണതയിൽ നിന്നും പൂർണ്ണത ജനിക്കുന്നില്ല. ഈ അപൂർണ്ണത ആകട്ടെ മിഥ്യയാണ് താനും. അങ്ങനെയൊന്ന് അവിടെ ഇല്ല. ഈ കാണുന്ന ജഗത് വാസ്തവത്തിൽ അവിടെയില്ല.

അനന്തസത്ത എന്ന് പറയുവാനേ നമുക്ക് കഴിയൂ. അതിനെ നിർവചിക്കുവാൻ ആകില്ല. കാരണം നിർവചനം തന്നെ അതിനെ പരിമിതപ്പെടുത്തുന്നു. അനന്തസത്ത എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു.

അതിന് ഉൾക്കൊള്ളുവാൻ ആകാത്തതായോ അതിന് വെളിയിലോ ആയി യാതൊന്നും തന്നെ ഇല്ല. ഒരുകോടി യുഗങ്ങൾ കഴിഞ്ഞാലും അത് അവസാനിക്കുന്നില്ല. കാരണം അത് അനന്തമാണ്. അത് സ്ഥലകാലങ്ങളിൽ ഒതുങ്ങുന്നതല്ല. മറിച്ച് സ്ഥലകാലങ്ങൾ അതിലാണ് നിലകൊള്ളുന്നത്. അവിടെ വിരസതയ്ക്ക് സ്ഥാനമില്ല. അവിടെ എപ്പോഴും അനന്താനന്ദമാണ്. ഈ അനന്ത സത്ത എക്കാലത്തും ഒരുപോലെയാണ്. അവിടെ മാറ്റങ്ങളോ ചലനങ്ങളോ ഇല്ല. കാരണം ചലനവും മാറ്റവും ആപേക്ഷികങ്ങളാണ്. ഒന്ന് മറ്റതിന് അപേക്ഷിച്ച ചലിക്കുന്നു അല്ലെങ്കിൽ മാറുന്നു. എന്നാൽ അനന്തസത്തയിൽ എല്ലാം നിശ്ചലങ്ങളാണ്. ഈ അനന്തസത്തയെ ഈശ്വരൻ എന്ന് വിളിക്കാം. അവിടെ നാനാത്വമില്ല. എല്ലാം ഒന്നുമാത്രം.

അതിനെ രണ്ട് ആക്കുവാനാവില്ല. അത് അഖണ്ഡ അദ്വൈതമാണ്. എന്നാൽ മനുഷ്യമനസ് ആകട്ടെ എല്ലാത്തിനെയും വിഭജിക്കുന്നു. താനാകുന്ന ബ്രഹ്മത്തെയും അത് വിഭജിക്കുന്നു. അങ്ങനെയാണ് കാണുന്ന ഞാനും കാണപ്പെടുന്ന ലോകവും ജനിക്കുന്നത്. ഈ വിഭജനം മനസ്സിന്റെ സൃഷ്ടി മാത്രം. മനസ്സ് തിരോഭവിയ്ക്കുമ്പോൾ എല്ലാം തിരൊഭവിക്കുന്നു. എല്ലാം മനസ്സിന്റെ വിക്രിയകൾ മാത്രം. മനസ്സ് നമ്മെ കബളിപ്പിക്കുകയാണ്. മനസ്സിന്റെ അഭാവത്തിൽ എല്ലാം ഒന്നാണ് എന്ന് നാം അറിയുന്നു. അവിടെ അനന്തജ്ഞാനം പ്രകാശിക്കുന്നു. അത് അനന്തജ്ഞാനം ആകയാൽ അതിനെ നിർവചിക്കുവാൻ ആവില്ല. അവിടെ എത്തിച്ചേരുന്നവൻ എല്ലാ ദുഃഖങ്ങളെയും അതിജീവിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ബിനോയ് എം. ജെ.

ജീവിതം ഉള്ളവർക്കെല്ലാം ജീവിത പ്രശ്നങ്ങളും ഉണ്ട്. ജീവിതം ഒരു പ്രശ്നമാണോ? ആണെങ്കിൽ അതിനുള്ള പരിഹാരം എന്താണ്? എന്നാൽ ജീവിതം ഒരു പ്രശ്നമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ പിന്നെ എന്താണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന മരണം എന്ന സത്തയാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. നാം ആരും തന്നെ ജീവിതത്തെ വെറുക്കുന്നില്ല. കാരണം അത് മനോഹരമാണ്. അല്ല അത് അത്യന്തം മനോഹരമാണ്. മരണമാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നാം എല്ലാവരും മരണത്തെ ഭയപ്പെടുന്നവരാണ്. കാരണം അതിനെ ജയിക്കുവാൻ നാം ഇനിയും പഠിച്ചിട്ടില്ല. മരണം നമ്മുടെ ജീവിതത്തിൽ സദാ കരിനിഴൽ വീഴ്ത്തി കൊണ്ടേയിരിക്കുന്നു. അത് നമ്മെ

ഭയചകിതരാക്കുന്നു. ഇത് ജീവിതത്തിന്റെ മനോഹാരിതയെ തകർക്കുന്നു. എല്ലാം മരണത്തോടെ അവസാനിക്കുന്നുവെങ്കിൽ പിന്നെ എന്ത് അർത്ഥമാണ് ജീവിതത്തിനുള്ളത്? എല്ലാം വ്യർത്ഥമല്ലേ?

എന്നാൽ മരണം എന്ന സത്ത അവിടെ ഉണ്ടെന്നുള്ളതിന് എന്താണ് തെളിവ്? എല്ലാവരും തന്നെ മരിക്കുന്നു ആരും മരിക്കാതെ ഇരിക്കുന്നുമില്ല. ഈ മരണം ശരീരത്തെ മാത്രമല്ലാ ബാധിക്കുന്നുള്ളോ? മരണം ബാഹ്യമാണെങ്കിൽ ആന്തരികമായ മനസ്സ് ബുദ്ധി ആത്മാവ് ഇവ ഒന്നും മരിക്കുന്നില്ല. നാം കണ്ടമാനം ബാഹ്യോൻമുഖമായി പോകുന്നു അതാണ് നമ്മുടെ പ്രശ്നം. എല്ലായിടത്തും എല്ലാവരും മരിക്കുന്നു അതുകൊണ്ട് മരണം ഒരു സത്യമാണെന്ന് നാം ധരിച്ചു

പോയിരിക്കുന്നു. എന്നാൽ നമുക്ക് തെറ്റ് പറ്റിയിരിക്കുന്നു. മരണം ഒരു അഭാവസത്തെയാണ്. അത് യാഥാർത്ഥ്യത്തിൽ നിലനിൽക്കുന്നില്ല. അതിന് നമ്മുടെ മനസ്സിലേ നിലനിൽപ്പുള്ളൂ. നാം മരണത്തെ ഭയപ്പെടുന്നു അതുകൊണ്ട് നമുക്ക് മരണം ഉള്ളതായി തോന്നുന്നു. ആ തോന്നൽ അത്യന്തം ശക്തമായത് മൂലം ശരീരം മരിക്കുന്നതോടൊപ്പം നാം അബോധാവസ്ഥയിലേക്ക് വഴുതിവീഴുന്നു. അത് വീണ്ടും പുനർജന്മത്തിലേക്ക് നയിക്കുന്നു. കാരണം നാം ഇനിയും മരിച്ചിട്ടില്ല. നിത്യജീവിതം- അതാണ് നമ്മുടെ ലക്ഷണം. പല ജന്മാന്തരങ്ങളിലൂടെ അനന്തമായി നീളുന്ന ജീവിതം. ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയാൽ നാം പ്രശ്നത്തെ പരിഹരിക്കുന്നതിൽ പാതി വിജയിച്ചു കഴിഞ്ഞു. ജീവിതത്തിന് ആദിയോ

അവസാനമോ ഇല്ല. അത് ഒരു അനന്ത സത്തയാണ്. അതിൽ ഇടയ്ക്കിടെ മരണം സംഭവിക്കുന്നു. ഈ മരണമാകട്ടെ സാങ്കല്പികമാകുവാനെ വഴിയുള്ളൂ. മരണമില്ലെങ്കിൽ അവിടെ നിത്യജീവിതമാണ്. നമ്മുടെ ജീവിതത്തിൽ ഇതിനുമുമ്പ് നാം പലതവണ മരിച്ചിട്ടുണ്ട്. ഈ ദുഷിത വലയത്തിൽ നിന്ന് കരകയറി ഇല്ലെങ്കിൽ നാം വീണ്ടും വീണ്ടും മരിക്കുകയും ചെയ്യും. മാത്രമല്ല മരണം സൃഷ്ടിക്കുന്ന കരിനിഴൽ ജീവിതത്തിലാകെ പ്രശ്നങ്ങളുടെ നൂലാമാലകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ജീവിത പ്രശ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ വഴിയില്ല. അവയെല്ലാം മരണത്തിന്റെ നിഴലുകൾ മാത്രം. മരണം മാറിയാൽ എല്ലാം മാറി. ജീവിതം അത്യന്തം പ്രശാന്ത സുന്ദരമായി മാറുന്നു.

മരണത്തെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച്

നാം നമ്മുടെ ജീവിതത്തെ ശോകാവൃതവും പാഴ്‌വേലയുമക്കി മാറ്റുന്നു. മരണത്തിൽ നിന്നും എത്ര മാത്രം അകലുന്നുവോ അത്രമാത്രം നമുക്ക് സന്തോഷവും ഊർജ്ജസ്വലതയും ലഭിക്കുന്നു. നിങ്ങളെ അത്യന്തം സന്തോഷിപ്പിച്ച ചില നിമിഷങ്ങൾ ഓർത്തു നോക്കൂ. അവിടെ നിങ്ങൾ മരണത്തിൽ നിന്നും അകലെയായിരുന്നു. അങ്ങനെ ഒരു ചിന്ത പോലും അവിടെ ഉണ്ടായിരുന്നില്ല. അതാണ് അവിടത്തെ സന്തോഷത്തിന്റെ രഹസ്യം. എന്നാൽ നാം ബാഹ്യമായ ഉപായങ്ങൾ ഉപയോഗിച്ചാണ് മരണത്തെ മറക്കാൻ ശ്രമിക്കുന്നതെങ്കിൽ അതിൽ നാം വിജയിക്കുകയില്ല. സമ്പൽസമൃദ്ധിയും, ആഘോഷങ്ങളും, ആസ്വാദനങ്ങളും, ഐശ്വര്യങ്ങളും എല്ലാം തന്നെ മരണത്തെ മറക്കുവാൻ വേണ്ടി ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇവ മരണത്തെ

താൽക്കാലികമായി ഒന്ന് മറക്കാമെന്നല്ലാതെ വേറെ ഗുണം ഒന്നും ചെയ്യുന്നില്ല. ജീവിതവിജയവും ആഹ്ലാദങ്ങളും മരണത്തെ താൽക്കാലികമായി ഒന്നു മറച്ചു പിടിക്കുന്നു. ആ മറവി അത്യന്തം ആഹ്ലാദകരമായതിനാലാണ് നാം അവയുടെയൊക്കെ പിറകെ ഓടുന്നത്. അത്രമാത്രം ജീവിതത്തെ സ്നേഹിക്കുകയും മരണത്തെ വെറുക്കുകയും ചെയ്യുന്നു. ആധ്യാത്മിക വ്യക്തിത്വങ്ങൾ ആകട്ടെ മരണത്തെ മറക്കുന്നതിന് ബാഹ്യമായ ഉപായങ്ങളുടെ സഹായം തേടാതെ തന്നെ അവയെ നേരിട്ട് മറക്കുവാൻ ശ്രമിക്കുന്നു. മരണത്തെ മറക്കുന്നതിന് എന്തിനാണ് വളഞ്ഞ വഴികൾ സ്വീകരിക്കുന്നത്, അതിനെ നേരിട്ടങ്ങ് മറന്നാൽ പോരെ? ധാരാളം മതിയാകും! എവിടെയാണ് തത്വചിന്തയുടെ പ്രസക്തി. മരണത്തെ മറക്കുവാൻ

ശ്രമിക്കുവിൻ! ബോധപൂർവ്വം അതിനെ മറക്കുവാൻ ശ്രമിക്കുവിൻ!! ഇപ്പോഴേക്കും പലർക്കും ആധി തോന്നി തുടങ്ങിയിരിക്കും. ആധി തോന്നേണ്ട ആവശ്യകത ഇല്ല. അതിനെ മറന്നേക്കുവിൻ. അതൊരു അഭാവസത്തെയാണ്. അതിനെ തുടർന്ന് എല്ലാ ജീവിത പ്രശ്നങ്ങളും തിരോഭവിച്ച് കഴിഞ്ഞിരിക്കും. അവിടെ ജീവിതം ഒരു അനന്തമായ ആസ്വാദനമായി മാറുന്നു. ഇങ്ങനെ നമുക്ക് നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുവാൻ സാധിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

എം.ജി.ബിജുകുമാർ

മറഞ്ഞുപോകുന്ന മനുഷ്യത്വത്തിൽ നിന്ന്
മറഞ്ഞു തീരുന്ന ഗ്രാമീണതയിൽ നിന്ന്
ശേഷിക്കുന്ന നൻമകളിലൊന്നായ് മേടപ്പുലരിയുടെ ശുഭസംഗീതം….
കൈതപ്പൂവ് നിറഞ്ഞ കൈത്തോടിന്റെ ഓരങ്ങളിൽ നിന്നും,
കാറ്റു കടം നൽകിയ സുഗന്ധമായി ഗൃഹാതുരത്വമുണരുമ്പോൾ..
സ്‌മൃതികളിൽ വിഷുപക്ഷികൾ പാടുമ്പോൾ..
നിന്ദിച്ചു മറന്നുവച്ച പൈതൃകങ്ങൾ
ഒരു ദീർഘനിശ്വാസത്തിന്റെ ഉള്ളുരുക്കത്താൽ മനസ്സിലെത്തീടുമോ..? കൊഴിഞ്ഞുവീഴുന്ന കണിക്കൊന്നയും മൂളിനിർത്തിയ വിഷുക്കിളിപ്പാട്ടും
പാറിയകന്ന ദേശാടനക്കിളിത്തൂവലും
നിറനിലാവിൻ്റെ ശാലീന ശബളിമയിൽ ഓർമ്മകളിൽ പുതിയ അടരുകൾ തീർക്കുമ്പോൾ…

തെളിയുന്നു ചിത്തത്തിൽ ഈരടികളായി-
‘കൊന്നകൾ പൊഴിഞ്ഞുപോയി ഓർമ്മകൾ മാത്രമായി സുഖമുള്ള നോവുകൾ ബാക്കിയായി’

എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.

സതീഷ് ബാലകൃഷ്ണൻ

രാഹുലിന്റെ ഓർമ്മയിൽ എല്ലാ വിഷുവിനും ഒരേ നിറമാണ്—കണിക്കൊന്നയുടെ ആ മഞ്ഞ നിറം. പത്തു വർഷങ്ങൾക്ക് മുൻപുള്ള ഒരു വിഷുക്കാലത്താണ് അവൻ അവസാനമായി മീരയെ കണ്ടത്. തറവാട് വീടിന്റെ ഉമ്മറത്ത്‌ കണിയൊരുക്കുന്ന തിരക്കിലായിരുന്നു അവൾ.

അന്ന് ആ ഗ്രാമത്തിൽ നിറയെ പൂത്തുനിൽക്കുന്ന കണിക്കൊന്നകളുണ്ടായിരുന്നു. രാഹുൽ തന്റെ പഴയ സൈക്കിളിൽ അവളുടെ വീടിന് മുന്നിലൂടെ പോകുമ്പോൾ, മതിൽക്കെട്ടിന് മുകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിലൂടെ മീര അവനെ നോക്കി ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു ആയിരം പൂത്തിരിയുടെ വെട്ടം.

