ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ 80,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ ആദായനികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി. കുറഞ്ഞ വരുമാനക്കാരായവരുടെയും ആദായ നികുതി ഉയര്‍ത്താന്‍ കണ്‍സര്‍വേറ്റീവുകള്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ലേബര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 95 ശതമാനത്തോളം വരുന്ന നികുതി ദായകരെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് ലേബര്‍ പ്രഖ്യാപിക്കുന്നത്. വാറ്റ് വര്‍ദ്ധിപ്പിക്കില്ലെന്ന് നേരത്തേ തന്നെ ലേബര്‍ വ്യക്തമാക്കിയിരുന്നു. അതിനു പുറമേയാണ് 80,000 പൗണ്ടിനു താഴെ വരുമാനമുള്ളവര്‍ക്ക് ആശ്വാസമായി നാഷണല്‍ ഇന്‍ഷുറന്‍സും ഇന്‍കം ടാക്‌സും വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം ലേബര്‍ മുന്നോട്ട് വെക്കുന്നത്.

ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലാണ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയത്. കുറഞ്ഞ നികുതി നിരക്കുകള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ലേബര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുറയ്ക്കണമെന്ന നിര്‍ദേശം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തള്ളിയിരുന്നു.

കുറഞ്ഞതും മധ്യ നിരയിലുമുള്ള വരുമാനക്കാര്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് നികുതി വര്‍ദ്ധനയുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്ന പാര്‍ട്ടിയാണ് ലേബര്‍ എന്ന് മക്‌ഡോണല്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ടാല്‍ നികുതി നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയിരുന്നു. വാറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നയമെങ്കിലും നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിന്റെ നയം എടുത്തുകളയുമെന്ന സൂചനയും കണ്‍സര്‍വേറ്റീവുകള്‍ നല്‍കുന്നുണ്ട്.