ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ വൈറസ് ബാധയെത്തുടന്ന് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സഹായിക്കാനായി ഗവൺമെന്റ് അയച്ച ഭക്ഷ്യ കിറ്റുകൾ കണ്ട് ജനങ്ങൾ ഞെട്ടി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി ആയിരുന്നു കിറ്റ് വിതരണം ചെയ്തത്. സിസ്റ്റിക് ഫൈബ്രോസിസ്, ആസ്മ, രക്താർബുദം എന്നീ രോഗങ്ങൾ ഉള്ളവരും വൈറസ് ബാധിച്ച് വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയാത്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു.

ഇതേസമയം റോച്ച്‌ഡേലിൽ നിന്ന് വന്ന പാസ്താ, പഴം, റെഡി മീൽ ബോക്സുകളിൽ കാണാനായത് ആപ്പിളും ചോക്ലേറ്റ് ബാറുകളും ഡ്രൈ നൂഡിൽസും. ഇതിനു പുറമേ അടിയന്തരമായി കിറ്റുകൾ ആവശ്യപ്പെട്ട 129 പേരിൽ 44 പേർക്ക് മാത്രമുള്ള കിറ്റുകളേ വിതരണത്തിനായി ലഭിച്ചുള്ളൂ.

റോച്ച്‌ഡേലിൽ ലഭിച്ച കിറ്റുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്കാൾ ഗുണനിലവാരം കുറവാണെന്നു മനസിലാക്കിയ കൗൺസിൽ ഇത് മെച്ചപ്പെടുത്തുന്നതിനായി റൊട്ടി, പാൽ, മാംസം, പഴം എന്നീ വസ്തുക്കളും അവയോടൊപ്പം നൽകാൻ തുടങ്ങി. അയക്കുന്ന ഭക്ഷ്യ പാക്കേജുകളുടെ നിലവാരം മെച്ചപ്പെടുത്താൻ കൗൺസിൽ നേതാവായ അലൻ ബ്രെറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കുറച്ച് മോശമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും, പക്ഷേ പാഴ്സലുകളുടെ നിലവാരം ജനങ്ങൾ പ്രതീക്ഷിക്കുന്നവയല്ല എന്നും അദ്ദേഹം പറഞ്ഞു.

റോച്ഡെയ്ൽ, മിഡിൽടൺ, ഹെയ്‌വുഡ്, പെന്നൈൻസ് എന്നീ സ്ഥലങ്ങളിലായി അടിയന്തര ഭക്ഷണ പാഴ്സലുകളുടെയും അവശ്യവസ്തുക്കളുടെയും വിതരണം സംഘടിപ്പിക്കുന്നതിനായി നാല് ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട് ഈ സംവിധാനം വഴി സമൂഹത്തിലെ ദുർബലരായവരെ ഒരുപരിധിവരെ സർക്കാരിന് സഹായിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പിന്തുണ വേണ്ടവർ 01706 923685. എന്ന നമ്പറിൽ ബന്ധപ്പെടുക.