സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രോഗബാധിതരുടെ എണ്ണം 319 ആയി ഉയർന്നു. കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നേരത്തെ റോയൽ വോൾവർഹാംപ്ടൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 70കാരിയും മരണത്തിന് കീഴടങ്ങിയിരുന്നു. ഓരോ ദിനവും രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ട്. എന്നാൽ ഭയമല്ല , ജാഗ്രതയാണ് ആവശ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. വൈറസിനെ തടയാൻ പല പ്രധാന നടപടികളും സർക്കാർ കൈക്കൊള്ളുന്നു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരോട് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുമെന്ന് സർക്കാർ അറിയിച്ചു.

അതേസമയം പെൻഷൻ വാങ്ങുന്നവരോട് വീട്ടിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. രോഗത്തിൽ നിന്ന് വയോധികരെ സംരക്ഷിക്കുന്നതിനാണ് ഈ ശ്രമം. പ്രായമായവർക്കാണ് രോഗം പിടിപെടാൻ കൂടുതൽ സാധ്യത. പ്രായമായവരോട് വീട്ടിൽ തന്നെ തുടരാൻ പറഞ്ഞാൽ കുടുംബത്തിലെ മറ്റുളവർക്ക് ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടിവരും. ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. എന്നിരുന്നാലും, കോവിഡ് 19 സംബന്ധിച്ച് സർക്കാർ എടുക്കുന്ന ഓരോ തീരുമാനവും ശാസ്ത്രത്തിന്റെ പിന്തുണയോടെ മാത്രമേ നടക്കൂ എന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ജെന്നി ഹാരിസ് പറഞ്ഞു. വൈറസിനെ തോൽപ്പിക്കാൻ ദേശീയവും അന്തർദ്ദേശീയവുമായ ശ്രമം ആവശ്യമാണെന്ന് ബോറിസ് ജോൺസനും പറഞ്ഞു. പൊതു സുരക്ഷയാണ് തന്റെ മുൻഗണന എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അറിയിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസണും യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റിയും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസും ഡൗണിംഗ് സ്ട്രീറ്റിൽ പത്രസമ്മേളനം നടത്തി. രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവരോട് ഏഴ് ദിവസത്തേക്ക് മറ്റുള്ളവരോടുള്ള സംസർഗം ഒഴിവാക്കണമെന്ന് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. കൊറോണ വൈറസ് വളരെ വേഗത്തിൽ പടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറ്റലിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തുന്നത് പോലുള്ള നടപടികൾ സർക്കാർ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് നിർണായകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗം ശക്തമായതോടെ ഓഹരിവിപണിയിലും ഇടിവുണ്ടായി. ഒപ്പം വിമാനകമ്പനികളും പല വിമാനങ്ങളും റദ്ദാക്കുന്നു. ബ്രിട്ടീഷ് എയർവേയ്‌സും ഈസിജെറ്റും ഏപ്രിൽ 3 വരെ വടക്കൻ ഇറ്റലിയിലേക്കുള്ള റൂട്ടുകൾ നിർത്തും. നൂറിലേറെ രാജ്യങ്ങളിൽ ആണ് ഇതുവരെ വൈറസ് പടർന്നുപിടിച്ചിരിക്കുന്നത്. ലോകത്താകെ 3,800 ൽ അധികം മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.