കൊച്ചി നഗരമധ്യത്തില്‍ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ബോണറ്റില്‍ വീണ യുവാവുമായി 400 മീറ്റര്‍ പാഞ്ഞ് ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ വന്നിറങ്ങിയയുടനെയായിരുന്നു കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. യുവാവുമായി 400 മീറ്ററോളം സഞ്ചരിച്ച കാര്‍ ഒടുവില്‍ അയാളെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ദേശീയപാതയില്‍ ഇടപ്പിള്ളിയില്‍ നിന്നും വൈറ്റിലേക്കുള്ള വഴി വന്ന ടാക്‌സി കാര്‍ ആണ് അപകടമുണ്ടാക്കിയത്.

മരോട്ടിച്ചോട് ജംഗ്ഷന് സമീപത്തേക്ക് ഓട്ടോയില്‍ വന്നിറങ്ങിയ ഉടന്‍ അമിത വേഗത്തിലെത്തിയ കാര്‍ തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് അപകടത്തില്‍പ്പെട്ട യുവാവ്  അറിയിച്ചു. കൊച്ചി സ്വദേശിയായ നിശാന്തിനാണ് പരിക്കേറ്റത്. നിശാന്തും സുഹൃത്തും ഭക്ഷണം കഴിക്കാനായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അപകടം. ആദ്യത്തെ ഇടിയ്ക്ക് ശേഷം കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാര്‍ വീണ്ടും ഇടിയ്ക്കുകയും നിശാന്ത് ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. അതോടെ ഡ്രൈവര്‍ അതേ സ്പീഡില്‍ തന്നെ കാര്‍ മുന്നോട്ടെടുക്കുകയും ചെയ്തു. 400 മീറ്ററോളം മുന്നോട്ടോടിയ ശേഷം ബ്രേക്കിട്ടപ്പോഴാണ് നിശാന്ത് തെറിച്ച് റോഡിലേക്ക് വീണത്.

കാര്‍ നിശാന്തിന്റെ വലതുകാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. രണ്ട് കാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുമായി സംസാരിക്കുകയോ വാക്കുതര്‍ക്കമുണ്ടാകുകയോ മുന്‍ പരിചയമോ ഒന്നുമില്ലെന്ന് നിശാന്ത് പറയുന്നു. 19ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. നിശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ അമിത വേഗത്തിലായിരുന്നതിനാല്‍ തന്നെ കാറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല.