ലണ്ടന്‍: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ക്വീന്‍സ് സ്പീച്ച് വൈകിയേക്കും. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് തൂക്ക് പാര്‍ലമെന്റ് രൂപീകരിക്കാനുള്ള കണ്‍സര്‍വേറ്റീവ് പദ്ധതി അനന്തമായി നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം.ഡിയുപിയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. അതേസമയം പാര്‍ലമെന്റ് യോഗത്തിന് ആരംഭം കുറിക്കുന്ന ക്വീന്‍സ് സ്പീച്ച് ജൂണ്‍ 19നാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ ഇത് വൈകുമെന്ന ഡൗണിംഗ് സ്ട്രീറ്റ് സൂചന നല്‍കുന്നു.

ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ ഇന്ന് അറിയാമെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിക്കുന്നത്. എന്നാല്‍ ക്വീന്‍സ് സ്പീച്ച് വൈകുന്നതിന് മറ്റൊരു വിചിത്രമായ കാരണം കൂടി കേള്‍ക്കുന്നുണ്ട്. ഗോട്ട്‌സ്‌കിന്‍ പാര്‍ച്ച്‌മെന്റ് പേപ്പറിലാണ് ക്വീന്‍സ് സ്പീച്ച് എന്നപ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ നയപരിപാടികള്‍ എഴുതുന്നത്. ഇതിലെ മഷിയുണങ്ങാന്‍ താമസമുണ്ടെന്നാണ് പുതിയ വിവരം. മുമ്പ് ആട്ടിന്‍ തോല്‍ കൊണ്ടായിരുന്നു ഇത് തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ കട്ടിയുള്ള പേപ്പറാണ് ഉപയോഗിക്കുന്നതെങ്കിലും പേര് അതേവിധത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ പ്രകടനപത്രികയേക്കുറിച്ച്
ടോറി നേതാക്കള്‍ അഭിപ്രായവ്യത്യാസം അറിയിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തേണ്ടതായിരുന്നു എന്ന അഭിപ്രായം അറിയിച്ചു. ക്വീന്‍സ് സ്പീച്ച് 19ന് തന്നെ നടക്കുമോ എന്ന കാര്യം പ്രധാനന്ത്രിയുടെ വക്താവും സ്ഥിരീകരിച്ചിട്ടില്ല.