വിമാനത്തിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി വിമാനത്താവളത്തിലെ ഗ്രൗണ്ട് ജീവനക്കാരന് പരിക്ക്. ഗാറ്റ്വിക്ക് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. റഷ്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന റോസിയ എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രമാണ് ഇയാളുടെ കാലിലൂടെ കയറിയിറങ്ങിയത്. കുറച്ചു നേരം വിമാനത്തിന്റെ കീഴില്‍ കുടുങ്ങിയ ഇയാളെ പിന്നീട് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വിശദീകരണം ലഭ്യമായിട്ടില്ല.

സംഭവത്തേത്തുടര്‍ന്ന് വിമാനം ടാര്‍മാക്കില്‍ രണ്ട് മണിക്കൂറോളം കിടന്നു. 200 ഓളം യാത്രക്കാരാണ് വിമാനത്തില്‍ കുടുങ്ങിയത്. പിന്നീട് വിമാനം യാത്ര റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ലണ്ടനില്‍ താമസ സൗകര്യം നല്‍കുകയും ചെയ്തു. വിമാനം റദ്ദാക്കിയതിനേക്കുറിച്ച് യാത്രക്കാര്‍ പലരും സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. റണ്‍വേയിലേക്ക് ടാക്‌സി ചെയ്യുന്നതിനിടെ ഒരു ഗ്രൗണ്ട് ജീവനക്കാരന്റെ മേല്‍ വിമാനം കയറിയെന്നാണ് ക്രൂ വെളിപ്പെടുത്തിയതെന്നാണ് ഒരു യാത്രക്കാരി ട്വീറ്റ് ചെയ്തത്.

വിമാനത്തിനരികില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയതിന്റെ ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. എമര്‍ജന്‍സി സര്‍വീസുകള്‍ വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചില യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റ ജീവക്കാരന്റെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. വൈകുന്നേരം 5.10നാണ് സംഭവമുണ്ടായതെന്നും ഒരാള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും ഗാറ്റ്വിക്ക് വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.