ഉത്തര്‍പ്രദേശിലെ അലിഗഢില്‍ 24കാരിയായ നവവധുവിന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി. രചന സിസോധരയെന്ന യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായാണ് പ്രാഥമിക സൂചന. കഴിഞ്ഞ ഡിസംബര്‍ മുതല്‍ യുവതിയെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായിരുന്നതായി പോലീസ് പറയുന്നു.
ഫെബ്രുവരി 25ന് യുവതി ഹൃദയസംബന്ധമായ അസുഖത്താല്‍ മരണമടഞ്ഞതായാണ് നോയ്ഡയിലെ ആശുപത്രിയിലെ രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസകോശത്തില്‍ ചാരത്തിന്റെ അംശം കണ്ടെത്തി. ഇതാണ് യുവതിയെ തീകൊളുത്തി കൊന്നതാണെന്ന സംശയത്തിന് വഴിവെച്ചത്.തങ്ങളുടെ മകളെ ഭര്‍ത്താവ് ജീവനോടെ ദഹിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രചനയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. 70 ശതമാനം പൊള്ളലേറ്റ നിലയിലാണ് രചനയുടെ മൃതദേഹം പോലീസ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രചനയുടെ ഭര്‍ത്താവ് ദെവേഷ് ചൗധരിക്കും (23) മറ്റ് 11 പേര്‍ക്കെതിരേയും കേസെടുത്തു. രചനയെ വീട്ടില്‍ നിന്ന് കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അലിഗഢിലെ ദേവേഷിന്റെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതായി മാതൃസഹോദരന്‍ കൈലാഷ് സിംഗ് പറഞ്ഞു. എന്നാല്‍ അവിടെയെത്തി നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്താനായില്ലെന്ന് ഇയാള്‍ പറഞ്ഞു. ദേവേഷിനെ വിവാഹം കഴിച്ച ശേഷം രചന നോയ്ഡയില്‍ ബിരുദ പഠനം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് കാണിച്ച് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.