ആദ്യത്തെ കൈനീട്ടം
വിഷു തലേന്ന് വൈകുന്നേരം, അമ്പലത്തിലെ ഉത്സവത്തിനിടയിലാണ് അവർ നേർക്കുനേർ കണ്ടത്.

“എനിക്ക് വിഷുക്കൈനീട്ടം തരില്ലേ?” മീര കുസൃതിയോടെ ചോദിച്ചു.

രാഹുൽ തന്റെ പോക്കറ്റിൽ സൂക്ഷിച്ചു വെച്ചിരുന്ന ഒരു ചെറിയ വെള്ളി മോതിരം അവൾക്ക് നേരെ നീട്ടി. അത് വെറുമൊരു കൈനീട്ടമായിരുന്നില്ല, അവന്റെ പ്രണയത്തിന്റെ അടയാളമായിരുന്നു.

“ഇത്…” അവൾ ഒന്ന് മടിച്ചു.

“ഇതൊരു വലിയ നിധിയൊന്നുമല്ല, പക്ഷേ ഇത് എപ്പോഴും നിന്റെ കൂടെ ഉണ്ടാവണം,” രാഹുൽ പറഞ്ഞു.

ആ രാത്രി ആകാശത്ത് പടക്കങ്ങൾ വർണ്ണവിസ്മയം തീർക്കുമ്പോൾ, അവരുടെ ഉള്ളിലും പ്രണയത്തിന്റെ ഒരായിരം മത്താപ്പൂക്കൾ വിരിയുകയായിരുന്നു.

കാലം മായ്ക്കാത്ത ഓർമ്മകൾ വർഷങ്ങൾ കടന്നുപോയി. രാഹുൽ നഗരത്തിലെ തിരക്കുകളിലേക്ക് ചേക്കേറി. മീരയുടെ കുടുംബം മറ്റൊരു നാട്ടിലേക്ക് താമസം മാറി. ഫോൺ നമ്പറുകളും കത്തുകളും കാലക്രമേണ നിലച്ചുപോയി. എങ്കിലും ഓരോ വിഷു വരുമ്പോഴും രാഹുലിന്റെ മനസ്സിൽ ആ പഴയ കണിക്കൊന്നയുടെ മണവും അവളുടെ ചിരിയും തിരികെയെത്തും.

ഈ വർഷം, മനസ്സ് മാറ്റാൻ വേണ്ടി അവൻ തന്റെ പഴയ ഗ്രാമത്തിലേക്ക് ഒരു യാത്ര പോയി. നാട് ഒരുപാട് മാറിയിരിക്കുന്നു. റോഡുകൾ വീതി കൂട്ടി, പഴയ പറമ്പുകളിൽ വലിയ വീടുകൾ ഉയർന്നു. എങ്കിലും അവന്റെ തറവാടിന് അടുത്തുള്ള ആ പഴയ കൊന്നമരം മാത്രം ഇപ്പോഴും അവിടെയുണ്ട്.

അവൻ ആ മരച്ചുവട്ടിൽ വണ്ടി നിർത്തി. കൊന്നപ്പൂക്കൾ കാറ്റിൽ ആടി ഉലയുന്നുണ്ടായിരുന്നു. പെട്ടെന്ന്, ഒരാൾ വന്ന് അവന് അരികിൽ നിന്നു. കയ്യിൽ കുറച്ച് കൊന്നപ്പൂക്കളുമായി ഒരു യുവതി.

അവളുടെ വിരലുകളിൽ സൂര്യപ്രകാശമേറ്റ് ഒരു ചെറിയ വെള്ളി മോതിരം തിളങ്ങുന്നുണ്ടായിരുന്നു.

രാഹുലിന്റെ നെഞ്ചിടിപ്പ് കൂടി. “മീര?” അവൻ മന്ത്രിച്ചു.

അവൾ പതുക്കെ തലയുയർത്തി നോക്കി. അതേ കണ്ണുകൾ, അതേ ചിരി.

“നീ വരുമെന്ന് എനിക്കറിയാമായിരുന്നു,” അവൾ പതുക്കെ പറഞ്ഞു. “ഓരോ വിഷുവിനും ഞാൻ ഈ കൊന്നച്ചുവട്ടിൽ വന്ന് നിൽക്കാറുണ്ട്. നീ തന്ന കൈനീട്ടം ഇന്നും എന്റെ കയ്യിലുണ്ട്.”

അന്ന് ആ ഗ്രാമത്തിൽ വീണ്ടും ഒരു വിഷുക്കാലം കൂടി പിറന്നു. കൊന്നപ്പൂക്കളുടെ മഞ്ഞവെളിച്ചത്തിൽ, നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രണയം അവർക്ക് മുന്നിൽ ഒരു വലിയ കണിയായി തെളിഞ്ഞു നിന്നു. ഇത്തവണ പടക്കങ്ങളുടെ ബഹളത്തേക്കാൾ മനോഹരമായിരുന്നു അവരുടെ ഹൃദയമിടിപ്പിന്റെ താളം.

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

റ്റിജി തോമസ് 

എന്റെ ലണ്ടൻ സന്ദർശനത്തിനിടയിലുണ്ടായ ഏറ്റവും വ്യക്തിപരമായ ചില അനുഭവങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ലണ്ടന്റെ ഹൃദയഭാഗമായ ബക്കിംഗ്ഹാം കൊട്ടാരത്തിനും പാർലമെൻറ് സ്ക്വയറിനും സമീപമായി പരിചയപ്പെട്ട മോസസ് വ്യോമനിക്കേയുടെ രൂപം ഏറെനാൾ എൻറെ മനസ്സിനെ വേട്ടയാടിയിരുന്നു. യുകെയിലെങ്ങുമുള്ള അഭയാർത്ഥി പ്രവാഹവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും വാർത്തകളിൽ നിറയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളിൽ നിന്ന് എത്തി പ്രതിഷേധത്തിന്റെ പ്ലക്കാർഡുമായി നിൽക്കുന്ന അയാളുടെ രൂപം മനസ്സിനെ വല്ലാതെ മതിക്കുന്നതായിരുന്നു. ഒരുപക്ഷേ ജീവിത ചിലവ് വർദ്ധനവിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന ബോർഡുമായി ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച അയാളുടെ നിൽപ്പ് താൻ പ്രതിനിധാനം ചെയ്യുന്ന ഒട്ടേറെ പേരുടെ ദൈന്യത ചുമലിലേറ്റിയാണെന്ന ചിന്തയാണ് എൻറെ മനസ്സിൽ ഉണ്ടായത്. നൈജീരിയക്കാരനായ മോസസ് ഒരുപക്ഷേ യുകെയിലെത്തിയ അനേകം അനധികൃത കുടിയേറ്റക്കാരിലെ പരാജയപ്പെട്ടവരുടെ പ്രതീകമാണ്.

വിരോധാഭാസം എന്ന് പറയുന്നത് നിരവധി സംരംഭങ്ങൾ ലണ്ടനിൽ നടത്തുന്ന ഞങ്ങളുടെ ഹോം സ്റ്റേ ഉടമയും ഒരു നൈജീരിയക്കാരനാണ് എന്നതാണ് . ലണ്ടനിൽ ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഉടമ ബെഞ്ചമിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

പാർലമെൻറ് സ്ക്വയറും വെസ്റ്റ് മിനിസ്റ്റർ ആബിയും സന്ദർശിച്ചതിനു ശേഷം മുന്നിലുള്ള വിശാലമായ ഗ്രൗണ്ട് ചുറ്റിക്കറങ്ങിയ ഞങ്ങളുടെ ശ്രദ്ധ പെട്ടെന്നാണ് ഒരു ആൾക്കൂട്ടത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്. ആൾക്കൂട്ടത്തിന് നടുക്ക് കുറെ ചെറുപ്പക്കാർ സംഗീത ഉപകരണങ്ങളും വീഡിയോ ക്യാമറയുമായി അരങ്ങു തകർക്കുകയാണ്. ഏതോ ടിവി പരിപാടിയാണെന്നാണ് പെട്ടെന്ന് കരുതിയത്.

