ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ വലതുകാൽ വച്ച് കീഴടക്കിയശേഷം നീരജ് ജോർജ് ബേബി (32) ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘ 5 വർഷത്തെ എന്റെ സ്വപ്നം സഫലമാക്കി, എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു. ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.’

അർബുദം ബാധിച്ച് എട്ടാം വയസ്സിൽ ഇടതുകാൽ നഷ്ടപ്പെട്ടിട്ടും ഉയരങ്ങളിലേക്കു യാത്ര തുടർന്ന നീരജല്ലാതെ മറ്റാരാണിതു പറയേണ്ടത്? ഇടതുകാലിന്റെ സ്ഥാനത്ത്, നിറഞ്ഞ ആത്മവിശ്വാസത്തിലൂന്നി, 19,341 അടിയാണു നീരജ് കയറിയത്. അടുത്ത സുഹൃത്തുക്കളായ ചാന്ദ്നി അലക്സ്, പോൾ, ശ്യാം ഗോപകുമാർ, സിജോ, അഖില എന്നിവർക്കൊപ്പം ഈ മാസം 10നാണു കിളിമഞ്ചാരോ കയറിത്തുടങ്ങിയത്. ഒപ്പം 2 സഹായികളും.

ആലുവ സ്വദേശി നീരജ് േജാർജിനു ബാഡ്മിന്റൻ പാഷനാണ്. ഒട്ടേറെ മത്സരങ്ങളിൽ സമ്മാനം വാങ്ങിയിട്ടുണ്ട്. യാത്രകൾ ഹരമാണ്. കുന്നും കാടും താണ്ടി ഇടയ്ക്കിടെ ട്രെക്കിങ്ങിനു പോകും. നീലക്കുറിഞ്ഞി പൂത്തതു കാണാൻ മാത്രമായി മൂന്നാറിൽ േപായി… നീന്തൽ അറിയില്ലെങ്കിലും നീരജ് സ്കൂബാ ഡൈവിങ്ങ് െചയ്തു… ഇതൊക്കെ വായിക്കുമ്പോൾ മനസ്സിൽ വരുന്നത് എന്താണ്? – ഇതെല്ലാം അത്ര വല്യ കാര്യമാണോ? ധാരാളം േപർ െചയ്യുന്നതല്ലേ? അതേ… എല്ലാവർക്കും െചയ്യാൻ കഴിയുന്നതാണ് ഇതൊക്കെ. പക്ഷേ നീരജ് ഇതെല്ലാം െചയ്തു എന്നു പറയുന്നതിൽ ഒരു പ്രത്യേകതയുണ്ട്. ഒറ്റക്കാലിൽ നിന്നുെകാണ്ടാണ് അദ്ദേഹം ഈ നേട്ടങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കിയത്. ഒൻപതാം വയസ്സിൽ, േബാൺ ട്യൂമർ വന്ന് നീരജിന്റെ ഇടതുകാൽ മുട്ടിനു മുകളിൽ മുറിച്ചു നീക്കേണ്ടി വന്നു. ഇപ്പോൾ 32ാം വയസ്സിലും നീരജ് ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നേടിയത് തന്റെ ശരീരത്തിന്റെ ഈ കുറവ് മറികടന്നുതന്നെയാണ്. നീരജ് തന്റെ ജീവിതം  പങ്കുവയ്ക്കുന്നു.

കുറവെന്ന് തോന്നാറില്ല

എന്റെ ശരീരത്തിൽ ഒരു കുറവുണ്ട് എന്ന വിധത്തിൽ പെരുമാറാത്ത വീട്ടുകാരും കൂട്ടുകാരുമാണ് എന്റെ ശക്തി. അതിലുമുപരി ദൈവം എന്ന വലിയ ശക്തിയിലും ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാമാണ് എന്റെ കരുത്ത്. വെല്ലൂർ മെഡിക്കൽ േകാളജിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നാം ദിവസം ഞാൻ ക്രച്ചസിൽ നടക്കാൻ തുടങ്ങി. ആദ്യമെല്ലാം നല്ല വേദനയായിരുന്നു. പിന്നെ ശാരീരികവേദന മാനസികമായി മാറി. ആശുപത്രിയിൽ േരാഗികളുെട പക്കൽ പ്രാർഥനയ്ക്കായി പുരോഹിതരും മറ്റും വരും. അവർ എന്റെ അടുത്തു വന്നാൽ നല്ല കഥകൾ പറഞ്ഞുതരും. പതിയെ ഞാനും മറ്റുള്ളവരെ േപാലെയാണ് എന്ന വിശ്വാസം വന്നു. കീമോതെറപ്പി കഴിഞ്ഞ് മുടി കൊഴിഞ്ഞശേഷം സ്കൂളിൽ എത്തിയപ്പോൾ മൊട്ട എന്നൊക്കെ കളിയാക്കൽ കേട്ടിട്ടുണ്ട്.

