ന്യൂജഴ്‌സി: അമേരിക്കയിലെ ചില സ്‌റ്റേറ്റുകളില്‍ നിലവിലുള്ള ബാല വിവാഹം നിരോധിക്കാനുള്ളള ആവശ്യത്തിന് തിരിച്ചടി. മതാചാരങ്ങളെ ഹനിക്കുമെന്ന് കാട്ടി ന്യൂജഴ്‌സി ഗവര്‍ണ്ണര്‍ ഈ ആവശ്യം നിരാകരിച്ചു. 18 വയസില്‍ താഴെ പ്രായമുള്ളവരുടെ വിവാഹം നിയമപരമായി നിരോധിക്കുന്ന ബില്ലാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറായ ക്രിസ് ക്രിസ്റ്റി പാസാക്കാന്‍ തയ്യാറാകാതിരുന്നത്. മതാചാരങ്ങളെ ബാധിക്കുമെന്ന് പറഞ്ഞെങ്കിലും ഏത് മതവിഭാഗത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തനായ വക്താവായി അറിപ്പെടുന്നയാളാണ് ക്രിസ് ക്രിസ്റ്റി.

അമേരിക്കയില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം വ്യാപകമായി നടക്കുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2000ത്തിനും 2010നുമിടയില്‍ 1,70,000 കുട്ടികള്‍ വിവാഹിതരായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 38 സ്റ്റേറ്റുകളില്‍ നിന്നുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 18 വയസാണ് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായപരിധിയെങ്കിലും സ്‌റ്റേറ്റുകളുടെ നിയമങ്ങളിലെ ഇളവുകള്‍ കുട്ടികളുടെ വിവാഹങ്ങള്‍ അംഗീകരിക്കുന്നുണ്ട്. 18 വയസില്‍ താഴെ പ്രായമുള്ളവരുടെ വിവാഹം പൂര്‍ണ്ണമായി നിരോധിക്കുന്ന വിധത്തിലായിരുന്നു ന്യൂജഴ്‌സി ബില്‍ വിഭാവനം ചെയ്തിരുന്നത്.

സ്‌റ്റേറ്റ് ലെജിസ്ലേച്ചര്‍ അവതരിപ്പിച്ച ബില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വീറ്റോ ചെയ്യുകയും തിരിച്ചയക്കുകയുമായിരുന്നു. 16 വയസ് മുതല്‍ പ്രായമുള്ളവരുടെ വിവാഹം അംഗീകരിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ന്യൂജഴ്‌സിയിലെ സമൂഹങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നിഷേധിക്കാന്‍ ആവില്ലെന്നും പ്രസ്താവനയില്‍ ക്രിസ് ക്രിസ്റ്റി പറഞ്ഞു..