ബിനോയ് എം. ജെ.

ജീവിതം ഉള്ളവർക്കെല്ലാം ജീവിത പ്രശ്നങ്ങളും ഉണ്ട്. ജീവിതം ഒരു പ്രശ്നമാണോ? ആണെങ്കിൽ അതിനുള്ള പരിഹാരം എന്താണ്? എന്നാൽ ജീവിതം ഒരു പ്രശ്നമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ പിന്നെ എന്താണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന മരണം എന്ന സത്തയാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. നാം ആരും തന്നെ ജീവിതത്തെ വെറുക്കുന്നില്ല. കാരണം അത് മനോഹരമാണ്. അല്ല അത് അത്യന്തം മനോഹരമാണ്. മരണമാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നാം എല്ലാവരും മരണത്തെ ഭയപ്പെടുന്നവരാണ്. കാരണം അതിനെ ജയിക്കുവാൻ നാം ഇനിയും പഠിച്ചിട്ടില്ല. മരണം നമ്മുടെ ജീവിതത്തിൽ സദാ കരിനിഴൽ വീഴ്ത്തി കൊണ്ടേയിരിക്കുന്നു. അത് നമ്മെ

ഭയചകിതരാക്കുന്നു. ഇത് ജീവിതത്തിന്റെ മനോഹാരിതയെ തകർക്കുന്നു. എല്ലാം മരണത്തോടെ അവസാനിക്കുന്നുവെങ്കിൽ പിന്നെ എന്ത് അർത്ഥമാണ് ജീവിതത്തിനുള്ളത്? എല്ലാം വ്യർത്ഥമല്ലേ?

എന്നാൽ മരണം എന്ന സത്ത അവിടെ ഉണ്ടെന്നുള്ളതിന് എന്താണ് തെളിവ്? എല്ലാവരും തന്നെ മരിക്കുന്നു ആരും മരിക്കാതെ ഇരിക്കുന്നുമില്ല. ഈ മരണം ശരീരത്തെ മാത്രമല്ലാ ബാധിക്കുന്നുള്ളോ? മരണം ബാഹ്യമാണെങ്കിൽ ആന്തരികമായ മനസ്സ് ബുദ്ധി ആത്മാവ് ഇവ ഒന്നും മരിക്കുന്നില്ല. നാം കണ്ടമാനം ബാഹ്യോൻമുഖമായി പോകുന്നു അതാണ് നമ്മുടെ പ്രശ്നം. എല്ലായിടത്തും എല്ലാവരും മരിക്കുന്നു അതുകൊണ്ട് മരണം ഒരു സത്യമാണെന്ന് നാം ധരിച്ചു

പോയിരിക്കുന്നു. എന്നാൽ നമുക്ക് തെറ്റ് പറ്റിയിരിക്കുന്നു. മരണം ഒരു അഭാവസത്തെയാണ്. അത് യാഥാർത്ഥ്യത്തിൽ നിലനിൽക്കുന്നില്ല. അതിന് നമ്മുടെ മനസ്സിലേ നിലനിൽപ്പുള്ളൂ. നാം മരണത്തെ ഭയപ്പെടുന്നു അതുകൊണ്ട് നമുക്ക് മരണം ഉള്ളതായി തോന്നുന്നു. ആ തോന്നൽ അത്യന്തം ശക്തമായത് മൂലം ശരീരം മരിക്കുന്നതോടൊപ്പം നാം അബോധാവസ്ഥയിലേക്ക് വഴുതിവീഴുന്നു. അത് വീണ്ടും പുനർജന്മത്തിലേക്ക് നയിക്കുന്നു. കാരണം നാം ഇനിയും മരിച്ചിട്ടില്ല. നിത്യജീവിതം- അതാണ് നമ്മുടെ ലക്ഷണം. പല ജന്മാന്തരങ്ങളിലൂടെ അനന്തമായി നീളുന്ന ജീവിതം. ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയാൽ നാം പ്രശ്നത്തെ പരിഹരിക്കുന്നതിൽ പാതി വിജയിച്ചു കഴിഞ്ഞു. ജീവിതത്തിന് ആദിയോ

അവസാനമോ ഇല്ല. അത് ഒരു അനന്ത സത്തയാണ്. അതിൽ ഇടയ്ക്കിടെ മരണം സംഭവിക്കുന്നു. ഈ മരണമാകട്ടെ സാങ്കല്പികമാകുവാനെ വഴിയുള്ളൂ. മരണമില്ലെങ്കിൽ അവിടെ നിത്യജീവിതമാണ്. നമ്മുടെ ജീവിതത്തിൽ ഇതിനുമുമ്പ് നാം പലതവണ മരിച്ചിട്ടുണ്ട്. ഈ ദുഷിത വലയത്തിൽ നിന്ന് കരകയറി ഇല്ലെങ്കിൽ നാം വീണ്ടും വീണ്ടും മരിക്കുകയും ചെയ്യും. മാത്രമല്ല മരണം സൃഷ്ടിക്കുന്ന കരിനിഴൽ ജീവിതത്തിലാകെ പ്രശ്നങ്ങളുടെ നൂലാമാലകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ജീവിത പ്രശ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ വഴിയില്ല. അവയെല്ലാം മരണത്തിന്റെ നിഴലുകൾ മാത്രം. മരണം മാറിയാൽ എല്ലാം മാറി. ജീവിതം അത്യന്തം പ്രശാന്ത സുന്ദരമായി മാറുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണത്തെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച്

നാം നമ്മുടെ ജീവിതത്തെ ശോകാവൃതവും പാഴ്‌വേലയുമക്കി മാറ്റുന്നു. മരണത്തിൽ നിന്നും എത്ര മാത്രം അകലുന്നുവോ അത്രമാത്രം നമുക്ക് സന്തോഷവും ഊർജ്ജസ്വലതയും ലഭിക്കുന്നു. നിങ്ങളെ അത്യന്തം സന്തോഷിപ്പിച്ച ചില നിമിഷങ്ങൾ ഓർത്തു നോക്കൂ. അവിടെ നിങ്ങൾ മരണത്തിൽ നിന്നും അകലെയായിരുന്നു. അങ്ങനെ ഒരു ചിന്ത പോലും അവിടെ ഉണ്ടായിരുന്നില്ല. അതാണ് അവിടത്തെ സന്തോഷത്തിന്റെ രഹസ്യം. എന്നാൽ നാം ബാഹ്യമായ ഉപായങ്ങൾ ഉപയോഗിച്ചാണ് മരണത്തെ മറക്കാൻ ശ്രമിക്കുന്നതെങ്കിൽ അതിൽ നാം വിജയിക്കുകയില്ല. സമ്പൽസമൃദ്ധിയും, ആഘോഷങ്ങളും, ആസ്വാദനങ്ങളും, ഐശ്വര്യങ്ങളും എല്ലാം തന്നെ മരണത്തെ മറക്കുവാൻ വേണ്ടി ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇവ മരണത്തെ

താൽക്കാലികമായി ഒന്ന് മറക്കാമെന്നല്ലാതെ വേറെ ഗുണം ഒന്നും ചെയ്യുന്നില്ല. ജീവിതവിജയവും ആഹ്ലാദങ്ങളും മരണത്തെ താൽക്കാലികമായി ഒന്നു മറച്ചു പിടിക്കുന്നു. ആ മറവി അത്യന്തം ആഹ്ലാദകരമായതിനാലാണ് നാം അവയുടെയൊക്കെ പിറകെ ഓടുന്നത്. അത്രമാത്രം ജീവിതത്തെ സ്നേഹിക്കുകയും മരണത്തെ വെറുക്കുകയും ചെയ്യുന്നു. ആധ്യാത്മിക വ്യക്തിത്വങ്ങൾ ആകട്ടെ മരണത്തെ മറക്കുന്നതിന് ബാഹ്യമായ ഉപായങ്ങളുടെ സഹായം തേടാതെ തന്നെ അവയെ നേരിട്ട് മറക്കുവാൻ ശ്രമിക്കുന്നു. മരണത്തെ മറക്കുന്നതിന് എന്തിനാണ് വളഞ്ഞ വഴികൾ സ്വീകരിക്കുന്നത്, അതിനെ നേരിട്ടങ്ങ് മറന്നാൽ പോരെ? ധാരാളം മതിയാകും! എവിടെയാണ് തത്വചിന്തയുടെ പ്രസക്തി. മരണത്തെ മറക്കുവാൻ

ശ്രമിക്കുവിൻ! ബോധപൂർവ്വം അതിനെ മറക്കുവാൻ ശ്രമിക്കുവിൻ!! ഇപ്പോഴേക്കും പലർക്കും ആധി തോന്നി തുടങ്ങിയിരിക്കും. ആധി തോന്നേണ്ട ആവശ്യകത ഇല്ല. അതിനെ മറന്നേക്കുവിൻ. അതൊരു അഭാവസത്തെയാണ്. അതിനെ തുടർന്ന് എല്ലാ ജീവിത പ്രശ്നങ്ങളും തിരോഭവിച്ച് കഴിഞ്ഞിരിക്കും. അവിടെ ജീവിതം ഒരു അനന്തമായ ആസ്വാദനമായി മാറുന്നു. ഇങ്ങനെ നമുക്ക് നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുവാൻ സാധിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120