പോളണ്ടിലെ ഈ പള്ളി ഒരുപക്ഷേ ഇതുവരെ നമ്മള്‍ കേട്ടിട്ടും, കണ്ടിട്ടും ഇല്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒന്നാണ്. കാരണം ഈ പള്ളിയുടെ അള്‍ത്താരയും ചുവരുകളും മറ്റും ഉണ്ടാക്കിയിട്ടുള്ളത് സിമന്റും, മരവും, കല്ലുമൊന്നും കൊണ്ടല്ല. മറിച്ച് മനുഷ്യരുടെ തലയോട്ടിയും, അസ്ഥികളും കൊണ്ടാണ്. ഒന്നും രണ്ടുമല്ല ആയിരകണക്കിന് അസ്ഥികളും, തലയോട്ടികളുമാണ് അവിടത്തെ ചുവരുകളിലും, തൂണുകളിലും പതിച്ച് വച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു, അല്ലെ? ഒരു പള്ളിയില്‍ നമ്മള്‍ ഒട്ടും കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാണ് ഇത്. ആരാണ് ഈ പള്ളി പണിതത്? എന്തിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തത് എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഇത് കാണുന്ന ആരുടേയും മനസ്സില്‍ തോന്നാം.

സ്‌കള്‍ ചാപ്പല്‍ എന്നറിയപ്പെടുന്ന ഈ പള്ളി പണിതത് ടോമാ സെക് എന്ന പുരോഹിതനാണ്. 1776-ല്‍, അമേരിക്ക ഇംഗ്ലണ്ടില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍, അമേരിക്കന്‍ വിപ്ലവത്തിലും, പ്ലഗ്ഗ്, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ മൂലവും മൃതദേഹങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പുരോഹിതന്‍പള്ളി പണിയാന്‍ പദ്ധതി ഇട്ടത്. തികച്ചും വ്യത്യസ്തമായിരിക്കണം തന്റെ പള്ളി എന്ന് നിശ്ചയിച്ച പുരോഹിതന്‍ അത് അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു.

ചെക്ക് പുരോഹിതനും, ശവകുഴിയെടുക്കുന്ന ടോമാസെക്കും ജെ. ലാംഗറും ചേര്‍ന്ന് 1776 മുതല്‍ 1794 വരെ 18 വര്‍ഷമെടുത്തു അടക്കിയ ശവശരീരങ്ങള്‍ മുഴുവന്‍ പുറത്തെടുത്തു. അങ്ങനെ 24,000 ത്തോളം മനുഷ്യ അസ്ഥികൂടങ്ങള്‍ ശേഖരിക്കാനും വൃത്തിയാക്കാനും ക്രമീകരിക്കാനും അവര്‍ക്കായി. ഭൂരിഭാഗം അസ്ഥികൂടങ്ങളും പള്ളിയുടെ അടിയില്‍ 16 അടി ആഴത്തിലുള്ള ഒരു നിലവറ ഉണ്ടാക്കാനായി നീക്കിവച്ചപ്പോള്‍, ബാക്കിയുള്ളവ ടോമാസെക് പ്രദര്‍ശിപ്പിച്ചു. 3000 ആളുകളുടെ തലയോട്ടികളും, അസ്ഥികളും ഉപയോഗിച്ചാണ് ചുവരുകളും, മച്ചും അലങ്കരിച്ചിട്ടുള്ളത്. തന്റെ കലാസൃഷ്ടിയില്‍ അതീവ സന്തുഷ്ടനായ അദ്ദേഹം അതിനെ ‘നിശ്ശബ്തതയുടെ സങ്കേതം’ എന്ന് വിളിച്ചു. സെഡ്ലെക് ഒസ്സുറി എന്നും ഇതിന് പേരുണ്ട്.

ആ കാലഘത്തില്‍ ശവശരീരങ്ങള്‍ കണ്ടെത്താന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. മുപ്പതുവര്‍ഷത്തെ യുദ്ധം, പിന്നാലെ വന്ന ഏഴുവര്‍ഷത്തെ യുദ്ധം, കത്തോലിക്കാ, ഹുസൈറ്റ്, പ്രൊട്ടസ്റ്റന്റ്, ചെക്ക്, ജര്‍മന്‍കാര്‍ എന്നിവര്‍ തമ്മില്‍ അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായ നിരവധി ഏറ്റുമുട്ടലുകള്‍, പതിവായി നൂറുകണക്കിന് ആളുകളെ കൊന്ന കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ എന്നിവ ആ പ്രദേശത്തെ ഒരുശവപ്പറമ്പാക്കി മാറ്റി. നായ്ക്കള്‍ എല്ലുകള്‍ കുഴിക്കാന്‍ പോയ സ്ഥലങ്ങള്‍ കണ്ടാണ് ടോമാസെക് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്.

ദൈവത്തിന് കുര്‍ബാന അര്‍പ്പിക്കേണ്ട അള്‍ത്താരയില്‍ ടാര്‍ട്ടാര്‍ യോദ്ധാവിന്റെ തലയോട്ടിയും, സെര്‍മ മേയറുടെയും ഭാര്യയുടെയും തലയോട്ടിയും സൂക്ഷിച്ചിരിക്കുന്നു. ഇതിന് പുറമെ ബുള്ളറ്റ് ദ്വാരങ്ങളുള്ള തലയോട്ടികള്‍, സിഫിലിസ് മൂലം അഴുകിയ തലയോട്ടി, ഒരു ഭീമന്റെ തലയോട്ടി എന്തിനേറെ ഇത് പണിയാന്‍ മുന്‍കൈയെടുത്ത പുരോഹിതന്റെ തലയോട്ടി വരെ അതിലുണ്ട്. യുദ്ധത്തിലും രോഗത്തിലും മരിച്ച ആളുകള്‍ക്ക് ഒരു സ്മാരകമായ ഈ ചാപ്പല്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഇവിടെ വരുന്നത്.