ലണ്ടന്‍: യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരെ പരിശോധിക്കാനുള്ള പോലീസിന് അധികാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍. കറുത്ത വംശജരായിട്ടുള്ള ആളുകളാണ് കൂടുതല്‍ ഇത്തരത്തില്‍ പരിശോധിക്കപ്പെടുന്നതെന്നും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവ ആവര്‍ത്തിക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ വെള്ളക്കാരുമായി താരതമ്യേന 9.30 ശതമാനം കറുത്തവര്‍ഗക്കാരാണ് പോലീസ് പ്രത്യേക അധികാരം ഉപയോഗിച്ച് പരിശോധന നടത്തുന്നത്. തികഞ്ഞ വംശീയതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയിടുന്നതിനാണ് പോലീസിന് ഇത്തരമൊരു പ്രത്യേക അധികാരം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശീകരണം. സമീപകാലത്ത് ലണ്ടന്‍ ഉള്‍പ്പെടെയുള്ള യു.കെയുടെ സിറ്റികളില്‍ കത്തിയാക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണ സംഭവങ്ങള്‍ തടയിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസിന് പ്രത്യേക അധികാരം നല്‍കാന്‍ തീരുമാനിച്ചത്. സംശയാസ്പദമായ ഒന്നും കാണാനില്ലെങ്കിലും ഒരാളെ പരിശോധിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ രീതി. മുന്‍പ് അത്തരത്തില്‍ ഒരാളെ പരിശോധിക്കാന്‍ പോലീസിന് വിലക്കുകളുണ്ടായിരുന്നു.

പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത് സമൂഹത്തില്‍ അത്രയേറെ അപകടം സൃഷ്ടിക്കുന്ന ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ തടയിടാന്‍ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. അതേസമയം കറുത്ത വംശജര്‍ക്കെതിരെ ഇത്തരം പരിശോധനകള്‍ ശക്തമാക്കുന്നതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി പ്രതികരിച്ചില്ല. നേരത്തെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ടായിരുന്നുള്ളു. പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഈ അധികാരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നുള്ളുവെന്നതാണ് വസ്തുത. എന്നാല്‍ ഹോം സെക്രട്ടറി സാജിദ് ജാവേദ് ഈ നിയമത്തില്‍ ഭേദഗതി വരുത്തി. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് നിലവില്‍ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ട്.