അവന്‍ മുമ്പേ പോകുവാ.. മകന്റെ അന്ത്യയാത്രയിൽ അമ്മയുടെ വിടവാങ്ങൽ പ്രസംഗം; കേൾവിക്കാരെ ഈറനണിയിച്ച വാക്കുകൾ, വീഡിയോ കാണാം

അവന്‍ മുമ്പേ പോകുവാ..  മകന്റെ അന്ത്യയാത്രയിൽ അമ്മയുടെ വിടവാങ്ങൽ പ്രസംഗം;  കേൾവിക്കാരെ  ഈറനണിയിച്ച വാക്കുകൾ, വീഡിയോ കാണാം
December 14 08:03 2017 Print This Article

സ്വന്തം മകന്റെ വിയോഗം ദൈവീക പദ്ധതിയായി കണ്ട് സന്തോഷത്തോടെ അവനെ മടക്കിയയക്കാന്‍ ആവശ്യപ്പെടുന്ന ഒരമ്മയെയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച വിനു കുര്യന്‍ എന്ന യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ കൂടി നിന്നവര്‍ കണ്ടത്.

സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് 25 വയസുള്ള തന്റെ മകന്റ മൃതദേഹത്തിന് മുന്നില്‍ ദൈവവിശ്വാസത്തില്‍ കരുത്താര്‍ജ്ജിച്ച് പ്രസംഗിച്ചത്.

‘ഈ കള്ളക്കുട്ടന്‍ ഈ വീടിന്റെ മുറ്റത്തുകൂടി എന്നെ ഒത്തിരി ഓടിച്ച് കളിച്ചതാ, ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുമ്പേ പോകുകാ..അതിന് ആരും സങ്കടപ്പെടേണ്ട..’ നെഞ്ചുവിങ്ങുമ്പോഴും കരുത്തുചോരാതെ, സഹനത്തിന്റെ മൂര്‍ത്തരൂപമായി ആ അമ്മ സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ നാമറിയാതെ കണ്ണുനിറഞ്ഞുതൂവും.. വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മരണപ്പെട്ട വിനു കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി വരെ 58 മണിക്കൂര്‍ 52 മിനുട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തിയാണ് വിനു കുര്യന്‍ ജേക്കബ്‌ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്. 13 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ആയിരുന്നു യാത്ര..തിരുവല്ല കുറ്റൂര്‍ സ്വദേശിയാണ്. അനുജനെയും , സുഹൃത്തിനെയും യാത്രയില്‍ ഒപ്പം കൂട്ടിയാണ് വേഗതയിലെ രാജകുമാരന്‍ തന്റെ സ്വപ്നം നേടിയെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30 സുഹൃത്തിനെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിലേക്കു ബൈക്കില്‍ വരുകയായിരുന്നു വിനു. എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ്‌ കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ്‌ ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്.ഇളയ സഹോദരന്‍ ക്രിസ് ജേക്കബ്‌ തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയും.

വീഡിയോ കാണാം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles