ഇംഗ്ലണ്ടിലെ വിശ്വാസികൾക്ക് പള്ളികളിലെ കളക്ഷന് ഇനി മുതൽ മോഡേൺ ടെക്നോളജി ഉപയോഗിക്കാം.  പള്ളികൾ കുർബാന മദ്ധ്യേയുള്ള പിരിവിനായി കാർഡ് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കി. ഓഗസ്റ്റ് മുതൽ ഈ സംവിധാനം നടപ്പാക്കിത്തുടങ്ങും. തുടക്കത്തിൽ നാല്പത് പള്ളികളിലാണ് കാർഡ് പേയ്മെന്റ് പരീക്ഷിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് തങ്ങളുടെ കീഴിലുള്ള പള്ളികളിൽ കോണ്ടാക്റ്റ് ലെസ് കാർഡും പേയ്മെൻറ് ടെർമിനലും ഉപയോഗിച്ചുള്ള ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള പ്ലേറ്റ് സംവിധാനം ഇതോടെ ഇല്ലാതാകും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനും ക്രിസ്മസിനും പുതിയ കളക്ഷൻ സംവിധാനം ഉപയോഗിക്കും.

പുതിയ തലമുറ കാഷ് ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയ്ക്ക് ഒരു പരിഹാരമായാണ് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നാഷണൽ സ്റ്റീവാർഡ്ഷിപ്പ് ഓഫീസർ ജോൺ പ്രെസ്റ്റൺ പറഞ്ഞു. ഏതൊക്കെ പള്ളികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഉടൻ തീരുമാനിക്കും. വിജയകരമാണ് എങ്കിൽ എല്ലാ രൂപതകളിലും ഇത് നടപ്പാക്കും.  വിവാഹവേളകൾ, മാമ്മോദീസ ചടങ്ങുകൾ എന്നിവ നടക്കുമ്പോഴും ഡിജിറ്റൽ കളക്ഷൻ ഉപയോഗിക്കും. സ്ഥിരമായി പള്ളികളിൽ വരാത്തവർ ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ കാഷ് കരുതാറില്ലാത്തതിനാൽ ഡൊണേഷൻ നല്കാൻ കാർഡ് ഉപയോഗിക്കാനാകും. ചാരിറ്റി മേഖലയിൽ നടത്തിയ ഡിജിറ്റൽ കളക്ഷൻ പരീക്ഷണം വൻ വിജയമായിരുന്നു. ബോക്സ് ഡൊണേഷനേക്കാൾ മൂന്ന് മടങ്ങ് തുക ഡിജിറ്റൽ സംവിധാനം വഴി ജനങ്ങൾ കൂടുതൽ നല്കി.