ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വ്യക്തിക്ക് മങ്കി പോക്സ് ബാധിച്ചതായി സ്ഥിരീകരിച്ച് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. നൈജീരിയ സന്ദർശനവേളയിൽ ആകാം ഈ വ്യക്തിക്ക് രോഗം പകർന്നതെന്ന് സംശയിക്കപ്പെടുന്നു. രോഗിയെ ഇപ്പോൾ വിദഗ്ധചികിത്സയ്ക്കായി ഗൈസിലെ ഇൻഫെക്ഷൻ ഡിസീസ് സെന്ററിലും, സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയോട് അടുത്തിടപഴകിയവരെ നിരീക്ഷിച്ചുവരികയാണ്. നൈജീരിയയിൽ നിന്നും യുകെയിലേക്ക് രോഗികൾക്കൊപ്പം ഫ്ലൈറ്റിൽ ഉണ്ടായിരുന്ന വരെയും നിരീക്ഷിക്കുന്നുണ്ട്.

മങ്കി പോക്സ് ഒരു അപൂർവ്വ വൈറൽ ഇൻഫെക്ഷൻ ആയതിനാൽ പെട്ടെന്ന് ജനങ്ങൾക്കിടയിലേക്ക് പകരില്ലെന്നും പൊതുജനാരോഗ്യം ഭദ്രമാണെന്നും പിഎച്ച്ഇ അറിയിച്ചു. രോഗി യിലേക്ക് മാത്രമൊതുങ്ങുന്ന ലക്ഷണങ്ങളാണ് പൊതുവെ ഈ രോഗത്തിന്റേത്. രോഗം ബാധിച്ച് ആഴ്ചകൾക്ക് ശേഷം മാത്രമാണ് രോഗി അറിയുന്നത്. പക്ഷേ ചിലരിൽ രോഗം മൂർച്ഛിച്ചതായികാണാം അതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മങ്കി പോക്സ് വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ആഫ്രിക്കയിലാണ് ഈ രോഗം കണ്ടുവരുന്നത്. പൊതുവേ ഈ രോഗം ചികിത്സിക്കാതെ തന്നെ ഭേദമാകാറുണ്ട് എങ്കിലും രോഗം മൂർച്ഛിച്ചാൽ അപകടമാണ്. ശരീരതാപം, തലവേദന, സന്ധിവേദന, നടുവേദന, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.