പ്രളയക്കെടുതി രൂക്ഷമായ ആലുവ, ചാലക്കുടി, പത്തനംതിട്ട, പന്തളം ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നു. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളെത്തിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ദേശീയ സംസ്ഥാന പാതകളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളത്ത് നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു.

മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രാവിലെതന്നെ രക്ഷാപ്രവര്‍ത്തനം സജീവമായി. സൈന്യത്തിന്‍റെ 23 ഹെലികോപ്റ്ററുകളും നാന്നൂറിലധികം ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാരും മല്‍സ്യതൊഴിലാളികളും എല്ലാ സഹായവുമായി ഒപ്പംകൂടി.

പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജനനിരപ്പില്‍ വലിയ മാറ്റമില്ല. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി. ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂര്‍ േദശീയപാത മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി മാറ്റി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. സമാന അനുഭവം ആലങ്ങാട്ടെ ക്യാംപിനുമുണ്ടായി.

ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. പെരിങ്ങല്‍കുത്ത് ഡാം തുടര്‍ച്ചയായ രണ്ടാം ദിവസവും നിറഞ്ഞൊഴുകുന്നു. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ദിവസങ്ങള്‍ക്കുശേഷം ഇന്ന് മഴ മാറിനിന്നു.

കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 164 പേര്‍. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 119 പേര്‍ മരിച്ചു. ഇന്നുമാത്രം 14 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട സീതത്തോട് ഉരുൾ പൊട്ടലില്‍ കാണാതായ മുണ്ടൻപാറ പാട്ടാളത്തറയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.

നെന്മാറയിലും തിരുവിഴാംകുന്നിലും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സുതാലയത്തില്‍ അശോഖന്‍ മരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. തൃശൂരില്‍ ഇന്ന് നാലുപേര്‍ മരിച്ചു. ചാലക്കുടിയില്‍ മരംവീണ് രണ്ട് സ്ത്രീകള്‍ മരിച്ചു. കൊടുങ്ങല്ലൂരിലും ആലവയിലും ഗോതുരുത്തിലും വരന്തരപ്പിള്ളിയിലും ഓരോ മുങ്ങി മരണങ്ങളും ഇന്ന് നടന്നു.

നൂറ്റാണ്ടിലെ മഹാപ്രളയത്തെ സൈന്യത്തിന്‍റെ സഹായത്തോടെ മറികടക്കാനുള്ള തീവ്രശ്രമത്തില്‍ കേരളം….

സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയ ബാധിതമെന്ന് മുഖ്യമന്ത്രി . പത്തനംതിട്ട ,ആലപ്പുഴ ,എ റ ണാകുളം ,തൃശ്ശൂർ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് 12 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ‘ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപിക്കുന്നതിനാണ് മുൻ ഗണന. ഒരു ലക്ഷം ഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്യും .പെരിങ്ങൽകുത്ത് ഡാം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.