ക്രിക്കറ്റ് ആയിരുന്നു താൽപര്യം. േരാഗം അറിയുന്നതിനു മുൻപ് ക്രിക്കറ്റ് കളിക്കിടെ വേദനയും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. അതുെകാണ്ടു തന്നെ ചികിത്സയ്ക്കു ശേഷം ക്രിക്കറ്റ് എന്ന േകൾക്കുമ്പോൾ മനസ്സിൽ ഒരു വിഷമം. േരാഗത്തെ കുറിച്ചുള്ള ഒാർമപ്പെടുത്തൽ േപാലെ. ടിവിയിൽ ബാഡ്മിന്റൻ കണ്ടാണ് അതിനോട് താൽപര്യം തുടങ്ങിയത്. അങ്ങനെ 12ാം വയസ്സിൽ വീടിനടുത്തുള്ള മണ്ണ് േകാർട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാൻ തുടങ്ങി. ക്രച്ചസ് െകാണ്ടായിരുന്നു കളിച്ചിരുന്നത്. ഇന്റർനെറ്റിൽ ഒക്കെ േനാക്കിയാണ് കളിയുെട നിയമവും മറ്റും മനസ്സിലാക്കിയത്.

ആലുവ യുസി േകാളജിൽ പഠിക്കുമ്പോഴാണ് ബാഡ്മിന്റനിൽ പ്രഫഷനൽ ട്രെയിനിങ് കിട്ടുന്നത്. റിനോഷ് ജയിംസ് എന്ന ഗസ്റ്റ് ലക്ചറർ ആയിരുന്നു എനിക്കു ബാലപാഠങ്ങൾ പറഞ്ഞുതന്നത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹം ഉപരിപഠനത്തിനായി േകാളജ് വിട്ടുപോയി. 2007ൽ ഒറിസയിൽ നടന്ന പാരാ ബാഡ്മിന്റൻ ആയിരുന്നു എന്റെ കന്നി മത്സരം. ഇന്റർനെറ്റിൽ മത്സരത്തെ കുറിച്ച് അറിഞ്ഞിട്ട്, സംഘാടകരെ നേരിട്ട് വിളിക്കുകയായിരുന്നു. ഡബിൾസ് കളിച്ച് വെള്ളി മെഡലും കിട്ടി. ഈ കളി എനിക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. പരിശീലനത്തിനിെട ക്രച്ചസ് അമർന്നിരുന്ന് കക്ഷത്തിലെ െതാലി അടരും. എന്നാലും നിർത്തില്ല. മുറിവുള്ള ഇടത്ത് പ്ലാസ്റ്റർ ഒട്ടിച്ച് കളിക്കും. സാധാരണക്കാരുെട കൂടെയാണ് പരിശീലനം നടത്തുന്നത്. പ്രോസ്തെറ്റിക് കാലും ഉപയോഗിക്കുന്നുണ്ട്. എന്നാലും ക്രച്ചസാണ് കൂടുതൽ കംഫർട്ടബിൾ. ഇതുവരെ എട്ടോളം നാഷനൽ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം വാങ്ങി.

