സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായത് കണ്ടു കെവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. കെവിന്റെ കണ്ണീരോര്‍മ്മകള്‍ നിറയുന്ന പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവുമുണ്ട്.

കോട്ടയം കരിയംപാടത്ത് നാല്‌സെന്റ് ഭൂമിയിലാണ് നാല് മാസം കൊണ്ട് വീടൊരുങ്ങിയത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സ്വന്തം വീടെന്ന സ്വപ്‌നം സഫലമായിരിക്കുന്നത്.

സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സഹായ ധനവും പിഎം ആവാസ് യോജനയില്‍ നിന്നുള്ള 4 ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവുമെല്ലാം കൂട്ടിയാണ് വീടുപണി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് തറക്കല്ലിട്ടു. മാര്‍ച്ചില്‍ പണി പൂര്‍ത്തിയായെങ്കിലും ലോക്ഡൗണ്‍ മൂലം കഴിഞ്ഞ മാസം അവസാനമാണ് കെവിന്റെ കുടുംബം പുതിയ വീട്ടിലേക്കു മാറിയത്. സ്വന്തമായി ഒരു വീട് എന്നായിരുന്നു കെവിന്റെ സ്വപ്നമെന്ന് അച്ഛന്‍ ജോസഫ് പറയുന്നു. ഇനി മകള്‍ കൃപയുടെ വിവാഹം നടത്തണം.

കെവിന്റെ ഭാര്യ നീനു കേരളത്തിനു പുറത്ത് പഠിക്കുകയാണ്. പതിവായി ഫോണ്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് കെവിന്റെ അമ്മ മേരി പറയുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ നീനുവിനു വരാന്‍ കഴിഞ്ഞിട്ടില്ല.

2018 മെയ് 28നാണ് കെവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ പിതാവും ഹോദരനുമടങ്ങിയ സംഘം കെവിനെ തട്ടിക്കൊണ്ടു പോയി തെന്മല ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.