സാക്‌സോഫോണുകളും അനുബന്ധ സംഗീത ഉപകരണങ്ങളും മറ്റും വിൽക്കുന്ന Sax.co. uk എന്ന യു കെ ആസ്ഥാനമായുള്ള ഓൺലൈൻ സ്റ്റോറിന്റെ പരസ്യാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു അത് . കാഴ്ചക്കാരോട് ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ച് സമ്മാനം കൊടുക്കുന്ന പരിപാടിയിൽ ശരിയുത്തരം പറഞ്ഞ് 5 പൗണ്ട് സമ്മാനം ലഭിച്ചു. കാണികളോട് സൗമ്യമായി തമാശരൂപേണ വ്യത്യസ്തമായി ഇടപെട്ട് തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്ന കുറെ ചെറുപ്പക്കാർ.

സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ പുതിയ ആൾക്കാരുമായി പരിചയപ്പെടുന്നതിനുള്ള അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ലണ്ടൻ സന്ദർശനത്തിനിടെ അങ്ങനെയുള്ള പരിചയപ്പെടലുകൾ കുറവായിരുന്നു . എന്നിരുന്നാലും റിക്ഷകൾ അത്ര സാധാരണമല്ലാത്ത ലണ്ടനിൽ വെച്ച് പരിചയപ്പെട്ട റിക്ഷാ ഡ്രൈവർ പവൽ ആ കൂട്ടത്തിൽ പെടുന്നയാളാണ്.

ഞങ്ങൾ താമസിച്ചിരുന്ന ഹോം സ്റ്റേയുടെ സമീപത്തുള്ള വീടുകളുടെ മുകൾഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ചിമ്മിനികളെ എൻറെ ശ്രദ്ധയിൽ പെടുത്തിയത് ജോജി ആണ്. ഇത്തരം ചിമ്മിനികൾ ഈ നാടിൻറെ കാലാവസ്ഥയോട് അനുബന്ധിച്ച് ആദ്യകാലങ്ങളിൽ അനിവാര്യമായിരുന്നു. കൽക്കരി ഉപയോഗിച്ച് വീടിൻറെ ഉൾവശം ചൂടു നിലനിർത്തിയിരുന്ന കാലത്ത് പുക പുറത്തേയ്ക്ക് വമിക്കാനായി ആണ് ഈ ചിമ്മിനികൾ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇന്ന് സെൻട്രൽ ഹീറ്റിംഗ് സംവിധാനങ്ങൾ വ്യാപകമായതോടെ ചിമ്മിനികളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു. എന്നിരുന്നാലും പോയ കാലത്തിൻറെ പൈതൃകത്തിന്റെ ഭാഗമായി ലണ്ടനിലെ പല പഴയ വീടുകളും ഇപ്പോഴും ചിമ്മിനികളെ അലങ്കാരത്തിന്റെ ഭാഗമായി നിലനിർത്തുന്നുണ്ട്. ഈ ചിമ്മിനികളെ കുറിച്ച് കൂടുതൽ അനേഷിച്ചപ്പോഴാണ് ഒലിവർ ട്വിസ്റ്റ് പോലുള്ള ബ്രിട്ടീഷ് ക്ലാസിക്കുകളിൽ വരെ ചിമ്മിനികളെ കുറിച്ചുള്ള പരാമർശം ഉണ്ടെന്ന് മനസ്സിലായത്. ആദ്യകാലങ്ങളിൽ ചിമ്മിനികൾ സാമ്പത്തികമായി പുരോഗമിച്ച ഉന്നതരുടെ വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 16-ാം നൂറ്റാണ്ടോടെയാണ് ചിമ്മിനികൾ സാധാരണക്കാരുടെ വീടുകളിലും വ്യാപകമായത്.

ലണ്ടനിൽ ഉണ്ടായിരുന്ന മൂന്ന് ദിനരാത്രങ്ങളിൽ ഏറിയ പങ്കും ഞങ്ങൾ ഹോംസ്റ്റേയ്ക്ക് പുറത്തായിരുന്നു. ശരിക്കും ഓട്ടപ്രദക്ഷിണം. പക്ഷേ ഒന്നാം നിലയിലെ ഹോംസ്റ്റയിലെ വൈകുന്നേരങ്ങളിലെ ഒത്തുചേരലും താമസവും മനോഹരമായിരുന്നു. പ്രധാനകാരണം ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് നടത്തിയ പാചകം തന്നെ . പകൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കഞ്ഞി കുടിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഇടയ്ക്കൊക്കെ ഇങ്ങനെ യാത്രകൾ പോകാറുള്ള ജോജി മതിയായ തയ്യാറെടുപ്പോടെയാണ് വന്നിരുന്നത്. കഞ്ഞി മാത്രമല്ല ഫ്രോസൺ ചെയ്ത പൊറോട്ടയും ജോജിയുടെ ഭാര്യ മിനി കൊടുത്തുവിട്ട വിവിധ കറികളും അച്ചാറും പിന്നെ ഞങ്ങളുടെ സ്വയം പാചകങ്ങളുമായി രണ്ടു രാത്രിയും ഞങ്ങൾ ശരിക്കും ആഘോഷിച്ചു . പകൽ മുഴുവൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്ഷീണിതരായിരുന്നെങ്കിലും എല്ലാദിവസവും രാത്രി 12 മണി വരെ പാചകവും കൊച്ചു വർത്തമാനവുമായി നീണ്ട മനോഹരമായ രാത്രികൾ.

യുകെയിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ ലണ്ടൻ സന്ദർശിക്കാൻ സാധിക്കുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. എൻറെ യുകെ സന്ദർശനം എന്നും ഓർമ്മയിൽ നിൽക്കുന്നതായിരിക്കണമെന്നും എന്നെ ലണ്ടൻ നഗരത്തിലെ ചരിത്രമുറങ്ങുന്ന സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണിക്കണമെന്നുമുള്ള ജോജിയുടെയും മിനിയുടെയും ദൃഢനിശ്ചയമാണ് അതിന് വഴിതുറന്നത്. സ്വതവേ യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന എൻറെ മനസ്സിൽ ജീവിതകാലം മുഴുവൻ തങ്ങിനിൽക്കുന്ന ഓർമ്മകളാണ് യുകെ യാത്രയും പ്രത്യേകിച്ച് ലണ്ടൻ സന്ദർശനവും സമ്മാനിച്ചത്.

യുകെയിൽ എത്തിയ ആദ്യ ദിവസം തന്നെ പരിചയപ്പെട്ടതാണ് ജോജിയുടെ സുഹൃത്തും തൃശ്ശൂർ സ്വദേശിയായ   വിജോയി വിൻസെന്റിനെ . എന്നാൽ ലണ്ടൻ യാത്രയിൽ കൂടെയുണ്ടായിരുന്ന ജോയിലിനെയും ലിറോഷിനെയും ഞാൻ ആദ്യം കാണുന്നത് യാത്രയുടെ തുടക്കത്തിൽ മാത്രമാണ്. ഒരാൾ വിജോയിയുടെ ഭാര്യ ജോസ്നയുടെ സഹോദരനും മറ്റൊരാൾ കസിനുമാണ്. രണ്ടുപേരും കാനഡയിൽ പഠിക്കുന്നു. പിന്നീട് വിജോയിയുടെ ഒരു ഫാമിലി ഫങ്ക്ഷനോട് അനുബന്ധിച്ച് ഇരുവരെയും തൃശ്ശൂരിൽ വച്ചും കാണുകയുണ്ടായി. സത്യത്തിൽ യാത്രകൾ പൂർണ്ണമാകുന്നത് അടുത്ത സുഹൃത്തുക്കളുടെ സാമിപ്യം കൊണ്ടു കൂടിയാണ്. യാത്രകളിൽ കാണുന്ന സ്ഥലങ്ങളോടൊപ്പം തന്നെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന സൗഹൃദ നിമിഷങ്ങളും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

ശരിക്കും ലണ്ടൻ യാത്രയിൽ ഞങ്ങളുടെ ലീഡർ വിജോയി ആയിരുന്നു. മിക്കവാറും എല്ലാ യുകെ മലയാളികളും നാട്ടിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് ഒരുക്കുന്ന സ്നേഹ സമ്മാനമാണ് ലണ്ടൻ യാത്ര. ആ രീതിയിൽ പലപ്രാവശ്യം ലണ്ടൻ സന്ദർശിച്ചിട്ടുള്ള വിജോയിയുടെ അനുഭവ പരിചയം ഏറ്റവും കൂടുതൽ മുതൽ കൂട്ടായത് എനിക്കാണെന്ന് പറയേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓടിയെത്താൻ പറ്റാത്ത സ്ഥലങ്ങളും യാത്രാനുഭവം പകർന്ന് നല്കാൻ പ്രയത്നിച്ച ജോജിക്കും വിജോയിക്കും ഒരായിരം നന്ദി. ആഗ്രഹിച്ച സ്ഥലങ്ങളിലൂടെയെല്ലാമുള്ള യാത്രയ്ക്കും സൗഹൃദ നിമിഷങ്ങൾക്കും.

 

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ബിനോയ് എം. ജെ.

അപൂർണ്ണത ഒരു മിഥ്യ ആണോ അതോ സത്യമാണോ. നാം എല്ലായിടത്തും അപൂർണ്ണതയെ കാണുന്നു. അപൂർണ്ണതയെ അനുഭവിക്കുന്നു. അതുകൊണ്ട് അത് തന്നെയാണ് സത്യം എന്ന് പലരും വാദിച്ചേക്കാം. അതുപോലെതന്നെ പൂർണ്ണത ഒരുമിഥ്യ ആണെന്നും പലരും വാദിച്ചേക്കാം. അപൂർണ്ണത സത്യമാണെന്നും പൂർണ്ണത മിഥ്യയാണെന്നുള്ള നമ്മുടെ ചിന്താഗതിയാണ് തുടക്കം തൊട്ട് തന്നെ പിഴച്ചു പോയിരിക്കുന്നത്. മനുഷ്യ ജീവിതത്തെ കണ്ണീരിൽ ആഴ്ത്തി തുടക്കം മുതൽ നാം ഈ തെറ്റായ വിശ്വാസത്തിൽ കഴിഞ്ഞുകൂടുന്നു. അതുമൂലം രോഗങ്ങളും ദുഃഖങ്ങളും മരണവും നമ്മുടെ ജീവിതത്തിൽ കടന്നു കൂടുന്നു. ഈശ്വരൻ നമുക്ക് അന്യമാണ്. അങ്ങനെ ഒരു പദം എല്ലാവരും ഉപയോഗിക്കുന്നു എന്നത് കവിഞ്ഞ് അതിൽ കാര്യമായി അർത്ഥം ഒന്നുമില്ല.

നാവ് കൊണ്ട് നാം ഈശ്വരനെ ആരാധിക്കുന്നു, കർമ്മം കൊണ്ട് അവിടുത്തെ നിന്ദിക്കുകയും ചെയ്യുന്നു. പൂർണ്ണത ഈശ്വരന്റെ ലക്ഷണമാണ്. അപൂർണ്ണത ലോകത്തിന്റെയും. പൂർണ്ണത എല്ലാത്തിനെയും ഉൾക്കൊള്ളുന്നു. എല്ലാം അതിന്റെ ഉള്ളിലാണ്, അതിന് വെളിയിൽ യാതൊന്നുമില്ല. അത് സർവ്വവ്യാപിയാണ്. അങ്ങനെയാണെങ്കിൽ എവിടെയാണ് അപൂർണ്ണത കിടക്കുന്നത്? അങ്ങനെ ഒന്നിന് അവിടെ സ്ഥലമില്ല. അത് ഇല്ലാത്തതാണ്. അത് മിഥ്യയാണ്. ജഗത്ത് എന്നും പറഞ്ഞ് ഒന്ന് അവിടെ ഇല്ല. എല്ലാം ഈശ്വരനാണ്.

ആ ഈശ്വരൻ കുറവുകൾ ഇല്ലാത്തതാണ്. ആ അപരിമിതനായ ഈശ്വരന് കുറവുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടോ? തീർച്ചയായും ഇല്ല.

നാം എല്ലായിടത്തും കുറവുകൾ കാണുന്നുണ്ടെങ്കിൽ നാം മിഥ്യയിലാണ് എന്ന് നിസ്സംശയം പറയാം. ബ്രഹ്മസത്യം ജഗത് മിഥ്യ. ഒരേസമയം ഈശ്വരനെയും ജഗത്തിനേയും കൂടി കാണുവാൻ ഒരാൾക്ക് കഴിയുകയില്ല. ജഗത്തിനെ കാണുന്നവൻ ഈശ്വരനെ മറക്കുന്നു. ഈശ്വരനെ കാണുന്നവന് ജഗത്ത് തിരോഭവിച്ചിരിക്കുന്നു. അപൂർണ്ണതയെ കാണുവാനുള്ള വ്യഗ്രതയിൽ നാം പൂർണ്ണതയെ മറക്കുന്നു. പൂർണ്ണത പ്രകാശിക്കുന്നിടത്ത് അപൂർണ്ണതയ്ക്ക് സൗന്ദര്യമില്ല. വൈരൂപ്യത്തെ കാണുവാനുള്ള വ്യഗ്രതയിൽ നാം സൗന്ദര്യത്തെ മറക്കുന്നു.

എത്രയൊക്കെ തന്നെ ശ്രമിച്ചാലും നമുക്ക് പൂർണ്ണതയെയും സൗന്ദര്യത്തെയും ഉപേക്ഷിക്കുവാൻ കഴിയുകയില്ല. കാരണം നാം തന്നെ ആ പൂർണ്ണതയും സൗന്ദര്യവും ആകുന്നു.

അത് നമ്മുടെ സ്വരൂപം ആകുന്നു. പൂർണ്ണതയ്ക്കും സൗന്ദര്യത്തിനും വേണ്ടിയുള്ള ആ അന്വേഷണം നമ്മുടെ വ്യക്തിത്വത്തെ നിർണയിക്കുന്നു. നാം ഇപ്പോൾ പൂർണ്ണതയിൽ അല്ല എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ അതുകൊണ്ട് തൃപ്തിപ്പെടുവാൻ മനുഷ്യന് കഴിയുകയില്ല. അവൻ എല്ലായിടത്തും പൂർണ്ണതയെയും സൗന്ദര്യത്തെയും അന്വേഷിച്ചു തുടങ്ങുന്നു. “ഇപ്പോൾ കാണുന്നത് പൂർണ്ണത അല്ല അതുകൊണ്ട് നമുക്ക് പൂർണ്ണത വേണം”. ഈ അന്വേഷണം സ്ഥലകാലങ്ങളെ ജനിപ്പിക്കുന്നു. “എനിക്ക് ഭാവിയിൽ പൂർണ്ണനാകുവാൻ സാധിക്കും.” അവിടെ സമയം ജന്മം എടുക്കുന്നു. “ഞാൻ പൂർണ്ണതയെ അന്വേഷിച്ച് കണ്ടെത്തും”. അവിടെ സ്ഥലം ജനിക്കുന്നു. സ്ഥലകാലങ്ങൾ മായയുടെ ലക്ഷണമാണ്. എന്നാൽ ഈശ്വരനാകട്ടെ

സ്ഥലകാലങ്ങൾക്കും അപ്പുറമാണ്. നാം അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും അവിടുത്തെ എല്ലായിടത്തും അന്വേഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈശ്വരനെ കണ്ടെത്തുവാൻ നമുക്ക് കഴിയുന്നില്ല. കാരണം നാം ഇപ്പോൾ തന്നെ ഈശ്വരനാണ്. അവിടുത്തെ അന്വേഷിക്കുകയും അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമുക്ക് അവിടുത്തെ അനുഭവിക്കാൻ കഴിയാതെ പോകുന്നത്. ഒന്നുകിൽ പൂർണ്ണതയിൽ കഴിയുക അല്ലെങ്കിൽ അപൂർണ്ണതയിൽ കഴിയുക. നാം അപൂർണ്ണതയെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. നമ്മുടെ ക്ലേശങ്ങളെല്ലാം ഇവിടെയാണ് ആരംഭിക്കുന്നത്.

ഞാൻ കാണുന്നു. ഇവിടെ ഞാനും

കാണുന്ന വസ്തുവും രണ്ടാണ്. നാം ഇന്ദിരങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഒന്ന് പലതായി കാണുന്നു. അതായത് എനിക്ക് പൂർണ്ണതയെ ഇന്ദ്രിയങ്ങളിലൂടെ കാണുവാൻ കഴിയുകയില്ല. എന്നാൽ എനിക്ക് അതിനെ അനുഭവിക്കുവാൻ കഴിയും. പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന നാനാത്വത്തിൽ അധിഷ്ഠിതമായ ഈ ജഗത് മിഥ്യയാണ്. ജഗത്തിന്റെ പിറകെ ഓടാതെ ആത്മാവിൽ വസിക്കുവിൻ. നിങ്ങൾ ഇപ്പോൾ തന്നെ ആ ആത്മാവാണ്. നിങ്ങൾക്ക് ഏറ്റവും സമീപത്തുള്ളതും ആ ആത്മാവ് തന്നെ. നിങ്ങളും ഈശ്വരനും ഒന്നുതന്നെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 രാജേഷ് ജോസഫ് ലെസ്റ്റർ

ദുഃഖവെള്ളി…
വാക്കുകൾ നിശ്ശബ്ദമാകുന്ന ഒരു ദിവസം,
കാറ്റ് പോലും മന്ദമായി ശ്വാസമെടുക്കുന്ന ഒരു നിമിഷം,
ക്രൂശിന്റെ നിഴലിൽ
ദൈവസ്നേഹം രക്തമായി ഒഴുകിയ ഒരു സമയമുദ്ര.

ഗോൾഗോത്തയുടെ മലമുകളിൽ
ഒരു മൗനം പിറന്നു—
മുള്‍ക്കിരീടം ധരിച്ച വേദന
നക്ഷത്രങ്ങളെക്കാൾ പ്രകാശമായി
മനുഷ്യഹൃദയങ്ങളിൽ വീണു.

“അവരെ ക്ഷമിക്കേണമേ…”
ആ വാക്കുകൾ
കാലത്തിന്റെ നെഞ്ചിലൂടെ ഒഴുകുന്ന ഒരു നദി,
പാപവും വൈരവും കഴുകിക്കളയാൻ
ഇന്നും ശ്രമിക്കുന്ന ഒരു ദൈവശബ്ദം.

ഇന്നത്തെ ലോകം—
പൊട്ടിയ സ്വപ്നങ്ങളുടെ ഒരു ശവകുടീരം,
യുദ്ധത്തിന്റെ തീയിൽ കത്തുന്ന മനുഷ്യവംശം,
വിഭജനത്തിന്റെ മതിലുകളിൽ കുടുങ്ങിയ
മനുഷ്യന്റെ ഏകാന്തത.

ഓരോ ബോംബ് പൊട്ടലിലും
ഒരു ഹൃദയം തകർന്നുവീഴുന്നു,
ഓരോ വൈരവാക്കിലും
ഒരു സ്നേഹം മരിക്കുന്നു.

എന്നാൽ,
ആ ഇരുട്ടിന്റെ നടുവിൽ
ഒരു ക്രൂശ് നിൽക്കുന്നു—
അതു വെറും മരക്കഷണമല്ല,
അതൊരു പ്രാർത്ഥനയുടെ രൂപം,
ഒരു ത്യാഗത്തിന്റെ സംഗീതം,
ഒരു സ്നേഹത്തിന്റെ അനന്തത.

രക്തം ചൊരിഞ്ഞ കൈകൾ
ഇന്നും ആകാശത്തെ തൊടുന്നു,
നമ്മെ വിളിക്കുന്നു—
“സ്നേഹിക്കുക…
വേദനിച്ചാലും സ്നേഹിക്കുക…
ക്ഷമിക്കുക…
ഹൃദയം തകർന്നാലും ക്ഷമിക്കുക…”

ക്രൂശ് ചോദിക്കുന്നു—
നീ എന്തിന് ഇപ്പോഴും വൈരം പിടിക്കുന്നു?
നീ എന്തിന് ഇപ്പോഴും പ്രതികാരം തേടുന്നു?
നിനക്കുള്ളിൽ
ഇനിയും ഒരു മനുഷ്യൻ ജീവിക്കുന്നുണ്ടോ?

ദുഃഖവെള്ളി—
ഒരു വേദനയുടെ കവിത,
ഒരു സ്നേഹത്തിന്റെ സമുദ്രം,
ഒരു മൗനത്തിലെ മഹാഗാനം.

മരണം പോലും കീഴടക്കാനാവാത്ത
ഒരു സത്യത്തിന്റെ ശബ്ദം—
ഇരുട്ടിനെ കീറിയിറങ്ങി
പ്രകാശമാകുന്ന ഒരു പ്രത്യാശ.

അതുകൊണ്ട്,
ഈ നിശ്ശബ്ദ ദിനത്തിൽ
നമ്മൾ കേൾക്കേണ്ടത് ശബ്ദങ്ങളല്ല,
ഒരു മൗനം—
ക്രൂശിൽ നിന്നും വീഴുന്ന
സ്നേഹത്തിന്റെ തുള്ളികൾ.

ദുഃഖവെള്ളി…
ഒരു ദിവസം അല്ല—
ഒരു ഹൃദയസ്പന്ദനം,
ഒരു വിളി—
മനുഷ്യനാകാൻ,
സ്നേഹമായി മാറാൻ,
ക്ഷമയായി ജീവിക്കാൻ

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

 

ബിനോയ് എം. ജെ.

അസ്ഥിത്വവാദം വ്യക്തികളെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണോ? മൂഢമായ സമൂഹത്തിന്റെ ഹീനമായ ആധിപത്യത്തിൽ നിന്നും വ്യക്തികളെ കരകയറ്റുവാനും അവനിലെ പ്രതിഭയെ ഉണർത്തിക്കൊണ്ട് അവനെ മഹാനാക്കുവാനും ഉന്നം വെച്ചുകൊണ്ടാണ് അസ്ഥിത്വവാദം രംഗപ്രവേശം ചെയ്യുന്നത്. ഇതിൽ ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു. തങ്ങൾ സമൂഹത്തിന്റെ അടിമകൾ അല്ലെന്നും മറിച്ച് സമൂഹത്തിന് ചില സംഭാവനകൾ ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്നും അസ്ഥിത്വവാദം വ്യക്തികളെ ഉദ്ബോധിപ്പിക്കുന്നു. ഇത് സമൂഹം വരയ്ക്കുന്ന വരയിലൂടെ മാത്രമേ വ്യക്തികൾ നടക്കാൻ പാടുള്ളൂ എന്ന പരമ്പരാഗതമായ ആശയത്തെ ചോദ്യം ചെയ്യുന്നു. ഇപ്രകാരം സ്വാതന്ത്ര്യം പ്രാപിക്കുന്ന വ്യക്തികൾ

പ്രതിഭാശാലികളായി മാറുന്നു. അവർ ഇനിമേൽ വെറും അനുകർത്താക്കൾ അല്ല. ഇവർ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരാണ്. അവർ സമൂഹത്തിന്റെ അടിമകൾ അല്ല.

അസ്ഥിത്വവാദപ്രകാരം വ്യക്തികൾ സമൂഹത്തേക്കാൾ ശ്രേഷ്ഠരാണ്. ഈ വാദം ഭാരതീയ ചിന്താ പദ്ധതിയുമായി 100% വും സ്വരചേർച്ചയിലാണ്. വ്യക്തികൾക്കുള്ളിൽ ഈശ്വരൻ വസിക്കുന്നതെന്നും സമൂഹം മായയാണെന്നും ഭാരതീയർ വാദിക്കുന്നു. സമൂഹത്തിന്റെ അല്ലെങ്കിൽ മായയുടെ ആധിപത്യത്തിൽ നിന്നും കരകയറുക എന്നത് വ്യക്തിയുടെ ആത്യന്തികമായ ജീവിത ലക്ഷ്യവും ആകുന്നു. പക്ഷേ അസ്ഥിത്വവാദം വ്യക്തിയെ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. സമൂഹത്തിന്റെ ആധിപത്യത്തിൽ നിന്നും

പൂർണ്ണമായും മോചനം പ്രാപിക്കുവാൻ ഇതുവരെ ഒരു അസ്ഥിത്വവാദിക്കും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അവനെ ബന്ധുമിത്രാദികളുടെ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ അസ്തിത്വവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് അറിവുള്ളതുപോലെ സമൂഹത്തിന് പ്രാഥമിക ഗ്രൂപ്പ് (Primary Group)എന്നും ദ്വിതീയ(Secondary Group) ഗ്രൂപ്പ് എന്നും രണ്ടു പടവുകൾ ഉണ്ട്. ഇതിൽ പ്രാഥമികമായ ഗ്രൂപ്പ് ബന്ധുമിത്രാദികളെയും ദ്വിതീയ ഗ്രൂപ്പ് വലിയ സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇതിൽ പ്രാഥമികമായ ഗ്രൂപ്പിന്റെ അടിമത്തത്തിൽ നിന്നും മോചനം നേടുക എന്നത് പ്രായേണഎളുപ്പമുള്ള കാര്യമാണ്. അസ്ഥിത്വവാദികൾ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ പ്രതിഭാശാലികളാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ

ശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും ചിന്തകന്മാരും ഈ പടി കടന്നവരാണ്. അവരെ നാം അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്നു. അവരിലെ സർഗ്ഗശേഷി ഉണർന്നിരിക്കുന്നു. എന്നാൽ അതിനുമപ്പുറത്തേക്ക് പോകുവാൻ അസ്ഥിത്വ വാദികൾക്ക് കഴിഞ്ഞിട്ടില്ല. അതിനപ്പുറമുള്ള ദ്വിതീയ ഗ്രൂപ്പിനെയും കൂടി ജയിക്കുവാൻ വ്യക്തിക്ക് കഴിഞ്ഞാൽ അവന്റെ ജീവിതം പൂർണമാകുന്നു. അവിടെ അവൻ ആത്മസാക്ഷാത്കാരത്തിൽ എത്തുന്നു. അവൻ നിർവ്വാണം പ്രാപിക്കുന്നു. ദ്വിതീയ ഗ്രൂപ്പിനെ എങ്ങനെ ജയിക്കാം എന്നതാണ് ഇവിടെ ഉയർന്നു വരുന്ന ചോദ്യം. ഇതിന് വളരെ നാൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കുള്ള പാത സ്വയം ഈശ്വരനാണെന്ന ബോധ്യം ഉള്ളിൽ വളർത്തിയെടുക്കുക എന്നതാണ്. സ്വയം

ഈശ്വരൻ ആണെന്ന് ബോധ്യമുള്ളയാൾ ആരുടെയും മുന്നിൽ തലകുനിക്കാറില്ല. അയാൾ എല്ലാ അപകർഷതകളെയും ജയിച്ചു കഴിഞ്ഞിരിക്കുന്നു. അയാളുടെ ഉള്ളിലെ അനന്തമായ വിജ്ഞാനം ഉണർന്നു തുടങ്ങിയിരിക്കുന്നു.

നാം സാമൂഹ്യ ജീവിതം നയിക്കുമ്പോൾ നമുക്ക് എല്ലായിടത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. ഈ പ്രശ്നങ്ങൾ ആകുന്ന കല്ലേറിനെ നേരിടണമെങ്കിൽ നമുക്കൊരു പരിച ആവശ്യമാണ്. ആത്മബഹുമാനമാകുന്നു ഈ പരിച. ഒരാൾ നിങ്ങളെ കഴുതയെന്നും മറ്റൊരാൾ നിങ്ങളെ കുരങ്ങൻ എന്നും വിളിച്ചേക്കാം. അവയാൽ ബാധിതരാകാതിരിക്കണമെങ്കിൽ നിങ്ങൾക്ക് അനന്തമായ ആത്മബഹുമാനം വേണം. നിങ്ങളുടെ ആത്മബഹുമാനം അനന്തതയിലേക്ക്

ഉയരട്ടെ. നിങ്ങൾ ഈശ്വരൻ തന്നെ ആണെന്ന ചിന്ത നിങ്ങളുടെ മനസ്സിൽ വേരോടേണ്ടിയിരിക്കുന്നു. ശരിയും തെറ്റും തമ്മിലുള്ള സംഘർഷം മനസ്സിൽ ഉയരുമ്പോൾ നിങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ല എന്ന് ഉറപ്പിച്ചു പറയുവിൻ. നിങ്ങൾ ചിന്തിക്കുകയും പറയുകയും ചെയ്യുന്നതെല്ലാം ശരി തന്നെ എന്ന് ഉറച്ച് വിശ്വസിക്കുവിൻ. അടിയുറച്ച ഈ ആത്മവിശ്വാസത്തിന് മുന്നിൽ ഈ ജഗത്ത് തലകീഴായി മറിയും. നിങ്ങൾ ഈശ്വരനാണോ പുഴുവാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഈശ്വരൻ ആകാം. നിങ്ങൾ അതാണ് ചെയ്യേണ്ടത്. പക്ഷേ എല്ലാവരും പുഴുവായി മാറുന്നു. അതിനുശേഷം തനിക്ക് ആകെ പ്രശ്നങ്ങളാണെന്ന് മുറവിളി കൂട്ടുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക്

കഴിയും. നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ. നിങ്ങളെ നശിപ്പിക്കുവാനും നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ജീവിതമാണ്. “ആത്മബഹുമാനം നഷ്ടപ്പെടുന്നവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞു”( സ്വാമി വിവേകാനന്ദൻ). സമൂഹത്തിന് മുമ്പിൽ തലകുനിക്കാതെ ഇരിക്കുവിൻ. ദൗർബല്യം നിമിത്തമാണ് നിങ്ങൾ സമൂഹത്തിനു മുമ്പിൽ തലകുനിക്കുന്നത്. ഇത്രയും വലിയ ഈ സമൂഹത്തെ താൻ എങ്ങനെ ഒറ്റയ്ക്ക് നേരിടും എന്ന ദൗർബല്യം. ഭീമമായ സൈന്യത്തെ തന്റെ മുന്നിൽ കണ്ടപ്പോൾ അർജുനനുണ്ടായ അതേ ദൗർബല്യം. അതിനാൽ അധികം നല്ല പിള്ള ചമയാതെ ഇരിക്കുവിൻ. ഭൂരിപക്ഷം ആളുകൾ പറയുന്നതല്ല ശരി. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ പറയുന്നത് തന്നെയാണ് ശരി. ഈ ചങ്കൂറ്റമാണ് നമുക്ക് വേണ്ടത്.

ഇപ്രകാരം വ്യക്തിയും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ സമൂഹത്തിന്റെ ഭാഗം ചേരാതെ വ്യക്തിയുടെ ഭാഗം ചേരുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതായത് ഞാനും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ പിന്താങ്ങേണ്ടിയിരിക്കുന്നു. ഞാൻ എന്നെ പിന്താങ്ങിയില്ലെങ്കിൽ പിന്നെ ആരാണ് എന്നെ പിന്താങ്ങുവാനുള്ളത്. ഇപ്രകാരം അസ്തിത്വവാദം വ്യക്തിയുടെ സമൂഹത്തിനു മേലുള്ള വിജയത്തെ ഉദ്ഘോഷിക്കുന്നു. അവിടെ അയാൾ ആത്മസാക്ഷാത്കാരം നേടി കഴിഞ്ഞിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ബിനോയ് എം. ജെ.

സ്വപ്നങ്ങൾ എന്നും മധുരിക്കുന്നവയാണ്. നമ്മുടെ മനസ്സ് സദാ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സ് വെറുതെ ഇരിക്കുന്നില്ല. വെറുതെ ഇരിക്കേണ്ട ആവശ്യവുമില്ല. ഭാവാത്മകമായ സ്വപ്നങ്ങൾ ജീവിതത്തിന് മാറ്റു കൂട്ടുന്നു. അതേസമയം നിഷേധമായ സ്വപ്നങ്ങൾ അത്ര മധുരിക്കുന്നില്ല. അവ ഒരു ശാപം പോലെ നമ്മുടെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തെ കുറിച്ചുള്ള നിഷേധാത്മകമായ സംഗതികൾ എല്ലാം സ്വപ്നങ്ങൾ തന്നെയാണ്. അവ യാഥാർത്ഥ്യങ്ങൾ ആണെന്ന് നാം പറയുന്നു പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. ദുഃഖവും നിരാശയും ഉത്കണ്ഠയുമെല്ലാം മനസ്സിന്റെ സൃഷ്ടികൾ തന്നെ. അവ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ അവ സ്വപ്നവുമാണെന്ന് സമ്മതിക്കേണ്ടി

വരും. നമ്മുടെ ജീവിതം തന്നെ മനസ്സിന്റെ സൃഷ്ടിയാണ്. എല്ലാം മായാജാലങ്ങൾ. നാം യാഥാർത്ഥ്യങ്ങൾ എന്ന മുദ്രയടിച്ചിട്ടുള്ള സംഗതികൾ ഒന്നും തന്നെ യാഥാർത്ഥ്യങ്ങൾ അല്ല. അപമാനവും പണനഷ്ടവും ക്ലേശങ്ങളും എല്ലാം മനസ്സിന്റെ സൃഷ്ടികൾ മാത്രം. ഇതുപോലെ ഭാവാത്കമായ സ്വപ്നങ്ങളും മനസ്സ് നെയ്തു കൂട്ടാറുണ്ട്. വിജയവും ഐശ്വര്യവും സന്തോഷവും എല്ലാം മനസ്സിന്റെ സ്വപ്നങ്ങൾ മാത്രം. ഈ കാണുന്ന ജഗത്തും മനസ്സിന്റെ സ്വപ്നം തന്നെയാണ്. ജീവിതം ഒരു സ്വപ്നാടനമാണ്. ഈ വീക്ഷണ കോണത്തിനിടെ നോക്കുമ്പോൾ ജീവിതം അത്യന്തം മധുരമാണെന്ന് കാണാം. നിഷേധാത്മകസ്വപ്നങ്ങൾ വരാതിരുന്നാൽ ഈ ഭൂമി സ്വർഗ്ഗം പോലെ അനുഭവപ്പെടും. നാം നിഷേധാത്മക ചിന്തയെ

യാഥാർത്ഥ്യങ്ങൾ എന്ന് വിളിക്കാതിരുന്നാൽ അവ വളരെ വേഗം തിരോഭവിച്ചു കൊള്ളും. അവയെ നാം യാഥാർത്ഥ്യങ്ങൾ എന്ന് വിളിച്ചാൽ അവ ഒരുകാലത്തും നമ്മെ വിട്ടുപിരിയുകയില്ല. നാം ഈ കാണുന്നവയൊന്നും യാഥാർത്ഥ്യമല്ല. അവ ഘനീഭവിച്ച സ്വപ്നങ്ങൾ മാത്രമാണ്. നാം ജീവിതത്തിൽ പ്രേമത്തോടെ നോക്കിക്കാണുന്നത് ഒന്നും യാഥാർത്ഥ്യങ്ങൾ അല്ല. എല്ലാം സ്വപ്നാടനങ്ങളാണ്. ഇപ്രകാരം ഒരു സ്വപ്നാടനത്തിലൂടെ കടന്നുപോകുന്നത് ഒരു നല്ല കാര്യമല്ലേ? അത് അത്യുത്തമം തന്നെ.

ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ നിന്നും ക്ലേശങ്ങൾ കൊഴിഞ്ഞു പോകുന്നു. മാറാത്തതായി യാതൊന്നുമില്ല. മനസ്സിനെ ട്യൂൺ ചെയ്യുന്നതിനൊപ്പം അവ മാറി മറിഞ്ഞുകൊള്ളും. ഈ ജഗദ് നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിലാണ് കിടക്കുന്നത്. മനസ്സ് മാറുന്നതിനൊപ്പം അവയും മാറിമറിഞ്ഞു കൊള്ളും. മനസ്സിനെ നിയന്ത്രിക്കുന്ന നിങ്ങൾ തന്നെയാണ് സാക്ഷാൽ ഈശ്വരൻ. ഈശ്വരൻ മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. അതാണ് പരമമായ യാഥാർത്ഥ്യം! ബാക്കിയുള്ളവയെല്ലാം മനസ്സിന്റെ സൃഷ്ടികൾ. വാസ്തവത്തിൽ ഇങ്ങനെ ഒരു ജഗത് അവിടെയില്ല. അത് മനസ്സിന്റെ സൃഷ്ടി മാത്രം. ഇപ്രകാരം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഇപ്രബഞ്ചത്തെ മുഴുവൻ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് കഴിയും. പിന്നീട് അങ്ങോട്ട് ക്ലേശങ്ങൾ ഇല്ല, പരാജയങ്ങൾ ഇല്ല, അധമ വികാരങ്ങൾ ഇല്ല. അനന്തമായ ആസ്വാദനം മാത്രം. സ്വപ്നങ്ങൾ

എന്തിനു വേണ്ടി ഉണ്ടാകുന്നു. അത് നമുക്ക് ആസ്വദിക്കാൻ വേണ്ടി ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വപ്നങ്ങളെ പിടിച്ച് യാഥാർത്ഥ്യങ്ങൾ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആസ്വാദനം തിരോഭവിക്കുന്നു. പിന്നീട് അവിടെ മുറുമ്മലുംപല്ല് കടിയുമേ ഉണ്ടാവൂ. ബാഹ്യപ്രപഞ്ചം യാഥാർത്ഥ്യമാണെന്നുള്ള പശ്ചാത്യരുടെ വാദം സർവ്വനാശത്തിലേ അവസാനിക്കൂ. ഈ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെങ്കിൽ പിന്നെ എവിടെയാണ് ശാന്തിക്ക് സ്ഥാനം? അതോടൊപ്പം ഇവയെല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നു. ഒടുവിൽ മനുഷ്യൻ ഒരു പുഴുവായി അധ:പ്പതിക്കുന്നു. മനുഷ്യൻ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും കാരണം തെറ്റായ ഈ കാഴ്ചപ്പാടാണ്. അതിനാൽ ജീവിതം

ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ദൃഢ നിശ്ചയത്തോടുകൂടി പരിശ്രമിച്ചാൽ ഈ ജഗത്ത് മുഴുവൻ നമ്മുടെ വരുതിയിൽ നിൽക്കും. ഇതിനെ സർവ്വാധിപത്യം എന്ന് തത്വചിന്തയിൽ വിളിക്കുന്നു. സർവ്വാധിപത്യത്തിലേക്ക് വരുന്ന ഒരാൾ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. അയാൾ ഈശ്വരനായിക്കഴിഞ്ഞു. ഇതാകുന്നു പരമമായ ആദർശം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved