വ്യാജ നികുതിപിരിവ്; ബ്രിട്ടീഷ് പൗരന്മാരെ തെറ്റിധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം സജീവമെന്ന് റിപ്പോര്‍ട്ട്, തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യ ആസ്ഥാനമായി

വ്യാജ നികുതിപിരിവ്; ബ്രിട്ടീഷ് പൗരന്മാരെ തെറ്റിധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം സജീവമെന്ന് റിപ്പോര്‍ട്ട്, തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യ ആസ്ഥാനമായി
March 18 06:28 2019 Print This Article

ലണ്ടന്‍: നികുതി പിരിവുകാരുടെ വേഷം കെട്ടി ബ്രിട്ടീഷ് പൗരന്മാരുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡെയില്‍ മെയില്‍ ‘ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു. നികുതി ദായകരെ പേടിപ്പിച്ചും ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വ്യജന്മാര്‍ പണം തട്ടിയെടുക്കുന്നത്. റവന്യൂ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് വ്യാജന്മാര്‍ പണം തട്ടുന്നത്. ഫോണില്‍ നികുതി സംബന്ധിയായ കാര്യം വിളിച്ച് അന്വേഷിച്ച ശേഷം പണം നല്‍കാന്‍ ആവശ്യപ്പെടും. ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ 25,000 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരുമെന്നും ജയില്‍ ശിക്ഷ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുമെന്നും വ്യാജന്മാര്‍ നികുതി ദായകരെ ഭീഷണിപ്പെടുത്തും.

നിലവില്‍ ഇത്തരം 330 കേസുകളാണ് യു.കെയില്‍ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ക്ക് 20,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് പ്രസ്തുത തട്ടിപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ മാനേജര്‍ ഉള്‍പ്പെടെ പത്തിനടുത്ത് തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വെറുമൊരു ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിച്ച് ലക്ഷക്കണക്കിന് പൗണ്ടാണ് ഇവര്‍ തട്ടിയെടുക്കുന്നത്. അമേരിക്കയിലെയും ഓസ്‌ട്രേലിയിയിലെയും നികുതി ദായകരില്‍ നിന്ന് ഇവര്‍ പണം തട്ടുന്നതായിട്ടാണ് സൂചന. അഹമ്മദാബാദ് പോലീസിന് വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഉടന്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചതായിട്ടാണ് മെയില്‍ അധികൃതര്‍ നല്‍കുന്ന സൂചന.

ഇരകളെ കണ്ടെത്തുന്നത് വളരെ സെലക്ടീവായിട്ടല്ല. ഫോണ്‍ നമ്പരുകള്‍ കണ്ടുപിടിച്ചതിന് ശേഷം വിളിക്കുകയും വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പണം തട്ടുകയുമാണ് ഇവരുടെ രീതി. യു.കെ ഫോണ്‍ നമ്പരുകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പണം കൈമാറാന്‍ ആവശ്യപ്പെടുന്ന ബാങ്ക് വിവരങ്ങളും പരമാവധി സുതാര്യമായിട്ടാണ് സൂക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ലേബര്‍ എം.പി ജോണ്‍ മാന്‍ വ്യക്തമാക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles