UK

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെംസ്‌ഫോര്‍ഡിലുള്ള മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം താഴത്തുപടി കുടുംബാംഗമായ ബെന്‍സി ജോസഫാണ് (43) മരണമടഞ്ഞത്. ബെൻസിയുടെ കുടുംബം ദുബായില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. വീഴ്ചയുടെ ആഘാതമോ ഹൃദയാഘാതമോ ആണ് മരണകാരണം എന്നാണ് ഇപ്പോൾ കിട്ടിയ വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍കിടെക്ട് ആയാണ് ബെന്‍സി ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ബെൻസിയും കുടുംബവും മൂത്ത കുട്ടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചെംസ്‌ഫോര്‍ഡിലേക്ക് താമസം മാറിയത്. പരേതയുടെ ഭര്‍ത്താവ് സിജി മാത്യുവും കുട്ടികളും ബെന്‍സിയുടെ ആകസ്മിക നിര്യാണത്തിൻെറ ഞെട്ടലിലാണ്.

ബെന്‍സി ജോസഫിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നമ്മുടെ സമൂഹത്തിൽ ഒരു വിജയ് ബാബുവും, ബോബി ചെമ്മണ്ണൂരും, വിനായകനുമൊക്കെ ആൾക്കാരുടെ സ്ത്രീപീഡനകഥകൾ വരുമ്പോൾ മാത്രം എഴുതിത്തീർക്കണ്ടവയല്ല ലൈംഗീക വിദ്യാഭ്യാസത്തിന്റ പ്രസക്തി
ഇവ നന്നായി തന്നെ വളരെ ലളിതമായി സൗമ്യമായി എഴുതി ഫോറസ്റ്റ്‌ പബ്ലിക്കേഷൻ പയ്യന്നൂർ പ്രസിദ്ധീകരിച്ച ജോസ്‌ന സാബു സെബാസ്റ്റ്യന്റെ “കുട്ടികൾക്ക് നൽകാം ലൈംഗിക വിദ്യാഭ്യാസം , മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം കൂടുതൽ ഉയരങ്ങളിലേക്ക് , വിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറപ്പെടുമ്പോൾ യൂകെയിലുള്ള ഓരോ മലയാളിക്കും അഭിമാനിക്കാം .

കാരണം എഴുത്തുകൾ പലവിധമുണ്ടെങ്കിലും എന്തോ ജോസ്‌നയുടെ എഴുത്തുകൾ പലതും സാഹിത്യവാസന ഒട്ടും തന്നെയില്ലാതെ മനുഷ്യരെ ചിന്തിപ്പിക്കാൻ കഴിവുള്ളവയാണ് . ജോസ്‌നയുടെ പല എഴുത്തുകളും ശക്തവും കാമ്പുള്ളവയുമാണെന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചിലർ പരസ്യമായും ചിലർ രഹസ്യമായും അംഗീകരിക്കുന്ന ഒന്നുതന്നെയാണ് . തന്റെ വായന മികവുകൾകൊണ്ടും, റിസേർച്ചുകൾ കൊണ്ടും, എക്സ്പീരിയൻസ് കൊണ്ടും വളരെയധികം സമ്പുഷ്ടമായ മാതാപിതാക്കൾക്കു കുട്ടികളെ ബയോളജിക്കൽ പരമല്ലാതെ മാനസീകമായി അവരുടെ ലൈംഗിക വളർച്ചയിൽ പതറാതെ അവരോടു കൂടെ എങ്ങനെ ഒരു കൂട്ടുകാരെ പോലെ സഞ്ചരിക്കാമെന്ന് ഈ ബുക്ക് പറഞ്ഞു വക്കുന്നു .

രാമദാസ് വാല്മീകം ബുക്ക് വായിച്ചു നൽകിയ അഭിപ്രായം ബുക്കിന്റെ എല്ലാ ഉൾക്കാമ്പുകളെയും എടുത്തു കാണിക്കുന്ന ഒന്നാണ് ശ്രീമതി ജോസ്ന സാബു സെബാസ്റ്റ്യൻ രചിച്ച “കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ ” പ്രധാനമായും മുതിർന്നവർക്കുള്ള ഒരു കൈ പുസ്തകം എന്ന ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യരുടെ പുനരുല്പാദനം എന്ന ബയോളജി പാഠപുസ്തകത്തിലെ ഭാഗം ക്ലാസ്സിൽ പഠിപ്പിക്കേണ്ടി വരുമ്പോൾ അധ്യാപകർ ആ പാഠഭാഗം ഒഴിവാക്കി നിങ്ങൾ സ്വയം വായിച്ചു പഠിച്ചാൽ മതി എന്നു വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരുണത്തിലാണ് നമ്മുടെ വിദ്യാലയങ്ങളിൽ ലൈംഗിക പഠനത്തിന്റെയും ബോധനത്തിന്റെയും ആവശ്യകഥയ്ക്ക് പ്രസക്തി വർദ്ധിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ എങ്ങിനെയാണ് ആ കുഞ്ഞ് ജനിക്കുന്നത് എന്ന ചോദ്യം മക്കൾ നിഷ്കളങ്കമായി ചോദിക്കുമ്പോൾ എങ്ങിനെ അവർക്ക് കൃത്യമായി മറുപടി നൽകാൻ കഴിയുമെന്ന് ഗ്രന്ഥകാരി ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.

