കൊച്ചി: കൊച്ചിയുടെ സ്വപ്‌നസാഫല്യമായി മെട്രോ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. രാവിലെ 11 മണിക്ക് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.15ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം പാലാരിവട്ടത്ത് എത്തും. പാലാരിവട്ടം സ്റ്റേഷനിലാണ് നാട മുറിക്കല്‍. പിന്നീട് പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യും. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരും യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരിക്കും. ഇതിനു ശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. ഉദ്ഘാടന വേദിയില്‍നിന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഒഴിവാക്കാനുള്ള തീരുമാനം വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച മുതലാണ് മെട്രോ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങുന്നത്. നാളെ അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി കെഎംആര്‍എല്‍ സ്‌നേഹയാത്രയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 6 മണിക്കാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10ന് അവസാനിക്കുന്ന സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളകളില്‍ ഉണ്ടാകും. ദിവസവും 219 ട്രിപ്പുകളാണ് നടത്തുക.