തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സഹോദരങ്ങള്‍ മൊഴിമാറ്റുന്നു. ഷെഫീഖ് അല്‍ ഖാസിമി ബെംഗളൂരുവിലേക്ക് കടന്നെന്നും ഇല്ലെന്നും കാണിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് കസ്റ്റഡിയിലുള്ള സഹോദരങ്ങള്‍ നല്‍കുന്നത്. ഇതിനിടെ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമായി.

കേസെടുത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഷെഫീഖ് അല്‍ ഖാസിമി എവിടെയെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തമായ സൂചനകളൊന്നുമില്ല. അതിനിടയിലാണ് പൊലീസിനെ വട്ടം ചുറ്റിച്ച് സഹോദരങ്ങളുടെ ആസൂത്രിത മൊഴിമാറ്റം. തൃപ്പൂണിത്തുറയില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അല്‍ അമീന്‍ എന്ന സഹോദരന്‍ പറഞ്ഞത് രണ്ട് ദിവസം മുന്‍പ് ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ്. എന്നാല്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത അന്‍സാരി, ഷാജി എന്നീ സഹോദരങ്ങള്‍ പറയുന്നത് കേരളം വിട്ടിട്ടില്ലെന്നും എറണാകുളത്തുണ്ടെന്നുമാണ്. ഉടന്‍ കീഴടങ്ങിയേക്കുമെന്ന സൂചനയും ഇവര്‍ നല്‍കുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ വാഹനം കണ്ടെത്താതിരിക്കാനും സഹോദരങ്ങള്‍ കള്ളം പറഞ്ഞിരുന്നു. വാഹനം ഉപേക്ഷിച്ചത് പെരുമ്പാവൂരിലെന്നാണ് മൊഴി നല്‍കിയതെങ്കില്‍ വൈറ്റിലയില്‍ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ മൊഴിയിലെ കള്ളത്തരം പൊളിക്കാനായി നെടുമങ്ങാട് ഡിവൈ.എസ്.പിയുെട നേതൃത്വത്തില്‍ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം മറ്റൊരു സഹോദരനായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും ഒളിവിലാണെന്ന് കണ്ടതോടെ ഇയാളോടൊപ്പമാവും മുന്‍ ഇമാം രക്ഷപെട്ടതെന്ന വിലയിരുത്തലില്‍ തിരച്ചില്‍ ശക്തമാക്കി.