ടോം ജോസ് തടിയംപാട്
ബെല്‍ഫാസ്റ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന കോട്ടയം സംക്രാന്തി സ്വദേശി സാബു തോമസ്‌ പുഴികുന്നേല്‍ (47 വയസ്സ്) ആണ് മരിച്ചത്. കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ആണ് മരണം സംഭവിച്ചത്.

കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സാബുവിന്റെ ആരോഗ്യനില അല്‍പം ഭേദമായപ്പോള്‍ സാബുവിന്റെ ആവശ്യപ്രകാരം തന്നെ വീട്ടിലേക്ക് മാറുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം പൈനാമൂട്ടില്‍ എച്ച്എസ് മൗണ്ട് സ്വദേശിനിയായ ദീപയാണ് ഭാര്യ. ജിസിഎസ്ഇ സെക്കന്റ് ഇയറിന് പഠിക്കുന്ന അലന്‍ ഏക മകനാണ്.
ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് മരണത്തെ പ്രതീക്ഷിച്ച് ജീവിതത്തെ അവസാനമായി സമീപിക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി സാബു. രോഗം ഇടയ്ക്ക് ഭേദമായതായി തോന്നിയപ്പോഴും ജീവിതത്തെ ശാന്തമായി നേരിടാന്‍ സാബു ഏറെ ശ്രദ്ധിച്ചിരുന്നു. താന്‍ മരിച്ചാല്‍ വയ്‌ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്‍പിച്ചിരുന്നു. ഇന്നലെ ആംബുലന്‍സിലേയ്ക്ക് കയറും മുമ്പ് താന്‍ നട്ടു വളര്‍ത്തിയ ചെടികളെയും പൂക്കളെയും ഒരിക്കല്‍ കൂടി കാണുവാനുള്ള മോഹം പ്രകടിപ്പിച്ച സാബുവിനെ ആംബുലന്‍സ് ജീവനക്കാര്‍ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ സാബു ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് സാബുവിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീട്ടിലേക്ക് വന്നത്. എന്നാല്‍ വ്യാഴാഴ്ച രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. അസുഖം കിഡ്‌നിയേയും കരളിനേയും ബാധിച്ചതോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മസ്‌കറ്റില്‍ നിന്നും 10 വര്‍ഷം മുന്‍പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്‍ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ദീപയുടെ ജോലിയുടെ സൗകര്യാര്‍ത്ഥം ബെല്‍ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ബെല്‍ഫാസ്റ്റിലാണ് താമസം.
സാബുവിന് മാതാവിനെ കൂടാതെ മൂന്ന് സഹോദരങ്ങളുള്ളത്. പിതാവ് നേരത്തെ നിര്യാതനായിരുന്നു. സാബുവിന്റെ മരണത്തില്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. യുകെകെസിഎയുടെ നോര്‍ത്തേണ്‍ അയര്‍ലന്റ് ക്‌നാനായ കാത്തലിക് യൂണിറ്റിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സാബു. സാബുവിന്റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സാബുവിന്റെ അന്ത്യാഭിലാഷമനുസരിച്ച് ബെല്‍ഫാസ്റ്റിലെ ഗ്ലെന്‍ഗോമെര്‍ലി പള്ളിയിലായിരിക്കും സംസ്‌കാരം നടക്കുക. സംസ്‌കാര ചടങ്ങുകളുടെ ചെലവ് നോര്‍ത്തണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബ യോഗം വഹിക്കുമെന്ന് സെക്രട്ടറി ടോമി ജോസഫ് അറിയിച്ചു. സൗദിയിലുള്ള സഹോദരന്‍ എത്തേണ്ടതിനാല്‍ തീയതി പിന്നീട് തീരുമാനിക്കും.