ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് മോചനം നല്‍കുമെന്ന പ്രതീക്ഷ താന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ്. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ നിന്ന് മോചനം ലഭിച്ചാല്‍ തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് അടുത്തയാഴ്ച നടക്കുന്ന പാര്‍ലമെന്റ് വോട്ടെന്ന കടമ്പ നിസാരമായി മറികടക്കാനാകും. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനായി ടോറി എംപി കൂടിയായ ഇദ്ദേഹം ഇന്ന് ബ്രസല്‍സിലേക്ക് തിരിക്കുകയാണ്. തെറ്റിദ്ധാരണകളാണ് വസ്തുതകളുടെ വേഷത്തില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് കോക്‌സ് പറഞ്ഞു. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് പോലെയുള്ള കാര്യങ്ങളില്‍ യുകെ സ്ഥിരമായി അകപ്പെട്ടു പോകാതെ ഇക്കാര്യത്തില്‍ നിയമപരമായ മാറ്റങ്ങള്‍ക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ക്യുസി കൂടിയായ കോക്‌സ്.

സമയ പരിധിക്കുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാനുള്ള നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ നിരസിക്കുകയാണെങ്കില്‍ ഒരു മധ്യസ്ഥ ശ്രമം നടത്താനും കോക്‌സ് പദ്ധതിയിട്ടിട്ടുണ്ട്. ബ്രെക്‌സിറ്റ് അനുകൂലികളായ ഡിയുപിയും റിബല്‍ ലേബര്‍ എംപിമാരും തെരേസ മേയുടെ ഉടമ്പടിയെ പിന്തുണയ്ക്കുമെന്ന ധാരണയിലാണ് ഇതിന് കോക്‌സ് പദ്ധതിയിടുന്നത്. ബാക്ക്‌സ്റ്റോപ്പ് നടപ്പാക്കപ്പെട്ടാല്‍ ഇതിന് പകരം പദ്ധതികള്‍ കൊണ്ടുവന്ന് അതിനെ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയുമോ എന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. കസ്റ്റംസിലെ ഉഭയകക്ഷി ധാരണകളും അന്താരാഷ്ട്ര വ്യാപാരവും ഒരുമിപ്പിച്ചു കൊണ്ടുള്ള സാങ്കേതിക പരിഹാരമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

വളരെ ശ്രദ്ധോടെ വേണം ഇത് തയ്യാറാക്കാന്‍. ബ്രിട്ടന് ഏകപക്ഷീയമായ രക്ഷപ്പെടല്‍ അനുവദിക്കുന്ന ഒന്നായി ഇത് തോന്നരുത്. അതോടൊപ്പം യുകെയെ ഈ സംവിധാനത്തില്‍ തളച്ചിടുന്ന ഒന്നായി മാറുകയും ചെയ്യരുത്. അതിനാല്‍ത്തന്നെ അല്‍പം ബുദ്ധിമുട്ടേറിയ ഒന്നാണ് ഇത്. നിയമ സാധുതയുള്ളതും വിശ്വസനീയവുമായ ഒന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ബാക്ക്‌സ്റ്റോപ്പ് ഒരു തടവറയല്ലെന്ന് എംപിമാരെ ബോധ്യപ്പെടുത്താന്‍ കോക്‌സിന് സാധിക്കുകയും വേണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.