ന്യൂയോര്‍ക്ക്: ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ എന്ന ഗാനം ഒരിക്കലെങ്കിലും ആലപിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ ഈ ഗാനത്തിന്റെ പകര്‍പ്പവകാശത്തെച്ചൊല്ലി അമേരിക്കയില്‍ ഒരു കേസ് നിലവിലുണ്ടായിരുന്ന കാര്യം അധികമാര്‍ക്കും അറിയില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ പിറവിയെടുത്ത ഈ ഗാനത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ ഗാനം പുറത്തിറക്കിയ വാര്‍ണര്‍ ചാപ്പല്‍ കമ്പനിയുമായുണ്ടായിരുന്ന കേസാണ് ഒത്തു തീര്‍പ്പാകുന്നത്. 1988ലാണ് വാര്‍ണര്‍ ചാപ്പല്‍ 22 മില്യന്‍ ഡോളറിന് ഈ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത്. സിനിമകളിലും ടെലിവിഷനിലും ഇത് ഉപയോഗിച്ചവരില്‍ നിന്നായി 2 മില്യന്‍ ഡോളര്‍ ഇവര്‍ നേടിയതായും കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ ജില്ലാ ജഡ്ജായ ജോര്‍ജ് എച്ച്. കിംഗ് ഈ ഗാനത്തിന്റെ വരികളുടെ പകര്‍പ്പവകാശം വാര്‍ണര്‍ ചാപ്പലിന് ഇല്ലെന്ന് വിധിച്ചു. ഇതിന്റെ സംഗീതത്തിനു മാത്രമാണ് കമ്പനിക്ക് അവകാശമുള്ളത്. ഈ ഗാനം പൊതുജനങ്ങള്‍ക്ക് പകര്‍പ്പവകാശ ഭീതിയില്ലാതെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഫയല്‍ ചെയ്ത കേസ് അടുത്ത മാസം കിംഗ് പരിഗണിക്കും. ജെനിഫര്‍ നെല്‍സണ്‍ എന്ന ഡോക്യുമെന്ററി നിര്‍മാതാവാണ് പകര്‍പ്പവകാശത്തിനെതിരേ കോടതിയെ സമീപിച്ച ഒരാള്‍. ഈ ഗാനത്തിന്റെ ചരിത്രത്തേപ്പറ്റിയായിരുന്നു ഡോക്യുമെന്ററി. എന്നാല്‍ ചിത്രത്തില്‍ ഈ ഗാനം ഉപയോഗിക്കണമെങ്കില്‍ 1500 ഡോളര്‍ ഫീസായി അടക്കണമെന്നായിരുന്നു നെല്‍സണ് ലഭിച്ച നിര്‍ദേശം. എല്ലാവര്‍ക്കും വളരെ പരിചയമുള്ള, കേട്ടു വളര്‍ന്ന ഗാനത്തിന് പകര്‍പ്പവകാശമുണ്ടെന്നും അത് ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്നുമുള്ള അറിവാണ് നെല്‍സണെയും മറ്രു ചിലരേയും നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചത്.

എണ്‍പതു വര്‍ഷത്തിനു ശേഷമാണ് ഹാപ്പി ബര്‍ത്ത്‌ഡേ സ്വതന്ത്രമാകുന്നത്. വിധിയനുസരിച്ച് 14 മില്യന്‍ ഡോളര്‍ വാര്‍ണര്‍ ചാപ്പല്‍ നഷ്ടപരിഹാരമായി നല്‍കണം. ഇതില്‍ 406 മില്യന്‍ കേസ് നല്‍കിയവര്‍ക്കും ശേഷിക്കുന്നത് ഈ ഗാനം ഉപയോഗിച്ചതിന്റെ പേരില്‍ പകര്‍പ്പവകാശ ഫീസ് നല്‍കിയവര്‍ക്കും ലഭിക്കും. എങ്കിലും അവസാന വിധി വരുന്നതു വരെ ഈ തീരുമാനം നടപ്പാക്കാനാകില്ല. മാര്‍ച്ച് 14നാണ് കോടതി കേസ് പരിഗണിക്കുന്നത്.