ഗർഭധാരണം മുതൽ കുഞ്ഞുങ്ങൾ വളർന്ന് കൗമാരപ്രായം കൈവരുന്നതു വരെയുള്ള ഘട്ടങ്ങളെ വേർതിരിച്ച് ഒരോ ഘട്ടത്തിലും കുട്ടികളിലുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങൾ എന്തെല്ലാമാണെന്നും കുട്ടികളെ അവരുടെ ജിജ്ഞാസതയെ സംശയരഹിതമായി എങ്ങിനെയൊക്കെ മുതിർന്നവർക്ക് മാറ്റിയെടുക്കാമെന്നും വളരെ ലളിതമായി ആകർഷകമായ ഹൃദ്യമായ ശൈലിയിൽ ഈ കൈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ വിദഗ്ധർ ഈ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങളുടെ ഉദ്ധരണികൾ കൂടി ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പുസ്തകരചനയുടെ കൈവല്യത്തിന് ഗവേഷണത്തിന്റെ ആധികാരികത എത്ര മാത്രം പ്രയോജനപ്പെട്ടു എന്നു വ്യക്തമാക്കുന്നു. ലൈംഗിക ബോധനം മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത വീക്ഷണകോണിലൂടെയാണ് നടത്തേണ്ടതെന്ന് ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കിയത് രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്.

വളരെയേറെ ശ്രദ്ധയോടെ കുട്ടികളുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചില്ലെങ്കിൽ വരുന്ന പാളിച്ചകൾ ഇല്ലാതാക്കുന്നതിന് പലതരത്തിലുള്ള ബോധനതന്ത്രങ്ങൾ എങ്ങിനെയാണ് സ്വീകരിക്കേണ്ടതെന്ന് ഉദാഹരണസഹിതം ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്.

പതിനൊന്നു വയസ്സു മുതൽ പത്തൊമ്പത് വയസ്സു വരെയുള്ള കാലത്തെയാണ് നാം കൗമാരപ്രായമെന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടം കുട്ടികളിൽ മാനസിക ശാരീരിക വളർച്ച ഏറ്റവും കൂടുതൽ പ്രകടമാവുന്ന കാലഘട്ടവും സ്വന്തമായി വ്യക്തിത്വം പ്രകടമാക്കുന്നതിനായി പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന കാലഘട്ടമാണ്. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതും ആൺകുട്ടികൾ സ്വതത്രമായി ചിന്തിക്കാനും മറ്റുള്ളവരെ അനുകരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയെടുക്കാനും തെറ്റായ വഴികളിലൂടെ സഞ്ചരിക്കാനും സാധ്യതയുള്ള ജീവിത കാലഘട്ടമായിരിക്കും അതിനാൽ ഈ ഘട്ടത്തിൽ കുമാര പ്രായക്കാരെ മുതിർന്നവർ ഏറെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ അനുഭവങ്ങൾ ചൂണ്ടിക്കാണിച്ച് ഗ്രന്ഥകാരി സമർത്ഥിക്കുന്നുണ്ട്.

ഈ ഘട്ടത്തിൽ കുട്ടികളോട് സുഹൃത്തിനോടെന്നെ പോലെ സ്നേഹപൂർവ്വം ആശയവിനിമയം നടത്തി അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കുറിച്ചും വ്യക്തിവികാസത്തെക്കുറിച്ചും ആവശ്യമായ അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കുന്നുണ്ട്.

ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനും, ലൈംഗികമായ സാഹസികതൾക്കും ഈ കാലയളവിൽ കൗമാരപ്രായക്കാർ മുതിരാൻ ഇടയുള്ളതിനാൽ വളരെ നയപരമായി ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉണ്ടാകാനിടയാകുന്ന ദോഷവശങ്ങളെക്കുറിച്ചും കുട്ടികൾക്ക് സമപ്രായക്കാരിലൂടെയും വൈകാരിക വിക്ഷുബ്ധുത സൃഷ്ടിക്കാനിടയാക്കാതെ മനശാസ്ത്ര പരമായി വേണ്ട ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും മുതിർന്നവർക്ക് നൽകാനാവുമെന്നും ലേഖിക ചൂണ്ടിക്കാട്ടുന്നുണ്ട്.

ചെറിയ കുഞ്ഞുങ്ങൾ മുതൽ വൃദ്ധ സ്ത്രീകൾ വരെ പലതരത്തിലുള്ള പീഢനങ്ങൾക്കിരയാകുന്ന നമ്മുടെ കാലഘട്ടത്തിൽ ഇത്തരം അവസരങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും സമീപിക്കേണ്ട ഗവ: സംവിധാനത്തെക്കുറിച്ചും കൃത്യമായി പുസ്തകത്തിന്റെ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.

ഇന്റർനെറ്റിന്റെ ദുരുപയോഗം മൂലം പുതുതലമുറ എത്തിച്ചേരുന്ന ചതിക്കുഴികളിൽ നിന്ന് കുട്ടികളെ മുതിർന്നവർക്ക് എങ്ങിനെയെല്ലാം രക്ഷിക്കാനാവുമെന്ന കാര്യങ്ങളും ഗ്രന്ഥകാരി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഈ പുസ്തകരചന നടത്തുന്നതിന് അവലംബിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും പട്ടിക പുസ്തകത്തിൽ ചേർത്തിരിക്കുന്നത് ഈ വിഷയം ആഴത്തിൽ പഠിക്കുന്നതിന് താത്പര്യമുള്ളവർക്ക് വളരെയേറെ പ്രയോജപ്പെടും.

മലയാളത്തിൽ ലൈംഗിക പഠനം ബോധന സമ്പ്രദായത്തിൽ ഉൾപ്പെടുത്തേണ്ട കാലം അതികമിച്ചു എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ കാലികപ്രസക്തി. ഈ കൃതി പ്രസിദ്ധീകരിക്കുന്നതിന് വളരെ താത്പര്യം കാണിച്ച ശ്രീമതി ജോസ്ന സാബു സെബാസ്റ്റ്യന്റെ ഉദ്യമം ഏറെ ശ്ലാഘനീയം തന്നെ.

കേരളത്തിലെ എല്ലാ സ്ക്കൂൾ കോളേജ് ലൈബ്രറികളിലും ഇതിന്റെ പ്രതികൾ ഉണ്ടാകുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമായിരിക്കും. ഈ കൈ പുസ്തകം നമ്മുടെ ഒരോ ഗൃഹത്തിലും ഉണ്ടാകേണ്ടത് കുട്ടികൾക്ക് സമാധാനത്തോടെയും സുരക്ഷിതമായും ആരോഗ്യത്തോടെയും ജീവിക്കുന്നതിന് ആവശ്യമാണ്.

കുട്ടികൾക്കായി കഥപറയും പോലെ വിവരിച്ചിരിക്കുന്ന ഈ ബുക്ക് ഇതിനോടകം തന്നെ പല സാമൂഹ്യ സർക്കാർ ഉദ്യോഗസ്ഥരുടെയും , ചൈൽഡ് പ്രൊട്ടക്ട് കോട്ടയം ജില്ലാ പ്രസിഡന്റ്യുമൊക്കെ അനുമോദനത്തിന് കാരണമായിട്ടുണ്ട് . ഇത് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആഴമേറിയ ചർച്ചയും നടന്നു വരുന്നു .

തന്റെ നാട്ടിലെ ലൈംഗിക കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ ജോസ്‌നയുടെ തന്നെ സാമ്പത്തീക ഭദ്രതയിൽ നിന്നുകൊണ്ട് ആവുന്നത്ര ബുക്കുകൾ ഫ്രീ ആയും പലരിലേക്കും എത്തിക്കപ്പെട്ടിരിക്കുന്നുവെന്നത് തന്റെ കർത്തവ്യബോധവും സാമൂഹ്യ നന്മയും വരച്ചു കാട്ടുന്നു . ഞങ്ങളുടെ പ്രിയ എഴുത്തുകാരിക്ക് യുകെ മലയാളികളുടെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ . ഇനിയും പലതും തൂലികയിൽ വിരിയാൻ ആവട്ടേയെന്ന് ആശംസിക്കുന്നു .

ബുക്ക് വാങ്ങിക്കാൻ താല്പര്യമുള്ളവർക്ക് താഴെ അറ്റാച്ച് ചെയ്തിട്ടുള്ള ആമസോൺ ലിങ്കിലൂടെ മേടിക്കാവുന്നതാണ് .

https://www.amazon.in/dp/8195280161/ref=cm_sw_r_apan_i_57B0BMPMV212PYZWG2H0

 

എഫ് ഒ പി എവർറോളിങ് ട്രോഫിയും മികച്ച പ്രൈസ് മണിയും ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും ആയി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ യു കെ യിലെ മലയാളി ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെൻ്റ് രാവിലെ 9 മണിക്ക് ആരംഭിക്കും. നാൽപത്തി നാല് പ്രമുഖ ടീമുകൾ രജിസ്റ്റർ ചെയ്തതായി സംഘാടാകർ സിന്നി ജേക്കബ് ബിജു മൈക്കിൾ ബിജു സൈമൺ എന്നിവർ അറിയിച്ചു. ടൂർണമെൻറിൻറെ വിജയത്തിനായി എഫ് ഒ പിയോടൊപ്പം കൈകോർക്കുന്ന സ്പോൺസേർസിന് ഭാരവാഹികൾ നന്ദി അറിയിച്ചു.

First prize:
Owl Financial
J Rose Ltd

Second Prize;
J P Medicals

Third prize:
Bony bull travels
St Marys Catering
Achayen’s Kitchen

Fourth prize:
Maharani Restaurant
Anryal Decorations
Madina Supermarket
Ginger Bristo
Ketan Vara’s Utility Warehouse

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :-
ബിജു സൈമൺ – 07891590901

സിന്നി ജേക്കബ് – 07414449497

ബിജു മൈക്കിൾ – 07446893614

ഹൂസ്റ്റൺ :- ഹൂസ്റ്റൺ ഫ്രൈഡേ ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടം വലി മത്സരത്തിൽ പങ്കെടുക്കുവാൻ തയ്യാറായിരിക്കുകയാണ് ടീം യുകെ. ബി സി എം സി ബർമിംഗ്ഹാമിൽ നിന്നുള്ള അംഗങ്ങളും , ഹൂസ്റ്റർ തെമ്മാടിസിൽ നിന്നുള്ള അംഗങ്ങളും, ഹേർഫോർഡ് അച്ചായൻസിൽ നിന്നുള്ള ടീം മെമ്പേഴ്സും, എവർഷൈൻ കാന്റബറിയിലെ മെമ്പേഴ്സും ആണ് ടീം യു കെയിൽ ഉൾപ്പെടുന്നത്. യുകെയിൽ നിന്നുള്ള എല്ലാ വടംവലി പ്രേമികളെയും പ്രതിനിധാനം ചെയ്താണ് ടീം യുകെ അമേരിക്കയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ടീം അംഗങ്ങൾ പറഞ്ഞു. 2019 ൽ ചിക്കാഗോയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ടീം യുകെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. അതിനു ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരം ആണ് ഹൂസ്റ്റണിലേത്.


2019 ൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുമ്പോൾ തെമ്മാടിസ്‌ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷിജു അലക്സ് ആയിരുന്നു ടീം യുകെയ്ക്ക് നേതൃത്വം നൽകിയത്. അന്ന് ടീം മാനേജർ ആയി പ്രവർത്തിച്ചിരുന്ന സാന്റോ ജേക്കബ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. എവെർ ഷൈൻ കാന്റർബറിയുടെ ക്യാപ്റ്റൻ മാത്യു ജോസും കൂടെ ആകുമ്പോൾ ടീം യുകെ ശക്തമായ ഒരു ടീം ആയി മാറും. കോവിഡിന് ശേഷം നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിൽ യുകെയെ പ്രതിനിധാനംചെയ്ത് പോകുന്ന ഈ ടീമിന്റെ മത്സരം മികവ് കാണാൻ കാത്തിരിക്കുകയാണ് യുകെ സമൂഹം. ചിക്കാഗോയിൽ 2019 -ൽ നടന്ന ഇന്റർ നാഷണൽ ഒളിമ്പ്യയയിൽ ജേതാക്കളായ ടീമിനെ സ്പോൺസർ ചെയ്ത ഫോക്കസ് ഫിൻഷ്വർ തന്നെയാണ് ഇത്തവണയും ടീം യുകെയെയും സ്പോൺസർ ചെയ്യുന്നത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈയിടെ കേട്ട ഒരു ത്രില്ലിംഗ് ന്യൂസാണ് യുകെയിലേക്ക് NMC രജിസ്ട്രഷനോടുകൂടി നേഴ്സായി വരാൻ ഇനി ലാംഗ്വേജ് ടെസ്റ്റിന് പകരം എംപ്ലോയർ റഫറൻസ് മാത്രം മതിയെന്നുള്ളത്. ഇതിലെത്ര സത്യമുണ്ട് എന്നറിയാൻ ചില ഫ്രണ്ട്സ് പറഞ്ഞതനുസരിച്ച് ഞാൻ NMC യെ കോൺടാക്ട് ചെയ്തതിന്റെ റിസൾട്ടാണ് ഈ മെയിൽ ആയി താഴെ അറ്റാച്ച് ചെയ്തിരിക്കുന്നത് .

അതിൽ നിന്നും എനിക്ക് മനസിലായത് ഇംഗ്ളീഷ് ടെസ്റ്റുകൾക്ക് പകരം ഇംഗ്ലീഷ് സംസാരിക്കുന്ന ഏതെങ്കിലുമൊരു രാജ്യത്ത് കുറഞ്ഞത് ഒരു വർഷമെങ്കിലും ഈയിടെ നേടിയ പരിശീലനവും (അവിടംവരെ എല്ലാം ഓക്കേ ) കൂടാതെ ഈ പരിശീലനത്തിനായി ഉപയോഗിച്ച രജിസ്ട്രേഷന്റെ വിശദാംശങ്ങൾ കൂടെ വേണമെന്നാണ് .

അപ്പോൾ യുകെയിലോ മറ്റേതെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തോ ജോലി ചെയ്തു എന്നതിലല്ല രജിസ്ട്രേഷനിലാണ് കാര്യം . അപ്പോൾ നമുക്കത് എത്രമാത്രം ബാധകമാകുമെന്ന് ഒന്നുകൂടി ചിന്തിക്കുക…പണം മുടക്കുക….

നമ്മളെസംബന്ധിച്ചു രജിസ്ട്രേഷനു ചെറിയൊരു തുകയല്ലേ ഉള്ളു പോയാൽ പോകട്ടേയെന്നോർത്ത് ഉള്ള ഡോക്ക്യൂമെന്റസോക്കെ വച്ച് ഓടിപ്പോയി രജിസ്റ്റർ ചെയ്യും.

അതിനാൽ ആരെങ്കിലും പറയുന്നത് വിശ്വസിക്കുന്നതിന് മുമ്പ് ഇതൊന്നുകൂടി വായിച്ചുനോക്കുക . നമ്മളുടെ കേട്ടപാതി കേൾക്കാത്ത പാതിയുള്ള നമ്മളുടെ പ്രവർത്തികൾ നമുക്ക് സാമ്പത്തിക നഷ്ടമേ വരുത്തൂ എന്ന് തിരിച്ചറിയുക
( ഇതെന്റെ അറിവിൽ നിന്നുകൊണ്ട് പറഞ്ഞതാണ് , കൂടുതൽ നിയമപരമായി അറിയാവുന്നവർ തെറ്റുണ്ടേൽ തിരുത്തുക)

 

ബക്കിംഗ്ഹാം കൊട്ടാരത്തിലാണ്എ ലിസബത്ത് രാജ്ഞി  താമസിക്കുന്നത്. പരിചാരകരും പാചകക്കാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഏകദേശം 1000ത്തോളം ആളുകള്‍ കൊട്ടാരത്തിൽ ജോലി ചെയ്യുന്നുണ്ട്. രാജകുടുംബം അടുത്തിടെ ഒരു ജോലിയുടെ പരസ്യം പുറത്തിറക്കിയിരുന്നു. ഹൗസ് കീപ്പറുടെ  ഒഴിവിലേക്കാണ് കൊട്ടാരത്തിൽ ജോലിക്കാരെ തേടുന്നത്. എന്നാൽ ജോലി കൊട്ടാരത്തിലാണെങ്കിലും ശമ്പളം വളരെ കുറവാണ്. ഇംഗ്ലണ്ടിലെ ഏറ്റവും കുറഞ്ഞ വേതനത്തേക്കാള്‍ താഴെയാണ് ഈ ഹൗസ് കീപ്പര്‍ക്ക് ലഭിക്കുകയെന്ന് LAD ബൈബിള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ജോലി ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍സംബന്ധമായ എല്ലാ വിശദാംശങ്ങളും ആവശ്യകതകളും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘ഇത് നിങ്ങളുടെ ഹൗസ് കീപ്പിംഗ് കഴിവുകളും വൈദഗ്ധ്യവും വികസിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റിയിലെ ഭാവിയാണ്’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഉദ്യോഗാര്‍ത്ഥിയെ തങ്ങളുടെ പ്രൊഫഷണല്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ‘കൊട്ടാരത്തിലെ ഇന്റീരിയറുകളും മറ്റ് വസ്തുക്കളും പരിപാലിക്കുന്നതാണ് ‘ ചുമതലയെന്നും പരസ്യത്തിൽ പറയുന്നു.

ജീവനക്കാരൻ ആഴ്ചയില്‍ 40 മണിക്കൂറും ജോലി ചെയ്യണം. ഒന്നുകില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലോ വിന്‍ഡ്‌സര്‍ കാസിലിലോ ആയിരിക്കും ജോലി. ചിലപ്പോള്‍ മറ്റ് രാജകീയ വസതികളിലും ജോലി ചെയ്യേണ്ടി വരുമെന്നും പരസ്യത്തില്‍ പറയുന്നു. മണിക്കൂറിന് ഏകദേശം 755 രൂപയാണ് ( 7.97 പൗണ്ട്) വേതനം ലഭിക്കുക. യുകെയിലെ ഏറ്റവും കുറഞ്ഞ വേതനത്തേക്കാള്‍ ഏകദേശം 2 പൗണ്ട് കുറവാണ് ഈ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥിയുടെ ഒരു മണിക്കൂറിലെ ശമ്പളം.

ശമ്പളം കുറവാണെങ്കിലും ആകര്‍ഷകമായ മറ്റ് ചില വാദ്ഗാനങ്ങളും നല്‍കുന്നുണ്ട്. ജോലിക്കാരന്റെ ഭക്ഷണമെല്ലാം കൊട്ടാരത്തിൽ നിന്നായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. മാത്രമല്ല, 33 ദിവസത്തെ അവധിക്കാല അലവന്‍സും അതില്‍ വാദ്ഗാനം ചെയ്യുന്നുണ്ട്. രാജ്ഞിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് ഈ ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്ഞിയുടെ 70 വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ നാല് ദിവസത്തെ ബാങ്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, എലിസബത്ത് രാജ്ഞിയുടെ ജീവിതത്തിലെ വ്യത്യസ്തമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുകയാണ്. ‘ദി അദര്‍ സൈഡ് ഓഫ് ദി കോയിന്‍: ദി ക്യൂന്‍, ദി ഡ്രസ്സര്‍ ആന്റ് ദി വാര്‍ഡ്‌റോബ്’ ( The Other Side of The Coin: The Queen, The Dresser, And The Wardrobe) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പാണ് പുറത്തിറക്കുന്നത്. പുസ്തകം രചിച്ചത് രാജ്ഞിയുടെ അടുത്ത സഹായിയായ ഏഞ്ചല കെല്ലിയാണ്. 2019-ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഏഞ്ചല കെല്ലി കഴിഞ്ഞ 30 വര്‍ഷമായി രാജ്ഞിയുടെ വലംകൈയ്യായി ബക്കിങ്ഹാം പാലസിലുണ്ട്. പ്രധാനമായി എലിസബത്ത് രാജ്ഞിയുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളുടെയും മറ്റും കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നയാളാണ് കെല്ലി. കോവിഡ് 19 ലോക്ക്ഡൗണ്‍ കാലത്ത് രാജ്ഞി എങ്ങനെയാണ് ജീവിതം ചെലവഴിച്ചതെന്നതുമായി ബന്ധപ്പെട്ട വിവരണങ്ങളാണ് പുതിയ പതിപ്പില്‍ ഉണ്ടാകുക.

സ്റ്റോക്ക് ഓൺ ട്രെന്റ്: കോവിഡ് സമയത്തും സജീവമായി നിയന്ത്രണങ്ങൾക്ക് വിധേയമായി തങ്ങളുടെ അംഗങ്ങളുടെ ഇടയിൽ പ്രവർത്തിച്ച അസ്സോസിയേഷൻ. സഹായഹസ്തങ്ങൾ ആവശ്യമുള്ളവർക്ക് രോഗസമയത്തും എത്തിച്ച പ്രവർത്തനം… പലരിലും ഭയത്തിന്റെ ഒരു അംശം ആദ്യകാലങ്ങളിൽ നിലനിൽക്കുമോൾ ആയിരുന്നു എസ് എം എ യുടെ ഈ പ്രവർത്തികൾ… കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചു ഓൺലൈൻ ആഘോഷങ്ങൾ, പാട്ടുകൾ, ഡാൻസ് തുടങ്ങിയ ചേർത്തൊരുക്കി കാഴ്ചയൊരുക്കി സ്റ്റോക്കിലെ ആദ്യ മലയാളി അസ്സോസിയേഷൻ ആയ എസ് എം എ.

ഓണം പോലെയുള്ള ആഘോഷങ്ങൾ മുടങ്ങിയപ്പോൾ ഓണസന്ധ്യ ഭവനങ്ങളിൽ എത്തിച്ചുനൽകി പ്രസിഡന്റ് വിജി കെ പി. ജനറൽ സെക്രട്ടറി സിനി ആന്റോ എന്നിവർ അടങ്ങിയ ഭരണസമിതി. നിയന്ത്രിതമായ ഭക്ഷണങ്ങളെ എത്തിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും വീടിനുള്ളിൽ  അടച്ചുപ്പൂട്ടിയിരുന്ന അംഗങ്ങൾക്ക് അത് ഉണർവേകിയിരുന്നു.

കൊറോണയിൽ ആഘോഷങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ കൊറോണയെ മൂലക്കിരുത്തിയ ആധുനിക വൈദ്യശാസ്ത്രം, മനുഷ്യനെ പൂർവ സ്ഥിതിയിലേക്ക് എത്തിച്ചപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം എസ് എം എ പരിപാടികളുമായി അരങ്ങിൽ എത്തി. ഈ മാസം ഏഴാം തിയതി വിഷു ഈസ്റർ പരിപാടികളുമായി എത്തിയപ്പോൾ രണ്ടു വർഷമായി മുടങ്ങിയ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയും നടക്കുകയുണ്ടായി.

2022-2023 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി റോയി ഫ്രാൻസിസ്, ട്രഷറർ ഷിമ്മി വിനു എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജിജോ ജോസഫ്, സാലി ബിനോയി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി സോണി ജോൺ, മോനിഷ എബിൻ എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.

എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ജിമ്മി വെട്ടുകാട്ടിൽ, സെബാസ്റ്റ്യൻ ജോർജ്ജ് , ബേസിൽ ജോയി, ജോണി പുളിക്കൽ, ബെന്നി പാലാട്ടി, രാജലക്ഷ്‌മി രാജൻ, മഞ്ജു അനീഷ്, ജിനു സിറിൽ, സാനു മോജി എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

എക്സ് ഒഫീഷ്യയോ അംഗങ്ങൾ ആയി വിജി കെ പി, സിനി ആന്റോ എന്നിവരും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.

സജീവമായ പ്രവർത്തനങ്ങൾ നടത്തുവാൻ മുന്നിട്ടിറങ്ങിയ വനിതകൾ ആണ് എസ് എം എ യുടെ ഇത്തവണത്തെ ജനറൽ ബോഡിയുടെ പ്രത്യേകത. എല്ലാവരും പറയും അസ്സോസിയേഷനുകളിൽ  വനിതകളെ ഉൾപ്പെടുത്തണമെന്ന് എന്നാൽ ഇത് പ്രവർത്തിമണ്ഡലത്തിൽ എത്തിക്കുന്നത് എസ് എം എ എന്ന സ്റ്റോക്കിലെ സൂപ്പർസ്റ്റാർ  സംഘടന.

പ്രൗഢ ഗംഭീരമായ വിഷു ഈസ്റ്റർ പരിപാടികൾ ആണ് സംഘടന ഇക്കുറി നടത്തിയത്. വൈകീട്ട് ആറര മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി പതിനൊന്ന് മണിയോടെ സമാപിച്ചു. ഹരീഷ് പാലാ നേതൃത്വത്തിൽ സംഗീത കലാവിരുന്നിനൊപ്പം സംഘടനയുടെ കുട്ടികൾ ഒരുക്കിയ ഡാൻസ്, മറ്റു കലാപരിപാടികൾ, രുചികരമായ ഭക്ഷണം എന്നിവ ആഘോഷത്തിനെത്തിയവർ ആസ്വദിച്ചാണ് അംഗങ്ങൾ മടങ്ങിയത്.

ലണ്ടൻ :ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെല്ലോഷിപ് (CMF) യുകെ & ഐർലൻഡ് റീജിയന്റെ ലൈവ് പ്രോഗ്രാം 21/5/22 ശനിയാഴ്ച യുകെ സമയം വൈകിട്ട് 3.30ന് (ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക്) പ്രഫ. ജോ കുര്യൻ
ലീഡേർഷിപ്പിൽ ഉള്ള സൗത്താൾ ചർച്ച് ഓഫ് ഗോഡിൽ വെച്ചു നടത്തപെടുന്നു. ഈ പ്രോഗ്രാം ലൈവ് ആയി എല്ലാവർക്കും സി എം ഫിന്റെ യൂട്യൂബ് ചാനെൽ, ഫേസ്ബുക്ക് , വിസ്‌ക്വയർ ടിവി ചാനലുകളിൽ കൂടിയും വീഷിക്കാവുന്നതാണ്.

ഈ പ്രോഗ്രാമിൽ ഡെൻസിൽ. എം.വിൽസൺ (ഓർക്കസ്ട്ര ടീം)ചേർന്നിട്ടുള്ള അനുഗ്രഹീത ഗായകർ ഗാനം ആലപിക്കുന്നു.ഈ പ്രോഗ്രാംമിനു നേതൃത്വം കൊടുക്കുന്നത് കേരളത്തിലുള്ള സിഎംഫിന്റെ അഡ്വൈസറി ടീം(ഭക്ത വത്സലൻ, നിർമല പീറ്റർ, മാത്യു ജോൺ, കുട്ടിയച്ചൻ, ബിനോയ് ചാക്കോ, വിൽസൺ ചേന്നനാട്ടിൽ, ടോണി ചൊവോക്കാരൻ)& കോർ ടീം(സാംസൺ കോട്ടൂർ, ജോസ് ജോർജ്, ഇമ്മാനുവൽ ഹെൻറി, സുനിൽ സോളമൻ , ബിനു ചാരുത , പ്രതീഷ് വി ജെ ) എന്നിവർ ആണ്.

എൻഫീൽഡ്: പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ അന്ത്യോപചാര ശുശ്രുഷകൾ മെയ് 30 നു തിങ്കളാഴ്ച എൻഫീൽഡിൽ നടത്തപ്പെടും. സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങൾ ക്രമേണ പ്രവർത്തനരഹിതം ആവുകയും തുടർന്ന് ഉണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്. പരേതയ്ക്ക് 49 വയസ്സ് പ്രായം ഉണ്ടായിരുന്നു.

മെയ് 30 ന് തിങ്കളാഴ്ച രാവിലെ 11:30 ന് എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേർന്ന് ഏറ്റു വാങ്ങും. കൃത്യം 12:00 മണിക്ക് അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കുന്നതാണ്. തിരുക്കർമ്മങ്ങൾക്ക് ശേഷം പൊതുദർശനത്തിനവസരം ഒരുക്കുന്നതാണ്.

കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദർശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എൻഫീൽഡ് ക്രിമിറ്റോറിയം & സിമറ്ററിയിൽ സംസ്കാരം നടത്തും.

എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുംഖത്തിൽ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് ഈ വലിയ വിഷമഘട്ടത്തിൽ കുടുംബത്തിന് ഏറെ ആശ്വാസമായി. മികച്ച ചികിത്സയും, നിരവധിയാളുകളുടെ പ്രാർത്ഥനാ സഹായവും നിഷയുടെ ആരോഗ്യത്തിൽ ശുഭ പ്രതീക്ഷകൾ നൽകി വരുമ്പോഴാണ് സെപ്റ്റിസീമിയ ജീവന് ഭീഷണിയായി മാറിയത്.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്ത് എം ആർ ഐ സ്കാനിങ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനാണ്. വിദ്യാർത്ഥികളായ സ്നേഹ, ഇഗ്ഗി എന്നിവർ മക്കളാണ്.

ബന്ധുക്കളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതുവാൻ താല്പര്യപ്പെടുന്നതായി സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചു.

സ്വന്തം ലേഖകൻ

കൊച്ചി : കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി – ട്വന്റി  20 സഖ്യ മുന്നണി നിലവിൽ വന്നു. കനത്ത മഴയുണ്ടാവുമെന്നറിയിച്ചുകൊണ്ട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടും , സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കിഴക്കമ്പലത്തെ മൈതാനത്ത് കെജ്‌രിവാളിനെ കാണുവാനായി ഒഴുകിയെത്തിയത്. കെജ്‌രിവാളിന്റെ കേരളത്തിലേയ്ക്കുള്ള വരവ് തങ്ങളുടെ അന്നം മുടക്കുമെന്ന് മനസ്സിലാക്കിയ മറ്റ് പാർട്ടികളുടെ നേതാക്കൾ ഡെൽഹിയിലെയും പഞ്ചാബിലെയും പോലെ സൈബർ പോരാളികളെ ഇറക്കി കിഴക്കമ്പലത്തെ വലിയ വിജയത്തെ തടയിടുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇന്നത്തെ സമ്മേളന വിജയത്തിൽ അതീവ സന്തുഷ്ടരായ ആം ആദ്മി പാർട്ടിയുടെയും ട്വന്റി 20 യുടെയും സൈബർ നിരയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ സൈബർ പോരാളികൾ.

ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇത് കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണെന്നും , ഈ സഖ്യം കേരളത്തെ മാറ്റി മറിക്കുമെന്നും കെജ്‍രിവാൾ കിഴക്കമ്പലത്ത് പറഞ്ഞു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനമെന്നും , ഈ മുന്നണി കേരളത്തിലും ഉറപ്പായി സർക്കാർ രൂപീകരിക്കുമെന്നും പതിനായിരങ്ങളെ സാക്ഷി നിർത്തികൊണ്ട് കെജ്രരിവാൾ പ്രഖ്യാപിച്ചു.

ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയതെന്നും , അത് ദൈവത്തിന്റെ മാജിക്കാണ് അതുകൊണ്ട് കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ , അഴിമതി ഇല്ലാതാക്കണ്ടേ… ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. അതോടൊപ്പം ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ വളരെയധിയകം അഭിനന്ദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിലെ പഞ്ചാബ് ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രരിവാള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

ആം ആദ്മി പാർട്ടിയും , ട്വന്റി 20യും സംയുക്തമായി നടത്തിയ ഈ മഹാസമ്മേളനത്തിലെ വൻ വിജയം അക്ഷരാർത്ഥത്തിൽ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വലിയ രീതിയിലുള്ള ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് യാഥാർത്ഥത്തിൽ ഒരു റെഡ് അലേർട്ട് തന്നെയാണ്  പീപ്പിൾസ് വെൽഫെയർ അലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിനംപ്രതി അണികളെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ പാർട്ടികൾക്കിടയിലേയ്ക്ക് ജനക്ഷേമ പ്രവർത്തനം കൊണ്ട് രാജ്യത്തെ ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ആം ആദ്മി പാർട്ടിയുടെയും , ട്വന്റി 20യുടെയും സംയുക്ത മുന്നണി കടന്ന് വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ വരുമോ എന്ന ചിന്തയിലാണ് പാരമ്പരാഗത പാർട്ടികളിലെ നേതാക്കൾ . എന്നാൽ കെജ്രരിവാളിനും ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുഴുവനും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കേരളത്തിലെ ഈ മുന്നണിയുടെ ദ്രുത ഗതിയിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved