ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തിൽ‌ വ്യാജ ഇമെയിൽ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സന്ദേശം ലഭിച്ചയുടൻ അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്മെന്റിൽ‌ ബോംബ് പൊട്ടിത്തെറിയുണ്ടാകും.

നിങ്ങൾക്ക് കഴിയുമെങ്കിൽ തടയൂ’, എന്നായിരുന്നു യുവാവ് പൊലീസ് സ്റ്റേഷനിലേക്കയച്ച സന്ദേശം. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് സ്വദേശിയായ യുവാവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും വീട്ടുകാരോട് കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടയച്ചു.

പൊലീസെത്തിയ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സൽമ ഖാനെയും സഹോദരി അർപ്പിതയെയും വീട്ടിൽനിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി ചേർന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് താരത്തിന്റെ കുടുംബത്തെ തിരിച്ച് വീട്ടിലെത്തിച്ചതായും പൊലീസ് പറഞ്ഞു.