ന്യുഡല്‍ഹി: പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചു വിളിച്ചു. തീവ്രവാദ സംഘടനയായ ജമാഅത്ത് ഉദാവയുടെ തലവന്‍ ഹഫീസ് സയിദിനൊപ്പം പലസ്തീന്റെ പാക് സ്ഥാനപതി വേദി പങ്കിട്ടിരുന്നു. ഇതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സ്ഥാനപതിയെ പിന്‍വലിച്ചത്. സ്ഥാനപതിയുടെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പലസ്തീന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഐക്യരാഷ്ട്ര സഭ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയാണ് ഹഫീസ് സയിദെന്ന് ഇന്ത്യ പ്രതിഷേധ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അത്തരമൊരാള്‍ക്കൊപ്പം പലസ്തീന്‍ പ്രതിനിധി വേദി പങ്കിടുന്നത് സ്വീകാര്യമല്ലെന്നും ഇന്ത്യ പ്രതിഷേധ സന്ദേശത്തില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പലസ്തീന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. റാവല്‍പിണ്ടിയില്‍ വെള്ളിയാഴ്ച നടന്ന പരിപാടിയിലാണ് പലസ്തീന്‍ അംബാസഡര്‍ ഹഫീസ് സെയ്ദിനൊപ്പം വേദി പങ്കിട്ടത്.

ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന യാതൊരു ശക്തികളുമായും സഹകരിക്കില്ലെന്ന് പലസ്തീന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തെ പലസ്തീന്‍ വിലമതിക്കുന്നു. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ദിഫ-ഇ-പാകിസ്ഥാന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച രാവിലെ റാവല്‍പിണ്ടിയില്‍ നടത്തിയ റാലിയിലാണ് പലസ്തീന്‍ അംബാസഡര്‍ വാലിദ് അബു അലി പങ്കെടുത്തത്. ദിഫ-ഇ-പാകിസ്ഥാന്‍ (ഡിഫന്‍സ് ഓഫ് പാകിസ്ഥാന്‍) കൗണ്‍സില്‍ പാകിസ്ഥാനിലെ ഇസ്ലാമിക സംഘടകളുടെ കൂട്ടായ്മയാണ്. സയിദിന്റെ സംഘടനയും കൗണ്‍സിലില്‍ അംഗമാണ്. 2014ലും പലസ്തീന്‍ അംബാസഡര്‍ ഹഫീസ് സയിദുമായി വേദി പങ്കിട്ടിരുന്നു.