ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളുടെ നികുതി നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. അതേസമയം സ്വകാര്യാശുപത്രികള്‍ക്ക് ബിസനസ് നിരക്കുകളില്‍ വലിയ തോതിലുള്ള നികുതിയിളവുകളും ലഭിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 27 ശതമാനത്തിലേറെ സ്വകാര്യാശുപത്രികള്‍ ചാരിറ്റികളായാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ 80 ശതമാനത്തോളം നികുതിയിളവാണ് ഇവയ്ക്ക് ലഭിക്കുന്നത്. 51.9 ദശലക്ഷം പൗണ്ടിന്റെ നികുതിയിളവാണ് ഈ വിധത്തില്‍ സ്വകാര്യാശുപത്രികള്‍ക്ക് ലഭിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പ്രസ് അസോസിയേഷനു വേണ്ടി സിവിഎസ് എന്ന ബിസിനസ് റെന്റ് ആന്‍ഡ് റേറ്റ്‌സ് സ്‌പെഷ്യലിസ്റ്റ് സ്ഥാപനം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്.

ഇത് ഒഴിവാക്കിയില്ലെങ്കില്‍ സ്വകാര്യാശുപത്രികളില്‍ നിന്ന് 241.4 ദശലക്ഷം പൗണ്ടാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നികുതിയിനത്തില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത 1.83 ബില്യന്‍ പൗണ്ടാണെന്നിരിക്കെയാണ് ഇത്. ഏപ്രിലില്‍ നിലവില്‍ വന്ന പുതിയ ബിസിനസ് നിരക്ക് സമ്പ്രദായമനുസരിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എന്‍എച്ച്എസ് ആശുപത്രികള്‍ പ്രതിവര്‍ഷം നല്‍കേണ്ട നികുതിയില്‍ 21 ശതമാനം വര്‍ദ്ധനയുണ്ടാകും. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എന്‍എച്ച്എസിന് ഇത് വലിയ ഭാരമായിരിക്കും.

ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ ചാരിറ്റിയായ നുഫീല്‍ഡ് ഹെല്‍ത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ബിസിനസ് റേറ്റായി നല്‍കേണ്ടി വരുന്നത് 3.2 ദശലക്ഷം പൗണ്ട് മാത്രമായിരിക്കും. ചാരിറ്റബിള്‍ സ്റ്റാറ്റസ് കാരണം അടുത്ത 5 വര്‍ഷത്തേക്ക് ഇവര്‍ക്ക് ലാഭിക്കാനാകുക 12.7 മില്യന്‍ പൗണ്ടാണെന്നും വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 626 സ്വകാര്യാശുപത്രികളിലെ നികുതി വിവരങ്ങളാണ് സിവിഎസ് കൗണ്‍സിലുകളോട് ആവശ്യപ്പെട്ടത്. 457 ആശുപത്രികളുടെ വിവരങ്ങള്‍ ലഭിച്ചു. ഇവയില്‍ 123 എണ്ണം ചാരിറ്റി സ്റ്റാറ്റസ് ഉള്ളവയാണ്.