കൊച്ചി: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആവശ്യത്തിന് പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മറുപടി. ശ്രേഷ്ഠ ബാവ സഭാധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ട പാത്രിയര്‍ക്കീസ് ബാവ മത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു.

ശ്രേഷ്ഠ കതോലിക്കയുടെ ചുമതലയില്‍ തുടരുന്നതിന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സഹായിക്കാന്‍ മൂന്ന് സീനിയര്‍ മെത്രാപൊലീത്തന്മാരെ നിയമിക്കുമെന്നും പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. ശ്രേഷ്ഠ ബാവയുടെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തെ സഹായിക്കാനായി മൂന്ന് മെത്രാപൊലീത്തന്മാരെ നിയമിക്കുന്നത്.

ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, എബ്രഹാം മാര്‍ സേവറിയോസ് എബ്രഹാം മാര്‍ സേവറിയോസ് എന്നീ മെത്രാപ്പോലീത്തമാരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ പരമാധ്യക്ഷന് കത്ത് നല്‍കിയത്.