കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യത്തെ സ്വര്‍ണക്കടത്ത് പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

മൈക്രോവേവ് ഓവനിലാക്കിയായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. അറസ്റ്റിലായ പിണറായി സ്വദേശി മുഹമ്മദ് ഷാനുവിനെ ചോദ്യം ചെയ്ത് വരികയാണ്. ഓവനിലെ ഹീറ്റര്‍ കോയിലുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

സ്വര്‍ണം സ്വീകരിക്കാനെത്തിയവര്‍ എന്ന് കരുതുന്ന ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമമുണ്ടായിരിക്കുന്നത്. വിമാനത്താവള സുരക്ഷ ശക്തമാക്കാനായിരിക്കും വരും ദിവസങ്ങളില്‍ പോലീസ് ശ്രമിക്കുക.