ന്യൂദല്‍ഹി: ഇന്ത്യ – മ്യാന്‍മര്‍ 17-ാം വിദേശകാര്യ സമ്മേളനത്തില്‍ മ്യാന്‍മറില്‍ നിന്നും പലായനം ചെയ്ത റോഹിംഗ്യകളുടെ തിരിച്ചുവരവും ചര്‍ച്ചാവിഷയമായി. റോഹിംഗ്യസമൂഹം ഏറ്റവും കൂടുതലായി അധിവസിച്ചിരുന്ന റഖിന്‍ പ്രവിശ്യയുടെ ഇന്നത്തെ അവസ്ഥയെകുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മ്യാന്‍മര്‍ വിദേശകാര്യ സെക്രട്ടറി യു മിന്‍ത് തുവും തമ്മില്‍ നടന്ന കൂടിയാലോചനയില്‍ വ്യാപാര വാണിജ്യ ബന്ധങ്ങള്‍, അതിര്‍ത്തി വിഷയങ്ങള്‍, വികസന മേഖലയിലെ സഹകരണം എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഉഭയകക്ഷി ബന്ധം വിശകലനം ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ മ്യാന്‍മര്‍ സന്ദര്‍ശനത്തിലും റോഹിംഗ്യകളുടെ മടങ്ങിവരവ് ചര്‍ച്ചാവിഷയമായിരുന്നു. റഖിന്‍ പ്രവിശ്യയുടെ വികസനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്തിരുന്നു. ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യകളുടെ മടങ്ങിവരവാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയം.
മ്യാന്‍മാര്‍ മിലിട്ടറി ചെക്ക്പോസ്റ്റുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്, 2017 ആഗസ്റ്റില്‍ മ്യാന്‍മര്‍ പട്ടാളം ശക്തമായ രീതിയില്‍ റാഖിനില്‍ ആക്രമണം നടത്തിയിരുന്നു. 7,00,000 റോഹിംഗ്യകളായിരുന്നു അന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. മ്യാന്‍മര്‍ ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഗവണ്‍മെന്റിന്റെ സുരക്ഷാസേനകളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതായി ആരോപണങ്ങളും റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മുസ്ലിം ന്യൂനപക്ഷ സമൂഹമായ റോഹിംഗ്യകളുടെ നേരെ നടന്ന ഈ ആക്രമണത്തെ ‘വംശീയ ശുദ്ധീകരണം’ എന്നു പറഞ്ഞുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന അപലപിച്ചത്.

റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കരാറില്‍ മ്യാന്‍മര്‍ ബംഗ്ലാദേശുമായി ഒപ്പുവെച്ചിരുന്നു. പക്ഷെ ഐക്യരാഷ്ട്ര സംഘടന റാഖിനില്‍ നടത്തിയ സന്ദര്‍ശത്തിനുശേഷം റാഖിന്‍ സുരക്ഷിതമോ താമസയോഗ്യമോ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേര്‍ മാത്രമാണ് അന്ന് മ്യാന്‍മറിലേക്ക് തിരിച്ചെത്തിയത്.

ഇന്ത്യയില്‍ 40,000ത്തോളം റോഹിംഗ്യകളുണ്ടെന്നാണ് കണക്കുകള്‍. പല സമയങ്ങളിലായി മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ ഇവരെ, 2017 ആഗസ്റ്റില്‍ കേന്ദ്രം മടക്കി അയക്കുന്നതിനുള്ള നടപടികള്‍ക്ക് ഒരുങ്ങിയിരുന്നു. ഇന്ത്യ അഭയാര്‍ത്ഥികളുടെ തലസ്ഥാനമല്ലെന്നും റോഹിംഗ്യകള്‍ സുരക്ഷാഭീഷണി ഉണ്ടാക്കുന്നു എന്നെല്ലാമായിരുന്നു കേന്ദ്രത്തിന്റെ വാദങ്ങള്‍.ഇതിനെതിരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ കേന്ദ്രത്തിനു പ്രതികൂലമായ നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. റോഹിംഗ്യകള്‍ക്കുവേണ്ടി മനുഷ്യവകാശ സംഘടനകളും മുന്നോട്ട് വന്നിരുന്നു.

ഇന്ത്യയിലെ റോഹിംഗ്യ ക്യാംപുകളുടെ അവസ്ഥയും പരിതാപകരമാണ്. റോഹിംഗ്യകളെ മടക്കി അയക്കാനുളള കോടതി തടഞ്ഞതിനു പിന്നാലെ ന്യൂദല്‍ഹിയില്‍ റോഹിംഗ്യകളുടെ ക്യാംപുകള്‍ കത്തിനശിച്ചു. ഇതിനു പിന്നില്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ബി.ജെ.പി. യുവസംഘടന നേതാവ് മുന്നോട്ട് വന്നിരുന്നു. ഏപ്രിലില്‍ നടന്ന തീപിടിത്തത്തില്‍ ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പോലും പലര്‍ക്കും നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യ – മ്യാന്‍മര്‍ – ബംഗ്ലാദേശ് ബന്ധത്തില്‍ റോഹിംഗ്യസമൂഹത്തിന്റെ പുനരധിവാസവും അനുബന്ധവിഷയങ്ങളും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.