കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണ വലയത്തില്‍. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിരമിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുരക്ഷാ സംഘത്തെ നയിക്കുന്നത്. ഇവരുടെ സംഘം ഇന്നലെ രാത്രിയോടെ ദിലീപിന്റെ വീട്ടിലെത്തി. സംഘത്തിലെ മൂന്ന് പേര്‍ ദിലീപിനൊപ്പം സിനിമയുടെ ലൊക്കേഷനിലും മറ്റു യാത്രയിലും അനുഗമിക്കും. ലൊക്കേഷനിലും മറ്റുമുള്ള യാത്രയില്‍ ദിലീപിനു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ മറ്റോ ഉണ്ടാവുന്നത് തടയുകയാണ് സുരക്ഷാ ഏജന്‍സിയുടെ ചുമതല. ഇന്നലെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലാണ് തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷാ വാഹനങ്ങളില്‍ സംഘം എത്തിയത്.

നിരവധി സുരക്ഷാ വാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര കാറുകളാണ് ദിലീപിന്റെ വീട്ടിലേത്തിയത്. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. സന്ദര്‍ശകര്‍ അരമണിക്കൂറോളം ദിലീപിനൊപ്പം ചെലവഴിച്ചു. ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പികളാരെണെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇതേക്കുറിച്ച് പൊലീസുകാര്‍ വിവരമറിഞ്ഞത് തന്നെ. സംഘം ആലുവയിലെ ഒരു ഒരു കടയില്‍ നിന്ന് 37,000 രൂപയുടെ ഒരു നിലവിളക്ക് വാങ്ങിയിരുന്നു. അതേസമയം, ദിലീപ് സ്വകാര്യ സുരക്ഷ തേടിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ആയുധങ്ങളുടെ സഹായത്തോടെയാണോ ദിലീപിന്റ സുരക്ഷയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തനിക്ക് സുരക്ഷാഭീഷണി ഉള്ളതായി ദിലീപ് പൊലീസിന് പരാതിയൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ പൊലീസ് ഇതിനെ ഗൗരവമായാണ് കാണുന്നത്.

തണ്ടര്‍ ഫോഴ്‌സ്
വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്ന തണ്ടര്‍ ഫോഴ്‌സ് ഗോവയിലെ പോര്‍വോറിം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ഗോവയിലെ ഹാര്‍വെലിമില്‍ കന്പനിക്ക് സുരക്ഷാ കാര്യങ്ങളില്‍ പഠനവും പരിശീലനവും നല്‍കുന്ന അക്കാഡമിയും തണ്ടര്‍ ഫോഴ്‌സിനുണ്ട്. റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ പി.എ. വല്‍സനാണ് തണ്ടര്‍ഫോഴ്സിന്റെ കേരളത്തിലെ ചുമതല. മലയാളിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അനില്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പോണ്ടിച്ചേരി, ദുബായ് എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സേവനം നല്‍കുന്നുണ്ട്. 50,000 രൂപയാണ് ഭടന്‍മാര്‍ക്കുള്ള പ്രതിഫലം. 24 മണിക്കൂറും ഇവര്‍ ഡ്യൂട്ടിയിലുണ്ടാകും.