പാലാ സീറ്റിനായുള്ള പിസി ജോർജിന്റെ പോരാട്ടത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഒടുവിൽ ഇങ്ങനെ ഒരു സമവാക്യത്തിൽ എത്തിയതായാണ് അറിയാൻ കഴിഞ്ഞത്. പത്തനംതിട്ട മണ്ഡലത്തിൽ സുരേന്ദ്രൻ ജയിച്ചാൽ പാലാ സീറ്റ് ഷോൺ ജോർജ്ജിന് നൽകാമെന്ന് ധാരണയായതായി ചില അടുത്ത വൃത്തങ്ങൾ മലയാളംയുകെ ന്യൂസിനോട് പ്രതികരിച്ചു. സുരേന്ദ്രന് നൽകിയ പിന്തുണയുടെ പേരിൽ പിസി ജോർജ്ജ് മകനുവേണ്ടി നേരത്തെ സീറ്റ് ആവശ്യപ്പെടും എന്നു വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ എൻഡിഎയിലേക്ക് ചേക്കേറിയ പിസി ജോർജ്ജ് പത്തനംത്തിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വേണ്ടി മികച്ച പ്രവർത്തനം കാഴ്ച്ചവച്ചിരുന്നു. ഇതിന് പിന്നാലെ സംഘപരിവാർ അനുകൂല പ്രസ്താവനകൾ കൊണ്ട് പിസി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തിൽ മോദി പങ്കെടുത്ത പരിപാടികളിൽ പിസി നിറസാന്നിധ്യം ആയിരുന്നു.

പാലാ നിയമസഭാ മണ്ഡലത്തിൽ തനിക്കുള്ള മുൻതൂക്കം അദ്ദേഹം നേരത്തെ തന്നെ സംസ്ഥാന കമ്മറ്റിയെ അറിയിച്ചിരുന്നു. എന്നാൽ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ഇതിനെ എതിർത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പിസി ജോർജ്ജ് പരുങ്ങലിലായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാർഥിയായി മികച്ച മത്സരം കാഴ്ചവച്ച എൻ ഹരി തന്നെ മത്സരിക്കണം എന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. പക്ഷെ എൽഡിഎഫും യുഡിഎഫും കടുത്ത മത്സരം കാഴ്ചവക്കുന്ന പാലായിൽ ബിജെപി വിജയസാധ്യത ഇല്ല എന്നാണ് പിസിയുടെ ആക്ഷേപം. മറിച്ച് തന്റെ മകൻ മത്സരിച്ചാൽ കേരളാ കോൺഗ്രസിലെ തന്നെ വലിയൊരു ഭാഗം വോട്ട് ലഭിക്കും എന്നാണ് ജോർജ്ജ് സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്.

എന്നാൽ പിസി ജോർജ്ജിന്റെ എൻഡിഎയിലേക്കുള്ള കടന്ന് വരവ് പൂഞ്ഞാറിന് പുറത്ത് സ്വാധീനം സൃഷ്ടിക്കില്ല എന്നാണ് ബിജെപി കോട്ടയം ജില്ലാ കമ്മറ്റി വിലയിരുത്തിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ പിന്തുണക്കുകയും, കൃത്യമായ ഇടവേളകളിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന പിസി ജോർജ്ജ് പാലായിൽ മത്സരരംഗത്ത് വന്നാൽ തങ്ങൾക്ക് ലഭിക്കുന്ന നിക്ഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടും എന്ന് ജില്ലാ കമ്മറ്റി ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ പിസിയുടെ റബ്ബർ കർഷക വിരുദ്ധ പ്രസ്താവനകളും ഇക്കുറി തിരിച്ചടിയായേക്കും എന്നുറപ്പാണ്. കേരളാ കോൺഗ്രസിൽ മാണിയുടെ മകന്റെ രാഷ്ട്രീയ വളർച്ചയെ മക്കൾ രാഷ്ട്രീയം എന്നു ആക്ഷേപിച്ച് പുറത്ത് പോയ പിസി ജോജ്ജ് മകനെ പുതിയ പാർട്ടി രൂപീകരിച്ചു സ്ഥാനാർഥിയാക്കുന്നതിൽ വൻ പരിഹാസം ഉയർന്നു കഴിഞ്ഞു. പാലായിൽ സ്ഥാനാർത്ഥി കൂടി ആകുന്നതോടെ എതിർ പക്ഷം എങ്ങനെ പ്രതികരിക്കും എന്നുള്ള വരും വരായികകൾ കണ്ടറിയണം. എന്തായാലും ഹരിയുടെ നേത്രത്തിൽ ഉള്ള ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗം കൊഴുപ്പിക്കുന്നു