ലണ്ടന്‍: ടിക്കറ്റുകളില്‍ എയര്‍ലൈനുകള്‍ അധികമായി ഈടാക്കുന്ന നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി ഗവണ്‍മെന്റ്. അപ്രതീക്ഷിത ചാര്‍ജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പുതിയ ഏവിയേഷന്‍ സ്ട്രാറ്റജിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ബുക്കിംഗ് ഫീസ്, സീറ്റ് റിസര്‍വേഷന്‍, ലഗേജ്, ലെഗ് റൂമുകള്‍ എന്നിവയ്ക്കും മറ്റുമായി ഈടാക്കുന്ന നിരക്കുകള്‍ ഒഴിവാക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെടുക. ഇത്തരം ഹിഡന്‍ ചാര്‍ജുകള്‍ ബുക്കിംഗിനിടയില്‍ മാത്രമായിരിക്കും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്.

ടിക്കറ്റിലെ പേര് മാറ്റുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ ബുക്കിംഗ് സമയത്തുതന്നെ വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. റയന്‍എയര്‍ പേരുമാറ്റത്തിന് ഓണ്‍ലൈനില്‍ 115 പൗണ്ടും വിമാനത്താവളങ്ങളില്‍ 160 പൗണ്ടുമാണ് ഈടാക്കാറുള്ളത്. ഈസിജെറ്റ് ഇതിനായി ഓണ്‍ലൈനില്‍ 40 പൗണ്ടും കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 52 പൗണ്ടും ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ മറച്ചുവെച്ചിരിക്കുന്നവയല്ലെന്നാണ് എയര്‍ലൈനുകള്‍ അവകാശപ്പെടുന്നത്.

നിരക്കുകള്‍ സുതാര്യമായി അവതരിപ്പിക്കണമെന്നാണ് എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവ അമിതമാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ലോകത്തെ വന്‍കിട എയര്‍ലൈനുകളില്‍ 66 എണ്ണം ഇത്തരം ഫീസുകളിലൂടെ 33 ബില്യന്‍ പൗണ്ടാണ് സമ്പാദിച്ചതെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്.