കോഴിക്കോട്: കേരളത്തില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം നടന്നതായി പരാതി. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനാണ് പോലീസ് മര്‍ദ്ദനമേറ്റത്. കുളിമുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും നീ തുണി ഉടുക്കേണ്ടെന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞുവെന്നും അനൂപ് പറഞ്ഞു.

ഒരു കല്യാണവീട്ടില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസുകാരനെ അനൂപ് ചോദ്യം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അനൂപിനെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് അനൂപിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ലോക്കപ്പില്‍ വെച്ച് നഗ്നനാക്കി, ചിലര്‍ തലമുടി മുടി പറിച്ചെടുത്തു, കൈവിരല്‍ ഒടിച്ചതായും അനൂപ് പറഞ്ഞു.

പൊലീസ് ജീപ്പില്‍വെച്ചും തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ചും തന്നെ മര്‍ദ്ദിച്ചത് എ.എസ്.ഐ രഘുവിന്റെ നേതൃത്വത്തിലാണെന്ന് അനൂപ് പറഞ്ഞു. അനൂപിന് മര്‍ദ്ദമേറ്റതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്ത് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍. പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.