തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്.

വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കാൻ സർക്കാര്‍ തുടർച്ചയായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ ഹർജി. സ്യൂട്ട് ഹർജി നൽകാതെ റിട്ട് ഹർജി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. എന്നാൽ ഹൈക്കോടതിയുടെ വിധി തെറ്റാണെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ടെണ്ടറിൽ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടർ തുക കൂട്ടാമെന്ന നിർദ്ദേശവുമായി സർക്കാർ കേന്ദ്രത്തിന് മുന്നിലെത്തിയത്. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുത്ത കെഎസ്ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപ. എന്നാൽ അദാനിയുടെ ടെണ്ടർ തുക നൽകാൻ തയ്യാറാണെന്നായിരുന്നു സർക്കാർ മുന്നോട്ട് വച്ച പുതിയ വാഗ്ദാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാറിന്റേതാണ്.