പത്തനംതിട്ട∙ കാട്ടാനയുടെ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടി. ബസ് ഡ്രൈവർ പരുക്കുകൾ കൂടാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്നു മൂഴിയാറിനു പോയ ബസിനു നേരെ രാത്രി 10 മണിയോടെ ആങ്ങമൂഴി- ഗവി റൂട്ടിൽ ചോരകക്കി ഭാഗത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ആനയും കുട്ടിയും കൂടി റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബസ് എത്തുന്നത്. ആനയെ കണ്ടയുടൻ ഡ്രൈവർ പി.മനോജ് ബസ് റോഡിൽ നിർത്തി. ഇതിനിടെ മുന്നോട്ട് നടന്ന് പോയ ആന തിരികെ വന്ന് ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. ഗ്ലാസ് തകർത്ത ശേഷം ഡ്രൈവർക്കു നേർക്ക് ആന തിരിഞ്ഞു.ഡ്രൈവിങ് സീറ്റിൽ നിന്നു മാറിയതുകൊണ്ട് രക്ഷപ്പെട്ടു. വെഞ്ഞാറംമൂട് ഡിപ്പോയിലെയാണ് ബസ്. സംഭവം അറിഞ്ഞ് വനപാലകർ മൂഴിയാറിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിനു മുൻപും ഇവിടെ ബസിനു നേർക്ക് കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ആങ്ങമൂഴി കിളിയെറിഞ്ഞാൽ കല്ല് ചെക്ക് പോസ്റ്റ് മുതൽ മൂഴിയാർ വരെയുള്ള ഭാഗം പൂർണ്ണമായും വനമാണ്. മിക്കപ്പോഴും കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.