ചെറുപ്പത്തിലേ കുട്ടികളുടെ മനസില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് ; പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടപ്പിച്ച് മുഖ്യമന്ത്രി.ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കേരളത്തിലെ ഒരു സ്‌കൂളില്‍ നിന്നുള്ള പാഠ പുസ്തകത്തിലാണോ ഇത്ര വര്‍ഗ്ഗീയ വിഷം കുത്തിവച്ചിരിക്കുന്നതെന്ന് എല്ലാവരും ഞെട്ടിപ്പോയ സംഭവമായിരുന്നു ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദമായത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് ആണ് പഠിപ്പിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍ നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌ക്കൂളുകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പീസ് ഫൗണ്ടേഷനിലെ മറ്റ് സ്‌ക്കൂളുകള്‍ക്ക് ബാധകമാണോയെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ വ്യക്തമാകു.

നിലവില്‍ പീസ് സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്.

സ്‌കൂള്‍ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പന്‍, നൂര്‍ഷ കള്ളിയത്ത്, സിറാജ് മേത്തര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആരോപണവിധേയമായ പാഠഭാഗങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുസ്തകത്തില്‍ ഉണ്ടെങ്കിലും അത് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു അന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്‍.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും ചെറുപ്പത്തിലേ കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.