യാത്രകൾ എന്ന ഹരം

ട്രെക്കിങ് എന്റെ മറ്റൊരു ഹരമാണ്. ആദ്യം വീട്ടുകാർക്കു ട്രെക്കിങ്ങിനു വിടാൻ സമ്മതമല്ലായിരുന്നു. ആദ്യമെല്ലാം െചറിയ യാത്രകൾ േപായി. സ്കൂട്ടറിൽ. ആതിരപ്പള്ളി, വാഴച്ചാൽ… പഠനം കഴിഞ്ഞ് േജാലി. കിട്ടിയപ്പോൾ നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യം കിട്ടുമല്ലോ? അപ്പോൾ യാത്രകളുെട ദൂരം കൂട്ടി. ട്രെക്കിങ് എന്നു പറയുമ്പോൾ ഞാൻ ശരിക്കും ആസ്വദിക്കുന്നത് ക്രച്ചസിന്റെ ചലനങ്ങളാണ്. പാറകളിൽ കൂടിയെല്ലാം വലിഞ്ഞു കയറും. ചിലപ്പോൾ ക്രച്ചസ് മാറ്റിവച്ചശേഷം അള്ളിപ്പിടിച്ചു കയറും. ഇതുവരെ നടത്തിയതിൽ മൂന്നാറിൽ നിന്ന് െകാടൈക്കനാലിലേക്കുള്ള യാത്രയാണ് ഏറ്റവും ദൈർഘ്യമേറിയത്. ഇത്രയും ദൂരം േപാകുമ്പോൾ വീട്ടുകാർക്ക് സ്വാഭാവികമായും െടൻഷൻ ഉണ്ടാകും. എന്നാലും േപാകരുത് എന്ന് പറയില്ല. അങ്ങനെ പറഞ്ഞാലും ഞാൻ േപാകും എന്ന് അവർക്ക് അറിയാം. പിന്നെ അവരുെട പ്രാർഥനയാകാം അപകടം ഒന്നും വരുത്താതെ കാക്കുന്നത്. യാത്ര േപാകാൻ തീരുമാനിച്ചാൽ പിന്നെ േപാകണം, അതാണ് എന്റെ േപാളിസി.

വെള്ളത്തോടുള്ള േപടി പകുതി കുറഞ്ഞത് സ്കൂബാ ഡൈവിങ് നടത്തിയപ്പോഴാണ്. നീന്തൽ ഒന്നും അറിയില്ല. തിരുവനന്തപുരത്തെ േകാവളത്തുള്ള ഒരു ഗ്രൂപ്പാണ് എന്റെ പ്രൊഫൈൽ കണ്ട് സ്കൂബാ ഡൈവിങ്ങിന് ക്ഷണിച്ചത്. ടൂറിസം പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

ശാരീരിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ളവർ എന്നോട് സംസാരിക്കാൻ വരാറുണ്ട്. അവരുെടയെല്ലാം പ്രശ്നങ്ങൾ ക്ഷമയോെട േകൾക്കും. എന്നാൽ കഴിയുംവിധം അവരെ ആശ്വസിപ്പിക്കും. ഇത്തരക്കാർക്ക് ഒാഫിസ്, പാർക്ക് ഉൾപ്പെടെയുള്ള െപാതു ഇടങ്ങളിൽ സൗകര്യങ്ങൾ കുറവാണ്. എത്ര ഒാഫിസുകളിൽ ലിഫ്റ്റ് സൗകര്യമുണ്ട്? എത്ര ഇടങ്ങളിൽ വീൽചെയറിനു േപാകാനുള്ള പ്രത്യേക പാതയുണ്ട്? അതിനുേവണ്ടി പ്രവർത്തിക്കണം എന്ന് മനസ്സിലുണ്ട്.

സ്കോട്ട്ലണ്ടിൽ നിന്നാണ് പിജി പൂർത്തിയാക്കിയത്. ആഗ്രഹിച്ച സ്ഥലങ്ങൾ എല്ലാം കണ്ടു, ഇഷ്ട സ്പോർട്സിൽ സമ്മാനങ്ങൾ വാങ്ങി… െചറിയൊരു ശാരീരിക വൈകല്യം വന്നവർ വിഷാദത്തിലേക്കു കൂപ്പുകുത്തുന്നതായി കാണാറുണ്ട്. തങ്ങളെ കൊണ്ട് ഒന്നിനും കഴിയില്ല എന്ന േതാന്നലിൽ. എന്നാൽ ഒന്നും അസാധ്യമല്ല എന്ന് പറഞ്ഞുെകാണ്ട് , എന്നെ തന്നെ, എന്റെ ജീവിതം തന്നെ മുന്നോട്ടു വയ്ക്കുന്നു…